Connect with us

International

ബ്രസല്‍സ് അക്രമണം: ഉത്തരവാദിത്വം ഇസില്‍ ഏറ്റെടുത്തു; ഭീകരരുടെ ചിത്രം പുറത്ത്

Published

|

Last Updated

ഭീകരരുടെ സിസിടിവി ദൃശ്യം

ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ നടന്ന സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം തീവ്രവാദസംഘടനയായ ഇസില്‍ ഏറ്റെടുത്തു. ഇസിലുമായി ബന്ധമുളള അമാഖ് എന്ന ഏജന്‍സിയാണ് ഇത് സംബന്ധിച്ച് ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസ്താവനയിറക്കിയത്.
അതേ സമയം ചാവേര്‍ സ്‌ഫോടനം നടത്തിയ ഭീകരരെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്തുവിട്ടു. ഇരട്ട സ്‌ഫോടനം നടന്ന സാവെന്റം വിമാനത്താവളത്തിലെ സി.സിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ചിത്രങ്ങളാണ് ബെല്‍ജിയം പൊലീസ് പുറത്തുവിട്ടത്. ചാവേറാക്രമണം നടത്തിയ മൂന്നുപേര്‍ ട്രോളികള്‍ തള്ളിക്കൊണ്ടു പോകുന്നതാണ് ചിത്രത്തിലുള്ളത്. ഇതില്‍ രണ്ടുപേര്‍ ചാവേറുകളായിരുന്നെന്നും വിശദീകരണമുണ്ട്. അതേസമയം ആക്രമണങ്ങള്‍ക്ക് പിന്നിലുളള സൂത്രധാരന്‍ എന്ന് കരുതുന്നയാള്‍ക്കായി ബെല്‍ജിയം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ബ്രസല്‍സിലെ സാവെന്റം വിമാനത്താവളത്തില്‍ ഇരട്ട സ്‌ഫോടനമുണ്ടായത്. ഇവിടെ നടന്ന സ്‌ഫോടനത്തില്‍ 14 പേര്‍ മരിക്കുകയും, 81 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ സെന്‍ട്രല്‍ ബ്രസല്‍സിലെ മാല്‍ബീക്ക് മെട്രൊ സ്‌റ്റേഷനില്‍ സ്‌ഫോടനമുണ്ടായി. യൂറോപ്യന്‍ യൂണിയന്റെ ആസ്ഥാനത്തിന് 500 മീറ്റര്‍ അടുത്തുനടന്ന ഈ സ്‌ഫോടനത്തില്‍ 20 പേര്‍ മരിക്കുകയും, 55 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് അടിയന്തിര സാഹചര്യം കണക്കിലെടുത്ത വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് മൂന്നുദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.