Connect with us

Alappuzha

വെള്ളാപ്പള്ളിയെ പിണക്കി ഷുക്കൂറിന് സീറ്റ് നല്‍കിയേക്കില്ല

Published

|

Last Updated

ആലപ്പുഴ: വെള്ളാപ്പള്ളിയുടെ യു ഡി എഫ്, കോണ്‍ഗ്രസ് വിരോധത്തിനെതിരെ പരസ്യ നിലപാട് സ്വീകരിച്ച് ശ്രദ്ധേയനായ ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂറിന് ഒടുവില്‍, ഇതേ കാരണത്താല്‍ സ്വന്തം പാര്‍ട്ടി സീറ്റ് നിഷേധിക്കുന്നതായി ആക്ഷേപം. യു ഡി എഫിനെ മുള്‍മുനയില്‍ നിര്‍ത്തുകയും മന്ത്രി രമേശ് ചെന്നിത്തലയെ പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്യുന്നത് പതിവാക്കിയ സന്ദര്‍ഭത്തില്‍ വെള്ളാപ്പള്ളിക്കെതിരെ പ്രമേയം പാസാക്കി, സമുദായ നേതൃത്വങ്ങളുടെ അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകള്‍ക്കെതിരെ രംഗത്ത് വരാന്‍ ധൈര്യം കാണിച്ച ആലപ്പുഴ ഡി സി സി പ്രസിഡന്റിന്റെ നിലപാട് എസ് എന്‍ ഡി പി യോഗത്തിനും അതിന്റെ നേതൃത്വത്തിനും വലിയ തിരിച്ചടിയായിരുന്നു.
സ്വന്തം പാര്‍ട്ടി രൂപവത്കരിച്ചതോടെ സി പി എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും പിന്നീട് ഷുക്കൂറിന്റെ മാതൃക സ്വീകരിച്ച് വെള്ളാപ്പള്ളിയുടെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വരികയായിരുന്നു.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പോടെ എസ് എന്‍ ഡി പിയുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് കേരളത്തില്‍ യാതൊരു സ്വാധീനവും ചെലുത്താന്‍ കഴിയില്ലെന്ന് തെളിഞ്ഞതോടെ ഷുക്കൂറിന് പൊതുസമൂഹത്തിനിടയിലും വമ്പിച്ച അംഗീകാരമാണ് ലഭിച്ചുപോന്നത്.
എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് തന്നെ, ഇടതു-വലതു മുന്നണികളുമായി രഹസ്യ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തല്‍ തുടക്കത്തില്‍ ആരും ഗൗരവത്തിലെടുത്തില്ലെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ ഇത് വാസ്തവമാണെന്ന് തെളിയിക്കുന്നതാണ് ആലപ്പുഴയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ബോധ്യമാക്കുന്നത്.
ആലപ്പുഴ, അമ്പലപ്പുഴ സീറ്റുകളില്‍ സി പി എം സ്ഥാനാര്‍ഥികള്‍ക്ക് വിജയസാധ്യത ഉറപ്പാക്കാന്‍ ബി ഡി ജെ എസ് സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇത് സി പി എമ്മിലെ ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.ഇതോടൊപ്പം തന്നെ ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂറിന് സീറ്റ് നല്‍കരുതെന്ന ആവശ്യം കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലും വെള്ളാപ്പള്ളി വെച്ചതായറിയുന്നു.മറ്റു പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കാന്‍ ഷുക്കൂറിന് സീറ്റ് നിഷേധിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സന്നദ്ധമാകുകയായിരുന്നുവെന്നാണ് പൊതുവില്‍ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണം.
ഷുക്കൂര്‍ കഴിഞ്ഞ തവണ മത്സരിച്ച അരൂരില്‍ നടന്‍ സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കം വന്നതോടെ തന്നെ, തനിക്ക് ഇക്കുറി സീറ്റില്ലെന്ന് ഷുക്കൂര്‍ ഏതാണ്ട് ഉറപ്പിക്കുകയായിരുന്നു.എങ്കിലും അമ്പലപ്പുഴ, കായംകുളം തുടങ്ങിയ ഏതെങ്കിലും മണ്ഡലത്തില്‍ സീറ്റ് തരപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയോട് മൃദുസമീപനം പുലര്‍ത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസിനും യു ഡി എഫിനും കനത്ത തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും തുടര്‍ ഭരണം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് വെള്ളാപ്പള്ളിയെ കൈവിടുന്നതിലുള്ള കടുത്ത ആശങ്കയാണ് ഷുക്കൂറിന്റെ മത്സര സാധ്യത ഇല്ലാതാക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Latest