Connect with us

Alappuzha

കായംകുളത്ത് സി കെ സദാശിവനെ വെട്ടി; പ്രതിഭാഹരി സി പി എം സ്ഥാനാര്‍ഥി

Published

|

Last Updated

ആലപ്പുഴ: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ജില്ലയിലെ സി പി എം നേതൃത്വത്തില്‍ ഉടലെടുത്ത രൂക്ഷമായ അഭിപ്രായ ഭിന്നതക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റില്‍ പരിഹാരമായി. ഇതനുസരിച്ച് കായംകുളത്ത് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ യു പ്രതിഭാഹരി, ചെങ്ങന്നൂരില്‍ രാമചന്ദ്രന്‍നായര്‍ എന്നിവരെ സ്ഥാനാര്‍ഥികളാക്കാനാണ് തീരുമാനം. നേരത്തെ ഇരുവരുടെയും പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ നേതൃത്വത്തിലുണ്ടായ അഭിപ്രായ ഭിന്നത മൂലം സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയായതോടെ സംസ്ഥാന നേതൃത്വത്തിന് വിടുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് ഇന്നലെ സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ സാന്നിധ്യത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തോമസ് ഐസക്കും പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ കായംകുളം മണ്ഡലത്തില്‍ പ്രതിഭയുടെ പേര് അംഗീകരിക്കുകയായിരുന്നു. രണ്ട് തവണ ഇവിടെ നിന്ന് ജയിച്ച വി എസ് പക്ഷക്കാരനായ സി കെ സദാശിവനെ ഒഴിവാക്കിയാണ് പ്രതിഭഹരിയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമെടുത്തത്. ഏരിയാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും സി കെയുടെ പേര് നിര്‍ദേശിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്.

സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ചേര്‍ന്ന ആദ്യ സെക്രട്ടേറിയറ്റ് യോഗത്തില്‍ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പ്രതിഭ ഹരിയുടെ പേര് നിര്‍ദേശിച്ചപ്പോള്‍ എതിര്‍പ്പുയര്‍ന്നു. പിന്നീട് വീണ്ടും സി കെ സദാശിവന്റെ പേര് ഉയര്‍ന്നുവന്നു. അതിന് ശേഷം കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തില്‍ രജനി ജയദേവിന്റെ പേര് ചിലര്‍ മുന്നോട്ടുവച്ചു. ബി ഡി ജെ എസ് നേതാവ് സുഭാഷ് വാസുവിന്റെ ബന്ധുവായ രജനിയെ പരിഗണിക്കുന്നതിനെതിരെ പ്രതിഷേധമുയരുകയും മണ്ഡലത്തിലുടനീളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. സി കെ സദാശിവനെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.ഇതിനെതിരെ സി പി എം ജില്ലാ കമ്മിറ്റി ശക്തമായ മുന്നറിയിപ്പുമായി രംഗത്ത് വന്നെങ്കിലും തുടര്‍ന്ന് നടന്ന സെക്രട്ടേറിയറ്റ് യോഗത്തിലും ഔദ്യോഗിക പക്ഷത്തിനെതിരെ രൂക്ഷമായ വിമര്‍ശമുയര്‍ന്നു.

ഇതോടെയാണ് കായംകുളം, ചെങ്ങന്നൂര്‍ സ്ഥാനാര്‍ഥി നിര്‍ണയം സംസ്ഥാന കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടത്. അങ്ങനെയാണ് ഇന്നലെ സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ആദ്യം പരിഗണിച്ച പ്രതിഭ ഹരിയെ തന്നെ കായംകുളത്ത് മത്സരിപ്പിക്കാന്‍ ധാരണയായത്. എതിര്‍പ്പുയര്‍ന്നെങ്കിലും ചെങ്ങന്നൂരില്‍ കെ കെ രാമചന്ദ്രന്‍നായരെ തന്നെ മത്സരിപ്പിക്കാനും ധാരണയായി.
2001 ല്‍ ചെങ്ങന്നൂരില്‍ ശോഭന ജോര്‍ജിനോട് മത്സരിച്ച് പരാജയപ്പെട്ട രാമചന്ദ്രന്‍ നായരെ മത്സരിപ്പിക്കുന്നതിനെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടക്കത്തില്‍ ജില്ലാ സെക്രട്ടറി സജി ചെയറിയാനെയാണ് ഇവിടെ സ്ഥാനാര്‍ഥിയായി പരിഗണിച്ചതെങ്കിലും സംസ്ഥാന കമ്മിറ്റി അംഗീകരിക്കാതിരുന്നതിനാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി സി വിഷ്ണുനാഥിനോട് പരാജയപ്പെട്ട സി എസ് സുജാതയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു.എന്നാല്‍ അവസാന നിമിഷം ഇവരെയും ഒഴിവാക്കിയാണ് രാമചന്ദ്രന്‍ നായരെ സ്ഥാനാര്‍ഥിയാക്കിയത്.വി എസിന്റെ വിശ്വസ്തന്‍ കൂടിയായി അറിയപ്പെടുന്ന രാമചന്ദ്രന്‍ നായര്‍ക്ക് മണ്ഡലത്തില്‍ ഏറെ സ്വാധീനമുണ്ട്.
സി കെ സദാശിവനെ ഒഴിവാക്കിയതിലൂടെ ജില്ലയിലെ മറ്റ് സി പി എം സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച ഇളവ് അദ്ദേഹത്തിന് മാത്രം നിഷേധിച്ചതായി പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ ആക്ഷേപമുണ്ട്.കടുത്ത വി എസ് പക്ഷക്കാരനായ സദാശിവന് ഇതേ കാരണം കൊണ്ട് മാത്രമാണ് സീറ്റ് നഷ്ടപ്പെട്ടതെന്നും ആക്ഷേപമുണ്ട്.ആലപ്പുഴയില്‍ ഡോ ടി എം തോമസ് ഐസക്ക്, അമ്പലപ്പുഴയില്‍ ജി സുധാകരന്‍, അരൂരില്‍ എ എം ആരിഫ്, മാവേലിക്കരയില്‍ ആര്‍ രാജേഷ് എന്നിവരാണ് സി പി എമ്മിന്റെ ജില്ലയിലെ മറ്റു സ്ഥാനാര്‍ഥികള്‍.ചേര്‍ത്തല, ഹരിപ്പാട് എന്നീ സീറ്റുകള്‍ സി പി ഐക്കും കുട്ടനാട് എന്‍ സി പിക്കുമാണ് നല്‍കിയിട്ടുള്ളത്.

---- facebook comment plugin here -----

Latest