Connect with us

International

ഒബാമയും റൗള്‍ കാസ്‌ട്രോയും 'ഏറ്റുമുട്ടി'

Published

|

Last Updated

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ക്യൂബന്‍ നേതാവ് റൗള്‍ കാസ്‌ട്രോയും ഹവാനയില്‍ കൂടിക്കാഴ്ചക്കിടെ

ഹവാന: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ചരിത്രപ്രസിദ്ധമായ ക്യൂബന്‍ സന്ദര്‍ശനത്തിനിടെ, ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ ഏറ്റുമുട്ടി. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലും അമേരിക്ക സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികളുടെ പേരിലുമാണ് ഒബാമയും ക്യൂബന്‍ നേതാവ് റൗള്‍ കാസ്‌ട്രോയും ശക്തമായ ഭാഷയില്‍ പരസ്പരം പോരടിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തൊട്ടുകൂടായ്മ അവസാനിപ്പിച്ച് ബന്ധം ശക്തിപ്പെടുത്താന്‍ ഇരു രാജ്യങ്ങളും മുന്നോട്ടുവന്ന സാഹചര്യത്തിലാണ് പുതിയ വാഗ്വാദം.
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പുതിയ ബന്ധത്തെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച ഒബാമ, പക്ഷേ ക്യൂബയുടെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്കെതിരെ ഊര്‍ജിത നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. അമേരിക്ക ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനും ഒത്തുകൂടാനും മതത്തില്‍ വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം അമേരിക്കക്കാരുടെ മാത്രം മൂല്യമല്ല. ലോകം മുഴുവന്‍ അങ്ങനെത്തന്നെയാണ് ഇതിനെ പരിഗണിക്കുന്നത്. ഒബാമ പറഞ്ഞു. കാസ്‌ട്രോ തൊട്ടടുത്ത് നില്‍ക്കുമ്പോഴായിരുന്നു ഹവാനയിലെ കൊട്ടാരത്തില്‍ വെച്ച് ഒബാമയുടെ ഈ പരാമര്‍ശം.
എന്നാല്‍ ഇതിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് റൗള്‍ കാസ്‌ട്രോയും രംഗത്തെത്തി. അമേരിക്കക്ക് ഇരട്ട മുഖമാണുള്ളത്. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണം, സാമൂഹിക സുരക്ഷ എന്നീ വിഷയങ്ങളില്‍ പരാജയപ്പെടുന്ന ഒരു സര്‍ക്കാറിനെ എങ്ങനെ വിശ്വസിക്കും? മനുഷ്യാവകാശത്തെ സംരക്ഷിക്കുന്ന രാജ്യമാണ് ക്യൂബ. ഞങ്ങളുടെ കാഴ്ചപ്പാടില്‍ വ്യക്തിപരവും രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ ഒഴിച്ചുകൂടാനാകാത്തതാണ്. അത് പരസ്പരം ആശ്രയിച്ചുനില്‍ക്കുന്നതും ആഗോള മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ളതുമാണ്- കാസ്‌ട്രോ തിരിച്ചടിച്ചു.
ക്യൂബയിലെ രാഷ്ട്രീയ തടവുകാരെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വളരെ രൂക്ഷമായി അദ്ദേഹം പ്രതികരിച്ചു. അനുചിതമായി ഏതെങ്കിലും വ്യക്തിയെ തടവിലാക്കിയിട്ടുണ്ടെങ്കില്‍ അവരുടെ പേര് വിവരം മാധ്യമപ്രവര്‍ത്തകര്‍ നല്‍കണം. ഇന്ന് രാത്രി തീരുന്നതിന് മുമ്പ് അവരെ മോചിപ്പിച്ചിരിക്കും. രാഷ്ട്രീയ തടവുകാരുടെ പേരുകള്‍ പറയാന്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമം നടത്തിയ ഒബാമയെ അദ്ദേഹം പ്രശംസിച്ചു. പക്ഷേ ഇതെല്ലാം അപര്യാപ്തമാണെന്നും ഗ്വാണ്ടനാമോ ക്യൂബക്ക് തിരിച്ചുനല്‍കാനും അമേരിക്ക ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം നീക്കം ചെയ്യാനും ഒബാമ തയ്യാറാകണമെന്ന് കാസ്‌ട്രോ ആവശ്യപ്പെട്ടു. അമേരിക്ക സൃഷ്ടിക്കുന്ന സാമ്പത്തിക ഞെരുക്കങ്ങള്‍ എല്ലാ മുന്നേറ്റങ്ങളെയും തടസ്സപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest