Connect with us

Editorial

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദുര്യോഗം

Published

|

Last Updated

അധികാരത്തിലേക്കുള്ള ജനാധിപത്യ മാര്‍ഗങ്ങള്‍ അപ്രാപ്യമാകുമ്പോള്‍ വളഞ്ഞ വഴി സ്വീകരിക്കുന്നത് ഒരു ശൈലിയായി മാറിയിരിക്കുകയാണ്. അതാണിപ്പോള്‍ അരുണാചലിന് പുറകെ ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബി ജെ പി പയറ്റിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ അധികാരത്തിലുണ്ടായിരുന്ന ഈ സംസ്ഥാനങ്ങളില്‍ അരുണാചലില്‍ ഇതിനകം കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ വിള്ളലുണ്ടാക്കി ഭരണം അട്ടിമറിക്കുകയും തങ്ങളുടെ ബിനാമി സര്‍ക്കാറിനെ ബി ജെ പി വാഴിക്കുകയും ചെയ്തു. 2014ലെ തിരഞ്ഞെടുപ്പിന് ശേഷം അരുണാചലിലെ 60 അംഗ നിയമസഭയില്‍ 47 സീറ്റു നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് നബാം തുക്കിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലേറിയത്. ഇപ്പോഴവിടെ കോണ്‍ഗ്രസ് വിമത-ബി ജെ പി കൂട്ടുകെട്ടാണ് ഭരിക്കുന്നത്. ബി ജെ പി നടത്തിയ കുതിരക്കച്ചവടമാണ് ഈ ഭരണമാറ്റത്തിന് പിന്നില്‍. നവംബറില്‍ മുഖ്യമന്ത്രി നബാം തുകിക്കെതിരേ വിമതശബ്ദമുയര്‍ത്തി ഒരു സംഘം കോണ്‍ഗ്രസ് എം എല്‍ എമാര്‍ രംഗത്തുവരികയും ഡിസംബര്‍ 16ന് ബി ജെ പി അംഗങ്ങളുടെ സഹായത്തോടെ വിശ്വാസ വോട്ടെടുപ്പിലൂടെ സര്‍ക്കാറിനെ പുറത്താക്കുകയുമായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 19ന് കോണ്‍ഗ്രസ് വിമതന്‍ കലിഖോ പുലിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ വരികയും ചെയ്തു.
അരുണാചലിലെ രാഷ്ട്രീയ കുതിരക്കച്ചവടം വിജയിച്ചതോടെ ഉത്തരാഖണ്ഡിലാണ് അടുത്ത പരീക്ഷണം. അവിടെ ഒമ്പത് കോണ്‍ഗ്രസ് എം എല്‍ എമാര്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ രംഗത്തുവന്നിരിക്കുന്നു. പിറകെ പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള അവകാശവാദവുമായി ബി ജെ പി നേതാക്കള്‍ ഗവര്‍ണറെ ചെന്നുകണ്ടത്, എം എല്‍ എമാരുടെ കൂറുമാറ്റത്തിന് പിന്നില്‍ ആരെന്ന് വ്യക്തമാക്കുന്നുണ്ട്. എഴുപതംഗ ഉത്തരാഖണ്ഡ് സഭയില്‍ കോണ്‍ഗ്രസിന് 36 അംഗങ്ങളുണ്ട്. പുരോഗമന ജനാധിപത്യ മുന്നണിയുടെ കൂടി പിന്തുണ ഉണ്ടായിരുന്ന ഹരീഷ് റാവത്ത് 42 അംഗബലത്തിലാണ്് കഴിഞ്ഞ നാല് വര്‍ഷം സംസ്ഥാനം ഭരിച്ചത്. മുന്‍ മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് വിജയി ബഹുഗുണയെ സ്വാധീനിച്ചാണ് ബി ജെ പി ഒമ്പത് എം എല്‍ എമാരെ വശത്താക്കിയത്. മുഖ്യമന്ത്രിക്കസേര നഷ്ടപ്പെട്ട വിജയ് ബഹുഗുണക്ക് ഹരീഷ് റാവത്തിനോടുണ്ടായിരുന്ന നീരസം മുതലെടുക്കുയായരുന്നു. മാര്‍ച്ച് 28നകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് തെളിയിക്കാനായില്ലെങ്കില്‍ നബാം തുക്കിയുടെ ഗതി തന്നെയായിരിക്കും ഹരീഷ് റാവത്തിനും. മണിപ്പൂരിലും 25 എം എല്‍ എമാരെ ബി ജെ പി വലയിലാക്കിക്കഴിഞ്ഞു. ഇവര്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ഇബോബി സിംഗിനെ അട്ടിമറിച്ച് ബി ജെ പിക്കൊപ്പം പോകുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ നേടിയ രണ്ട് സീറ്റാണ് നിയമസഭയില്‍ ബി ജെ പിയുടെ അംഗബലം. 