Connect with us

Gulf

ജി സി സി റയില്‍ പാത 2018ല്‍ പൂര്‍ത്തിയാകില്ല

Published

|

Last Updated

ദോഹ: ജി സി സി രാജ്യങ്ങളെ ബന്ധിപ്പിച്ച് നിലവില്‍ വരുന്ന ദീര്‍ഘദൂര യാത്രാ, ചരക്കു റയില്‍പാത 2018ല്‍ പൂര്‍ത്തിയാകില്ല. വിവിധ ഗള്‍ഫ് നാടുകളില്‍ റയില്‍പാത നിര്‍മാണം പൂര്‍ത്തിയാകാത്തതാണ് കാരണം. അടുത്ത മാസം രാജ്യങ്ങളുടെ പ്രതിനിധികള്‍ യോഗം ചേര്‍ന്ന് പുതിയ സമയക്രമം പ്രഖ്യാപിക്കും. ഖത്വര്‍ റയില്‍ മേധാവികള്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
നിശ്ചിത സമയക്രമത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഖത്വര്‍ സന്നദ്ധമാണെന്നും എന്നാല്‍ മറ്റു ഗള്‍ഫ് നാടുകളില്‍ പദ്ധതി മുന്നോട്ടു പോകാത്ത സാഹചര്യത്തില്‍ ഖത്വറും സമയക്രമം മാറ്റുന്നതിനുള്ള സമ്മര്‍ദത്തിലാണെന്ന് ഖത്വര്‍ റയില്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്ല അല്‍ സുബൈഈ മാധ്യമങ്ങളോട് പറഞ്ഞു. ദോഹ മെട്രോ ടണല്‍ നിര്‍മാണം വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്വര്‍ സന്നദ്ധമാണെങ്കിലും മറ്റു ഗള്‍ഫ് നാടുകള്‍കൂടി തയാറായിട്ടു വേണം കരാര്‍ നടപടികളുമായി മുന്നോട്ടു പോകാന്‍.
നേരത്ത ഖത്വര്‍ റയില്‍ നടത്തിയ പ്രഖ്യാപനം അനുസരിച്ച് 71 കിലോമീറ്റര്‍ ദീര്‍ഘദൂര പാതയാണ് ജി സി സി റയിലിന്റെ ഭാഗമായി ഖത്വറിലുണ്ടാകുക. സഊദി അതിര്‍ത്തിയിലാണ് ഖത്വര്‍ പാത അവസാനിക്കുക. 2030ല്‍ പൂര്‍ത്തിയാകുന്ന രീതിയിലാണ് ഖത്വര്‍ വിവിധ ഘട്ടങ്ങളിലായി പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. ദോഹ മെട്രോയുമായി ബന്ധിപ്പിച്ചാണ് ദീര്‍ഘദൂര ട്രെയിന്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്. എജുക്കേഷന്‍ സിറ്റിയായിരിക്കും ഹബ്. ചരക്കു ഗതാഗതത്തിനു വേണ്ടി പുതിയ പോര്‍ട്ട്, മിസൈഈദ് ഇന്‍ഡസ്ട്രിയല്‍ സിറ്റി എന്നിവിടങ്ങളുമായും ബന്ധിപ്പിക്കും.
2030ല്‍ പൂര്‍ത്തിയാക്കാനുള്ള ഭാവി പദ്ധതിയില്‍ കോസ്‌വേയിലൂടെ ബഹ്‌റൈനിലേക്കുള്ള റയില്‍ പാതിയും ഉള്‍ക്കൊള്ളുന്നു.

---- facebook comment plugin here -----

Latest