Connect with us

Articles

തിരഞ്ഞെടുപ്പ് @ സോഷ്യല്‍ മീഡിയ

Published

|

Last Updated

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പെയിന്റും ബ്രഷുമെടുത്ത് ചുമരായ ചുമരൊക്കെ ബുക്ക് ചെയ്തും പോസ്റ്ററൊട്ടിച്ചും പ്രചാരണത്തിന് തുടക്കമിട്ടിരുന്നതൊക്കെ ഇപ്പോള്‍ പഴങ്കഥയായി മാറുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിയന്ത്രണങ്ങളും സോഷ്യല്‍ മീഡിയയുടെ ജനകീയതയും പാര്‍ട്ടികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സാമൂഹിക മാധ്യങ്ങളെ ഉപയോഗിക്കാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. ബോര്‍ഡിലെ എഴുത്തുകള്‍ ഫഌക്‌സിലേക്കും അവിടെനിന്ന് ഫേസ്ബുക്ക് വാളിലേക്കും ബ്രഷിന് പകരം ഫോട്ടോഷോപ്പും പ്രചാരണരംഗം കീഴടക്കുന്നു. തന്റെ ചുമരില്‍ അനുമതിയില്ലാതെ എഴുതിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ ഇനി മുതല്‍ അന്യന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് നടത്തിയതിനെക്കുറിച്ചായിരിക്കും. ഏതായാലും ഒരു കാര്യം ഉറപ്പാണ്; തിരഞ്ഞെടുപ്പ് പ്രചാരണം ഇനി പഴയതുപോലെയാകില്ല. ഗ്രാമങ്ങളിലെ പീടികത്തിണ്ണയിലും കലുങ്കിന്റെ മുകളിലും നടന്ന തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ഫേസ്ബുക്കിലേക്കും വാട്ട്‌സ് ആപ്പിലേക്കും മാറിയിരിക്കുകയാണ്. അതിനനുസരിച്ച് പാര്‍ട്ടികളും മാറണമല്ലോ. സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയാകുന്നതോടെ പ്രചാരണ രംഗത്ത് ഇനി ട്രോളുകളുടെയും പോസ്റ്റുകളുടെയും കുത്തൊഴുക്കാണ് കേരളം കാണാന്‍ പോകുന്നത്. കുറേയധികം വാക്കുകള്‍ കൊണ്ട് വ്യക്തമാക്കുന്ന കാര്യങ്ങള്‍ ഒന്നോ രണ്ടോ ചിത്രങ്ങളും വാക്കുകളും ഉപയോഗിച്ച് നിര്‍മിക്കുന്ന ട്രോളുകള്‍ തന്നെയായിരിക്കും സോഷ്യല്‍ മീഡിയയിലെ താരം.
കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചതിനു ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിനാണ് വേദിയൊരുങ്ങുന്നത്. കേരളം ഡിജിറ്റലായിട്ടുണ്ടോ ഇല്ലയോ എന്നത് വേറെ ചര്‍ച്ചയാണെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ പാര്‍ട്ടികളും ഏതാണ്ടൊക്കെ ഡിജിറ്റലായിട്ടുണ്ടെന്നാണ് കാര്യങ്ങള്‍ തെളിയിക്കുന്നത്. ഇടതു-വലതു മുന്നണികളും ബി ജെ പിയും അതിനായി പ്രത്യേക സൈബര്‍ സെല്ലുകള്‍ക്ക് രൂപം നല്‍കിരിക്കുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ സൈബര്‍ സെല്ലുകള്‍ക്ക് രൂപംനല്‍കിയിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലായിരിക്കും യഥാര്‍ഥത്തില്‍ ഈ സെല്ലുകളുടെ പ്രവര്‍ത്തനം ട്രാക്കിലേക്ക് വരിക. തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ വിഷയത്തിനേക്കാളേറെ പ്രാദേശിക വിഷയങ്ങള്‍ക്കാണ് മുന്‍തൂക്കം എന്നതു തന്നെയാണ് ഇതിന് കാരണം. നിയമസഭാ തിരഞ്ഞെടുപ്പിലെ വിഷയങ്ങള്‍ക്ക് ഏതാണ്ട് ഒരേ തലത്തിലുള്ളതായിരിക്കുമെന്നത് ഇത്തരം ഇടപെടലുകള്‍ക്ക് ഒരു ഏകീകൃത രൂപമുണ്ടാക്കാന്‍ പാര്‍ട്ടികള്‍ക്ക് അവസരം നല്‍കുകയാണ്. പാര്‍ട്ടിക്കെതിരായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ കണ്ടെത്തുകയും അതിനുള്ള മറുപടികള്‍ ഏകീകൃത രൂപത്തിലാക്കി നല്‍കുകയുമാണ് ഇത്തരം സൈബര്‍ സെല്ലിന്റെ ചുമതലയിലുണ്ടാകുക. കുറേയധികം സാമൂഹികമാധ്യമങ്ങളുണ്ടെങ്കിലും ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ട്വിറ്റര്‍ ഈ മൂവര്‍സംഘമാണ് മുന്‍പന്തിയില്‍. പല രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ പാര്‍ട്ടിക്ക് സപ്പോര്‍ട്ട് ചെയ്തുകൊണ്ടുള്ള പ്രൊഫൈല്‍ പിക്ചറുമായി രംഗത്തെത്തിക്കഴിഞ്ഞിട്ടുണ്ട്. സ്വന്തം രാഷ്ട്രീയപാര്‍ട്ടിയുടെ വിജയത്തിനായി പ്രവാസികളാണ് നാട്ടിലുള്ളവരേക്കാള്‍ കൂടുതലായി ഇന്ന് സോഷ്യല്‍ മീഡിയയില്‍ രംഗത്തുവരുന്നത്. നാട്ടുകാരേക്കാള്‍ കൂടുതല്‍ ഒഴിവുസമയം ലഭിക്കുന്നു എന്നതുതന്നെയാണ് ഇതിന് കാരണം.
കമ്മീഷന്‍ @ ഓണ്‍ലൈന്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാര്‍ഥികളും പാര്‍ട്ടികളും വ്യാപകമായി സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നതിനാല്‍ ഇതെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണത്തിലായിരിക്കും. ഇതിനായി പുതിയ നിര്‍ദേശങ്ങളും സംവിധാനങ്ങളുമായി കമ്മീഷനും ഒരുങ്ങിയിട്ടുണ്ട്. സ്ഥാനാര്‍ഥിയുടെ ഫേസ്ബുക്ക് അക്കൗണ്ട്, വാട്ട്‌സ്ആപ്പ് നമ്പര്‍ എന്നിവ പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് ആവശ്യമായ തുകയും തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. എസ് എം എസ് പ്രചരണം, ചാനലുകളിലെ പ്രീപോള്‍ പ്രവചചനം എന്നിവയെല്ലാം നേരത്തെ തന്നെ കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. പ്രചാരണ സംബന്ധിയായ ഇടപാടുകളെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓണ്‍ലൈന്‍ വഴിയാക്കിയിരിക്കുകയാണ്. ഇതിനായി മൂന്ന് വെബ്‌സൈറ്റുകള്‍ക്കും കമ്മീഷന്‍ രൂപം നല്‍കിയിട്ടുണ്ട്.
http://e-anumathi.kerala.gov.in,
http://e-pariharam.kerala.gov.in,
http://e-vahanam.kerala.gov.in എന്നിവയാണവ. ഈ സൈറ്റുകള്‍ വഴിയാണ് മൈക്ക് പെര്‍മിറ്റ് ഒഴികെയുള്ള പ്രചാരണ സംവിധാനങ്ങള്‍ക്ക് അനുമതി നല്‍കുക, പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനത്തിനുള്ള അനുമതി, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിയായ പരാതികള്‍ എന്നിവയും ഇനി ഓണ്‍ലൈന്‍ വഴിയാണ് നല്‍കുന്നത്. ലൗഡ് സ്പീക്കര്‍ ഉപയോഗം, വാഹന പ്രചാരണം, ജാഥകളും യോഗങ്ങളും നടത്തുക, ഹെലികോപ്ടറോ ഹെലിപാഡോ ഉപയോഗിക്കുക, കമാനം സ്ഥാപിക്കുക തുടങ്ങി പ്രചാരണത്തിനുള്ള എല്ലാ അനുമതികള്‍ക്കും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പ്രചാരണം @ ഡിജിറ്റല്‍