15 വര്‍ഷമായി നിയമസഭയില്‍ അവര്‍ക്ക് പ്രാതിനിധ്യമില്ലായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് അവിടെ വന്‍ഭൂരിപക്ഷമാണ് സംസ്ഥാനത്ത് നേടിയത്. ഈ സാഹചര്യത്തില്‍ നേരായ വഴിയില്‍ ഭരണത്തിലേറാന്‍ സാധ്യമല്ലെന്ന ബോധ്യത്തിലാണ് ബി ജെ പി കുതിരക്കച്ചവടത്തിന് ഒരുമ്പെടുന്നത്.
ലോക്‌സഭയില്‍ നേടിയ വിജയത്തിന്റെ കരുത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിലൂടെ ആധിപത്യം നേടാനാകുമെന്നായിരുന്നു ബി ജെ പി കണക്കുകൂട്ടല്‍. എന്നാല്‍ ഡല്‍ഹി, ബീഹാര്‍ ഫലങ്ങള്‍ ഈ പ്രതീക്ഷ തെറ്റിച്ചു. മോദിയുടെ ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിലും ജനങ്ങള്‍ ബി ജെ പിയെ കൈയൊഴിഞ്ഞു. ഇതോടെയാണ് എല്ലാ രാഷ്ട്രീയ സദാചാരവും കാറ്റില്‍പറത്തി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ പാര്‍ട്ടി ഇറങ്ങിപ്പുറപ്പെട്ടത്. കേന്ദ്രത്തിലെ ഭരണ സ്വാധീനം ഉപയോഗിച്ചാണ് ഈ കളികളെല്ലാം. ഇത്തരം നെറികെട്ട കളികള്‍ക്ക് സൗകര്യമൊരുക്കാനാണ് മോദി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെയെല്ലാം മാറ്റി ബി ജെ പിയോട് കൂറുള്ളവരെ നിയമിച്ചത്. 2010ല്‍ കര്‍ണാടകയില്‍ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാറിന്റെ കാലത്ത് ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയതും ചില ചാനലുകള്‍ അതിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തു വിട്ടതുമാണ്. ജനതാദള്‍ എംഎല്‍ എ ശ്രീനിവാസക്ക് ബി ജെ പി. എം എല്‍ എയായ സുരേഷ് ഗൗഡ 16 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്. ടെലിഫോണ്‍ സംഭാഷണത്തിലൂടെ കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ച ശേഷം ഒരു ഹോട്ടല്‍ മുറിയില്‍ വെച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച. സമാന രീതിയിലായിരിക്കണം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് എം എല്‍ എമാരെ വിലക്കെടുത്തത്.
പാര്‍ലിമെന്റില്‍ ഭൂരിപക്ഷം നിലനിര്‍ത്താന്‍ നരസിംഹറാവു എം പിമാരെ വിലക്കെടുത്തപ്പോള്‍ അതിനെതിരെ പാര്‍ലിമെന്റിനകത്തും പുറത്തും വന്‍കോലാഹലമുണ്ടാക്കുകയും ജനാധിപത്യത്തിന്റെ മരണമെന്ന് വിലപിക്കുകയും ചെയ്ത പാര്‍ട്ടിയാണ് ബി ജെ പി. അവരാണിപ്പോള്‍ എം എല്‍ എമാരെ വിലക്കെടുത്ത് സര്‍ക്കാറുകള ഒന്നൊന്നായി അട്ടിമറിച്ചു ജനാധിപത്യത്തെ കാശാപ്പ് ചെയ്യുന്നത്. വല്ലാത്തൊരു ധാര്‍മികാധഃപതനത്തിലാണിന്ന് ഇന്ത്യന്‍ രാഷ്ട്രീയം.