Connect with us

Malappuram

പച്ചപ്പ് മായാതെ മലപ്പുറം

Published

|

Last Updated

മലപ്പുറം:ജില്ലാ ആസ്ഥാനമായ മലപ്പുറം മണ്ഡലത്തില്‍ മുസ്‌ലിംലീഗിന്റെ തനിയാവര്‍ത്തനങ്ങളുടെ ചരിതമാണ് നിയമസഭാ തിരഞ്ഞെടുപ്പിലുള്ളത്. മദ്രാസ് അസംബ്ലിയുടെ ഭാഗമായത് മുതല്‍ മുസ്‌ലിം ലീഗിനെയാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ തുണച്ചത്. ഈ ചരിത്രത്തിന് മാറ്റം കുറിക്കാനായുള്ള തീവ്ര ശ്രമത്തിലാണ് ഇത്തവണ ഇടതു പാളയം.

1957യില്‍ ലീഗിന്റെ കെ ഹസന്‍ ഗനി 4971 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. തുടര്‍ന്ന് 1960ലും മത്സരിച്ച ഇദ്ദേഹത്തിന്റെ ഭൂരിപക്ഷം 20829 ആയി ഉയര്‍ന്നു. അന്ന് തുടങ്ങിയ വിജയഗാഥ ഇതുവരെ പിന്തുടര്‍ന്ന് വരികയാണ് മുസ്‌ലിംലീഗ്. അഞ്ച് നിയമസഭാ സാമാജികന്‍മാരാണ് രണ്ട് തവണ മത്സരിച്ച് ലീഗിന്റെ സീറ്റില്‍ മലപ്പുറത്ത് നിന്ന് കരകയറിയത്. ഇതില്‍ സി എച്ച് മുഹമ്മദ് കോയ മലപ്പുറത്തിന്റെ പ്രതിനിധിയായിരിക്കെ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയായതും മണ്ഡല ചരിത്രത്തിലെ മറ്റൊരു കഥ. പിതാവ് സി എച്ച് മുഹമ്മദ് കോയയെയും മകന്‍ ഡോ. എം കെ മുനീറിനെയും വിജയിപ്പിച്ച സവിശേഷതയും മണ്ഡലത്തിനുണ്ട്.

1977 ല്‍ മലപ്പുറത്ത് നിന്ന് വിജയിച്ച സി എച്ച് 1979ലാണ് മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുന്നത്. 1957, 60ല്‍ കെ ഹസന്‍ ഗനി, 65, 67ല്‍ എം പി എം അഹമ്മദ് കുരിക്കള്‍, 69ല്‍ ചാക്കീരി അഹമ്മദ് കുട്ടി(ഉപതിരഞ്ഞെടുപ്പ്), 70, 80ല്‍ യു എ ബീരാന്‍, 77ല്‍ സി എച്ച് മുഹമ്മദ് കോയ, 82, 87ല്‍ പി കെ കുഞ്ഞാലിക്കുട്ടി, 91ല്‍ എ യൂനുസ് കുഞ്ഞ്, 96, 2001 വര്‍ഷങ്ങളില്‍ ഡോ. എം കെ മുനീര്‍, 2006ല്‍ അഡ്വ. എം ഉമ്മര്‍, 2011ല്‍ പി ഉബൈദുല്ല എന്നിവരാണ് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മലപ്പുറം നഗരസഭയും മൊറയൂര്‍, പൂക്കോട്ടൂര്‍, കോഡൂര്‍, പുല്‍പറ്റ, ആനക്കയം എന്നീ അഞ്ച് പഞ്ചായത്തുകളും ചേര്‍ന്നതാണ് മലപ്പുറം മണ്ഡലം. പഞ്ചായത്തുകളില്‍ നിലവില്‍ ആനക്കയത്തും പുല്‍പറ്റയിലും ലീഗ് ഒറ്റക്കാണ് ഭരിക്കുന്നത്. മറ്റ് മൂന്ന് പഞ്ചായത്തിലും നഗരസഭയിലും യു ഡി എഫ് സംവിധാനത്തിലാണ് ഭരണം മുന്നോട്ട് പോകുന്നത്. നിലവിലെ സിറ്റിംഗ് എം എല്‍ എ. പി ഉബൈദുല്ല തന്നെയാണ് ലീഗിന്റെ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം മണ്ഡലത്തില്‍ നിന്ന് ജയിച്ചത്. ആകെ 77928 വോട്ട് നേടിയപ്പോള്‍ 44508 വോട്ടിന്റെ കനത്ത ഭൂരിപക്ഷവുമായാണ് ഉബൈദുല്ല വിജയരഥമേറിയത്. ഇടതുപക്ഷ സ്ഥാനാര്‍ഥി ജെ ഡി എസിന്റെ മഠത്തില്‍ സാദിഖലിക്ക് 33420 വോട്ടാണ് ആകെ കിട്ടിയത്. ബി ജെ പി സ്ഥാനാര്‍ഥിയായിരുന്ന കെ വേലായുധന് 3841 വോട്ടും, സ്വതന്ത്ര സ്ഥാനാര്‍ഥിമാരായ അബുത്വാഹിര്‍, പൂക്കോട്ടില്‍ അലി ഹാജി എന്നിവര്‍ക്ക് യഥാക്രമം 2179, 909 വോട്ടുകളും നേടാനായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ ഇ അഹമ്മദിന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി കെ സൈനബയെക്കാള്‍ 36,324 വോട്ട് കൂടുതല്‍ ലഭിച്ചിരുന്നു.

ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നഗരസഭാ തിരഞ്ഞെടുപ്പിലും ലീഗ് വോട്ട് ലീഡ് നിലനിര്‍ത്തിയിരുന്നു. ഇത് നിയമസഭാ തിരഞ്ഞെടുപ്പിലുമുണ്ടാകുമെന്ന കണക്ക് കൂട്ടലിലാണ് മണ്ഡലത്തില്‍ ലീഗ്. സിറ്റിംഗ് എം എല്‍ എ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിയാണ് യു ഡി എഫ് പ്രചരണം. വനിതാ കോളജ്, കോട്ടപ്പടി സ്റ്റേഡിയം നവീകരണം, ചാമക്കയത്ത് പുഴയോര പാര്‍ക്ക്, സിവില്‍ സ്റ്റേഷന് പിറകിലെ ശാന്തിതീരം, മലപ്പുറം ക്യാന്‍സര്‍ സെന്റര്‍, മൊറയൂര്‍ പൂക്കോട്ടൂര്‍, പുല്‍പറ്റ പഞ്ചായത്തുകള്‍ക്കായി സമഗ്ര കുടിവെള്ള പദ്ധതി തുടങ്ങിയവ യു ഡി എഫ് പ്രചരണായുധമായി വിനിയോഗിക്കും. ഏറെ പ്രതീക്ഷയോടെ എത്തിയ ഇഫഌ ക്യാമ്പസ്, പൂര്‍ത്തിയാക്കാത്ത കെ എസ് ആര്‍ ടി സി ടെര്‍മിനല്‍, മലപ്പുറം നഗരത്തിന്റെ ശോച്യാവസ്ഥ, കുന്നുമ്മല്‍-കോട്ടപ്പടി ബൈപ്പാസ് നിര്‍മാണം തുടങ്ങിയ വിഷയങ്ങളിലെ വികസന മുരടിപ്പ് ഉയര്‍ത്തിയാണ് ഇടതുപക്ഷം ഇത്തവണ വോട്ട് തേടുക. കൂടാതെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വിവിധ പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ലീഗ്-കോണ്‍ഗ്രസ് പോരില്‍ ഭിന്നിച്ച് നില്‍ക്കുന്നവരുടെ വോട്ടും ഇടതു തട്ടകത്തിലെത്തുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്. ഇതിനിടയില്‍ ഇരു മുന്നണികള്‍ക്കും ഭീഷണി സൃഷ്ടിക്കാനായി ബി ജെ പിയും കളത്തിലുണ്ട്. മണ്ഡലത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നതിനായി താനൂര്‍ സ്വദേശി ബാദുഷ തങ്ങളെയാണ് ബി ജെ പി രംഗത്ത് ഇറക്കിയിരിക്കുന്നത്.

നിയമസഭയിലെത്തിയവര്‍
1957,1960 കെ ഹസന്‍ ഗനി
1965,1967 എം പി എം അഹമ്മദ് കുരിക്കള്‍
1969 ചാക്കീരി അഹമ്മദ് കുട്ടി
1970, 1980 യു എ ബീരാന്‍
1977 സി എച്ച് മുഹമ്മദ് കോയ
1982, 1987 പി കെ കുഞ്ഞാലിക്കുട്ടി
1991 എ യൂനുസ് കുഞ്ഞ്
1996,2001 ഡോ. എം കെ മുനീര്‍
2006 അഡ്വ. എം ഉമ്മര്‍
2011 പി ഉബൈദുല്ല
2011ലെ ഫലം
പി ഉബൈദുല്ല (മുസ്‌ലിം ലീഗ്) 77928
മഠത്തില്‍ സാദിഖലി (ജെ ഡി എസ്) 33420
അഡ്വ. സാദിഖ് നടുത്തൊടി-
(എസ് ഡി പി ഐ) 3968
കെ വേലായുധന്‍ (ബി ജെ പി) 3841
അബുത്വാഹിര്‍ (സ്വത.) 2179
ആലി ഹാജി (സ്വത.) 909