Connect with us

Kerala

യുവാവല്ലെന്ന് സ്വയം തോന്നുന്നവര്‍ക്ക് മത്സരരംഗത്തു നിന്ന് സ്വയം പിന്‍മാറാമെന്ന് ഉമ്മന്‍ചാണ്ടി

Published

|

Last Updated

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പിന്‍മാറേണ്ടവര്‍ക്കുപിന്‍മാറാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മത്സരിക്കുന്നവരും പാര്‍ട്ടിയുമാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഒരാളെ നിര്‍ബന്ധിപ്പിച്ചു മത്സരിപ്പിക്കാനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനായി താന്‍ മത്സരരംഗത്ത് നിന്ന് പിന്മാറുകയാണെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞിരുന്നു.
അതേസമയം ടിഎന്‍ പ്രതാപനെ മുന്‍നിര്‍ത്തിയുള്ള കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നീക്കത്തിന് തടയിട്ട് എ ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തി.
സുധീരന്‍ നിലപാട് കടുപ്പിച്ചാല്‍ ഹൈക്കമാന്‍ഡിനെ സമീപിക്കാനാണ് ഇരുകൂട്ടരുടേയും തീരുമാനം.
സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമ ഘട്ടത്തിലേക്ക് കടക്കവെയാണ് നാലുതവണ ജയിച്ചവര്‍ മാറിനില്‍ക്കണമെന്ന നിലപാട് വിഎം സുധീരന്‍ കടുപ്പിക്കുന്നത്. കെസി ജോസഫ്, ആര്യാടന്‍ മുഹമ്മദ്,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങി ഇരു ഗ്രൂപ്പുകളിലേയും പ്രമുഖരെ ഉന്നമിട്ടാണിത്. പ്രതാപന്റേത് വ്യക്തിപരമായ തീരുമാനം മാത്രമാണെന്നാണെന്നും എ ഗ്രൂപ്പ് നേതൃത്വം പറയുന്നു.
എന്നാല്‍ സുധീരനെ അനുകൂലിക്കുന്നവര്‍ ടിഎന്‍ പ്രതാപനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഈ മാസം 26നാണ് കരടുപട്ടിക ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരുന്നത്.