ഹൈടെക് പ്രചാരണത്തിന് എല്‍ ഡി എഫ് തുടക്കമിട്ട മിസ്ഡ് കോള്‍ സര്‍വീസ് ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. 8826262626 നമ്പറിലേക്ക് മിസ്സടിച്ചാല്‍ മറ്റൊരു നമ്പറില്‍ നിന്ന് ഇടതുപക്ഷത്തിന് വോട്ടഭ്യര്‍ഥിച്ച് പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ വിളിക്കുന്നതാണ് പദ്ധതി. റെക്കോര്‍ഡ് ചെയ്ത പിണറായിയുടെ ശബ്ദമാണ് ഇതുവഴി ജനങ്ങളുടെ കാതുകളിലെത്തുന്നത്. രണ്ടു ദിവസം കൊണ്ട് രണ്ടു ലക്ഷത്തോളം കോളുകള്‍ ഇതിലേക്ക് വിളിച്ചതായി പാര്‍ട്ടി അവകാശപ്പെടുന്നുണ്ട്. വി എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ തുടങ്ങി എല്‍ ഡി എഫ് നേതാക്കളുടെ വോട്ടഭ്യര്‍ഥന ഇതുവഴി അടുത്ത ദിവസങ്ങളില്‍ ജനങ്ങളിലെത്തും. ഫേസ്ബുക്കില്‍ വീഡിയോ ചാറ്റുമായിട്ടാണ് കഴിഞ്ഞദിവസം ഉമ്മന്‍ചാണ്ടി രംഗത്തെത്തിയത്. നിരവധി ആളുകള്‍ ഇതുവഴി സംവദിച്ചിട്ടുണ്ട്. നാളെ പിണറായിയും ഫേസ്ബുക്കില്‍ വീഡിയോ ചാറ്റുമായി രംഗത്തുവരുന്നുണ്ട്. ആയിരക്കണക്കിന് ചോദ്യങ്ങള്‍ കമന്റായി ഇപ്പോള്‍ തന്നെ വന്നിട്ടുണ്ട്.
സര്‍ക്കാറിന്റെ വികസനനേട്ടങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോകളുമായിട്ടാണ് കോണ്‍ഗ്രസിന്റെ വരവ്.’”വളരണം ഈ നാട്; തുടരണം ഈ ഭരണം” എന്ന ടൈറ്റിലില്‍ കേരളത്തിലങ്ങോളമിങ്ങളോം യു ഡി എഫിന്റെ കൂറ്റന്‍ ഫഌക്‌സുകള്‍ ആദ്യമേ സ്ഥാനംപിടിച്ചിട്ടുണ്ട്. മോദി സര്‍ക്കാറിന്റെ വികസനനേട്ടങ്ങളും ഇടതു-വലതു മുന്നണികളുടെ കൊള്ളരുതായ്മകളുമായിട്ടാണ് ബി ജെ പിയുടെ വരവ്. ഇതിനായി കേന്ദ്രത്തിന്റെ സഹായവും പാര്‍ട്ടിക്ക് ലഭിക്കും.
പക്ഷേ, ഇങ്ങനൊയൊക്കെയാണെങ്കിലും ഇത്തരം പ്രചാരണങ്ങളൊക്കെ പൊളിച്ചടക്കാന്‍ മാത്രം സമ്പന്നമാണ് സോഷ്യല്‍ മീഡിയ. മുന്‍കാലങ്ങളില്‍ തങ്ങള്‍ ചെയ്തതും പ്രസംഗിച്ചതുമെല്ലാം ഓര്‍ത്തുവെക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളും പ്രാസംഗികരും. ഫേസ്ബുക്കിന്റെയും വാട്ട്‌സ് ആപ്പിന്റെയും രംഗപ്രവേശത്തോടെ പ്രസംഗങ്ങളെല്ലാം മിനുട്ടുകള്‍ക്കുള്ളില്‍ ഗ്രൂപ്പുകളില്‍നിന്ന് ഗ്രൂപ്പിലേക്ക് വ്യാപിക്കുകയാണ്. തങ്ങള്‍ അങ്ങനെ ചെയ്തില്ല, പറഞ്ഞില്ല എന്ന് നിഷേധിക്കാന്‍ പറ്റാത്തവിധം അത് ജനങ്ങളുടെ ഫോണുകളില്‍ ഇടം പിടിക്കുകയാണ്. കഴിഞ്ഞ യു പി എ സര്‍ക്കാര്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചപ്പോള്‍ ബി ജെ പിയുടെ നേതാക്കള്‍ ബൈക്കുകള്‍ ഉരുട്ടി പ്രതിഷേധിച്ച ചിത്രം ഇപ്പോള്‍ ബി ജെ പി സര്‍ക്കാര്‍ പെട്രോള്‍ വില വര്‍ധിപ്പിക്കുമ്പോഴെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറയും. അതുപോലെ തന്നെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭര്‍ത്താവിന്റെ ഫോട്ടോ വെച്ച് ഭാര്യക്കുവേണ്ടി വോട്ട് ചോദിച്ചപ്പോഴും സോഷ്യല്‍ മീഡിയ അത് പൊളിച്ചടുക്കിയതും ഉദാഹരണങ്ങളാണ്.
അഞ്ചാംതൂണ്‍ @ ജനാധിപത്യം

