Connect with us

Kozhikode

ലീഗ് സീറ്റ് തര്‍ക്കം:കുന്ദമംഗലം, ബാലുശ്ശേരി സീറ്റ് വെച്ചുമാറിയേക്ക

Published

|

Last Updated

തിരുവനന്തപുരം: സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്ത നാല് സീറ്റിന്റെ കാര്യത്തിലും മുസ്‌ലിംലീഗും കോണ്‍ഗ്രസും തമ്മില്‍ ധാരണയിലേക്ക്. ആര്‍ എസ് പിക്ക് നല്‍കുന്ന ഇരവിപുരത്തിന് പകരം ചടയമംഗലം സീറ്റ് ലീഗിന് നല്‍കും. കുന്ദമംഗലം ബാലുശ്ശേരി സീറ്റുകള്‍ പരസ്പരം വെച്ചുമാറുകയെന്ന നിര്‍ദേശത്തിനും ഇന്നലത്തെ ചര്‍ച്ചയില്‍ മുന്‍തൂക്കം ലഭിച്ചു. കുറ്റിയാടി, ഗുരുവായൂര്‍ സീറ്റുകളില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കും.

സീറ്റുകളുടെ കാര്യത്തില്‍ ഇനി കൂടിക്കാഴ്ചയുടെ ആവശ്യമില്ലെന്നും ഫോണില്‍ സംസാരിക്കേണ്ട വിഷയമേ ബാക്കിയുള്ളുവെന്നും ഇന്നലെ രാവിലെ നടന്ന ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം മന്ത്രിയും ലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
ബാലുശ്ശേരി കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുത്ത് യു സി രാമനെ ഇവിടെ മത്സരിപ്പിക്കാനാണ് ലീഗിലെ ആലോചന. സമാനമായ രീതിയില്‍ കുറ്റിയാടി, നാദാപുരം സീറ്റുകള്‍ പരസ്പരം വെച്ചുമാറാന്‍ ആലോചന നടന്നെങ്കിലും സമവായസാധ്യതയില്ലാതെ വന്നതോടെ ഉപേക്ഷിക്കുകയാണ്. കോണ്‍ഗ്രസിന് ലഭിക്കുന്ന കുന്ദമംഗലം സീറ്റില്‍ ടി സിദ്ദിഖോ, കെ സി അബുവോ സ്ഥാനാര്‍ഥിയാകും. ലീഗിന് ലഭിക്കുന്ന ചടയമംഗലം സീറ്റില്‍ മുസ്്‌ലീം ലീഗിലെത്തിയ മുന്‍ ഡി വൈ എഫ് ഐ നേതാവ് ശ്യാംസുന്ദറാകും സ്ഥാനാര്‍ഥി.

അതേസമയം, 15 സീറ്റിനുപുറമെ ഒരു സീറ്റ് പോലും അധികം നല്‍കാന്‍ ആകില്ലെന്ന് കേരളാ കോണ്‍ഗ്രസ് എമ്മിനെ കോണ്‍ഗ്രസ് അറിയിച്ചു. മൂന്ന് സീറ്റുകള്‍ അധികമായി വേണമെന്നാണ് കേരളാ കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടിരുന്നത്. നേമത്ത് മത്സരിക്കാന്‍ ആകില്ലെന്ന് ജെ ഡി യു കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. പകരം കോവളമാണ് ജെ ഡി യു ആവശ്യപ്പെടുന്നത്. അമ്പലപ്പുഴ സീറ്റ് ജെ ഡി യുവിന് നല്‍കുന്നതും കോണ്‍ഗ്രസിന്റെ പരിഗണനയിലാണ്. അങ്കമാലി സീറ്റു നല്‍കാനാകില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു.

ജോണി നെല്ലൂരിനു പകരം സീറ്റോ സ്ഥാനമോ നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, അങ്കമാലി സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ജോണി നെല്ലൂര്‍ കടുത്ത നിലപാടിലേക്ക് നീങ്ങുമെന്നാണ് സൂചന. മൂവാറ്റുപുഴ സീറ്റില്‍ അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചേക്കും. കേരളാകോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമായി കോണ്‍ഗ്രസ് ഇന്നലെ നടത്താനിരുന്ന ചര്‍ച്ച മാറ്റിവച്ചു. 28നാണ് ഇനി ചര്‍ച്ച നടക്കുക.

---- facebook comment plugin here -----

Latest