Connect with us

International

അഭയാര്‍ഥി സംരക്ഷണം: യൂറോപ്യന്‍ യൂനിയന്‍ നടപടിയെ ചോദ്യം ചെയ്ത് ഉര്‍ദുഗാന്‍

Published

|

Last Updated

അങ്കാറാ: യൂറോപ്യന്‍ യൂനിയനെതിരെ കടുത്ത വിമര്‍ശവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രംഗത്ത്. അഭയാര്‍ഥികളെ സംരക്ഷിക്കുന്നതില്‍ ഇ യു തികഞ്ഞ പരാജയമാണെന്നും കുര്‍ദ് തീവ്രവാദികളെ ഇ യു പിന്തുണക്കുകയാണെന്നും ഉര്‍ദുഗാന്‍ ആരോപിച്ചു. തുര്‍ക്കിയില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്നും മാധ്യമ സ്വാതന്ത്ര്യം അവിടെ കടുത്ത വെല്ലുവിളി നേരിടുന്നുവെന്നും ചൂണ്ടിക്കാട്ടി യൂറോപ്യന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതാണ് ഉര്‍ദുഗാനെ പ്രകോപിപ്പിച്ചത്. ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. തന്റെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പടച്ചുണ്ടാക്കുന്നതാണ് ഇവയെന്നും ഉര്‍ദുഗാന്‍ തിരിച്ചടിച്ചു. സര്‍ക്കാര്‍വിരുദ്ധ വാര്‍ത്തകള്‍ നല്‍കിയതിന് തുര്‍ക്കി പത്രം സര്‍ക്കാര്‍ അടച്ചു പൂട്ടിയിരുന്നു.
അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനായി തുര്‍ക്കിയും യൂരോപ്യന്‍ യൂനിയനും വിവാദ കരാറില്‍ ഒപ്പുവെച്ചതിന് പിറകേയാണ് ഈ വാക്‌പോരെന്നത് പ്രധാനമാണ്. യൂറോപ്യന്‍ യൂനിയനില്‍ അംഗത്വം നേടിയെടുക്കുന്നതിന്റെ ഭാഗമാണ് ഇത്തരമൊരു കരാറിന് ഉര്‍ദുഗാന്‍ ഭരണകൂടം വഴങ്ങിയതെന്ന് പല കോണില്‍ നിന്ന് വിമര്‍ശമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഉര്‍ഗുദാന്റെ പുതിയ നിലപാടിന് ഏറെ പ്രാധാന്യമുണ്ട്. സിറിയയുടെ വടക്കന്‍ ഭാഗത്ത് കുര്‍ദുകള്‍ പാശ്ചാത്യ പിന്തുണയോടെ പ്രത്യേക സ്വയംഭരണ മേഖല പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് വിമര്‍ശം.
സിറിയയില്‍ പറക്കല്‍ നിരോധിത മേഖല വേണമെന്ന തങ്ങളുടെ ആവശ്യവും ഇ യു അംഗീകരിച്ചില്ലെന്ന് ഉര്‍ദുഗാന്‍ ആരോപിച്ചു. യൂറോപ്യന്‍ അതിര്‍ത്തികളില്‍ അഭയാര്‍ഥികള്‍ നേരിടുന്ന പീഡനം അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് ഇ യുവുമായി കരാറില്‍ ഒപ്പുവെച്ചതെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. അതേസമയം, കരാര്‍ നിലവില്‍ വന്നിട്ടും നല്ലൊരു ശതമാനം അഭയാര്‍ഥികള്‍ യൂറോപ്പ് വിടാന്‍ തയ്യാറായിട്ടില്ല.

 

Latest