ജനാധിപത്യത്തിലെ നാലാംതൂണായി അറിയപ്പെടുന്ന മാധ്യമങ്ങളുടെ ഭാഗമാണ് സോഷ്യല്‍മീഡിയയെങ്കിലും, ഇന്ന് അത് വളര്‍ന്ന് നാലാമനെ തിരുത്തുന്നതോ അല്ലെങ്കില്‍ നയിക്കുന്നതോ ആയ അഞ്ചാമനായി വളര്‍ന്നിരിക്കുകയാണ്. രാഷ്ട്രീയ വിഷയങ്ങളില്‍ ചില പാര്‍ട്ടികളുടെ വാലാട്ടികളായി മാധ്യമങ്ങള്‍ മാറുമ്പോള്‍ അതിനെതിരെ ന്യായങ്ങളുമായി വരുന്നത് സോഷ്യല്‍ മീഡിയയാണ്. ആനുകാലികസംഭവത്തില്‍ കേരളത്തിലെ പ്രമുഖ മാധ്യമസ്ഥാപനത്തിന് പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മാപ്പുമായി രംഗത്ത് വരേണ്ടിവന്നത് സോഷ്യല്‍ മീഡിയയുടെ ഇടപെടലുകള്‍ മൂലമാണ്. മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡിനെ തിരുത്തുന്ന ഒരു ജനകീയശക്തിയായി സോഷ്യല്‍ മീഡിയ ഇന്ന് മാറിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ചാനലുകളെയും പത്രങ്ങളെയും ആശ്രയിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സോഷ്യല്‍മീഡിയയില്‍ നിന്ന് മാറിനടക്കല്‍ സാധ്യമല്ല.
ഭാവി @ തിരഞ്ഞെടുപ്പ്‌

ബാലറ്റ് പേപ്പറിന് പകരം വോട്ടിംഗ് മെഷീന്‍ തിരഞ്ഞെടുപ്പ് രംഗത്ത് വരുത്തിയ മാറ്റവും സമയലാഭവും ചെറുതല്ല. ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ട് എണ്ണിത്തീര്‍ത്തിരുന്ന ബാലറ്റുകള്‍, വോട്ടിംഗ് മെഷീനുകള്‍ വരവോടുകൂടി മണിക്കൂറുകള്‍ക്കുള്ളില്‍ ഫലപ്രഖ്യാപനത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. എന്നാല്‍ ഭാവിയില്‍ തിരഞ്ഞെടുപ്പ് ഇതില്‍നിന്ന് മാറുമെന്നതില്‍ സംശയമില്ല. ഓണ്‍ലൈന്‍ വോട്ടിംഗ് എന്നതായിരിക്കും നാളെയുടെ മുഖമുദ്ര. ഇതുവഴി തിരഞ്ഞെടുപ്പിന് ആവശ്യമായി വരുന്ന കോടികളും ലാഭിക്കാനാകും. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒ ടി പി (വണ്‍ ടൈം പാസ്‌വേര്‍ഡ്) നല്‍കിയോ അല്ലെങ്കില്‍ ഡിജിറ്റല്‍ തിരിച്ചറിയല്‍ കാര്‍ഡ് വഴിയോ ഓണ്‍ലൈനായി തിരഞ്ഞെടുപ്പ് നടക്കുന്ന കാലം അതിവിദൂരമല്ല.

Latest