Connect with us

Kerala

മണിയുടെ മരണം: ദുരൂഹത നീക്കാനാകാതെ അന്വേഷണ സംഘം

Published

|

Last Updated

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ നീക്കാനാകാതെ അന്വേഷണ സംഘം കുഴങ്ങുന്നു. മണിയുടെ ശരീരത്തില്‍ കീടനാശിനി എങ്ങനെ എത്തിയെന്നത് കണ്ടുപിടിക്കാന്‍ കഴിയാത്തതാണ് അന്വേഷണം പ്രതിസന്ധിയിലാക്കുന്നത്. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനായാല്‍ മാത്രമേ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകളുടെ ചുരുളഴിക്കാനാവൂ. മണിയുടെ രക്ത-മൂത്ര സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി ഡല്‍ഹിയിലേക്കയച്ചിട്ടുണ്ട്. മണിയുടെ കരളില്‍ മാത്രമാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. അതിനാല്‍ പാകം ചെയ്യാതെ കഴിച്ച പച്ചക്കറികളില്‍ നിന്നാകാം കീടനാശിനി ശരീരത്തിലെത്തിയതെന്നാണ് നിഗമനം. കീടനാശിനി കുടിക്കുകയോ ബലം പ്രയോഗിച്ച് കുടിപ്പിക്കുകയോ ചെയ്താല്‍ അതിന്റെ സാന്നിധ്യം ശരീരത്തിന്റെ പല ഭാഗത്തും ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
സംഭവത്തിന്റെ അനിശ്ചിതാവസ്ഥ നീക്കുന്നതിന് ഇന്നലെയും മണിയുടെ ബന്ധുക്കളും സുഹൃത്തക്കളുമടക്കം നിരവധി പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. കസ്റ്റഡിയില്‍ കഴിയുന്ന മണിയുടെ സഹായികളായ മൂന്ന് പേരെ രഹസ്യകേന്ദ്രത്തില്‍ കൊണ്ടുപോയി ചോദ്യം ചെയ്തിട്ടും കേസില്‍ വഴിത്തിരിവുണ്ടാക്കുന്ന വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇവരുടെ മൊഴികളില്‍ വൈരുധ്യമുണ്ടെങ്കിലും അത് സ്വാഭാവികമായി സംഭവിച്ചതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അമിത മദ്യപാനം മൂലമുള്ള മരണം, ആത്മഹത്യ, കൊലപാതകം ഇവയില്‍ ഏതാണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് നിലവില്‍ അന്വേഷണ സംഘം.