Connect with us

Kozhikode

കുറ്റിയാടി മണ്ഡലം: പ്രതീക്ഷയര്‍പ്പിച്ച് ഇരുമുന്നണികളും

Published

|

Last Updated

കോഴിക്കോട്:ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൃഷിപ്പാടങ്ങളും കര്‍ഷകരും കര്‍ഷക തൊഴിലാളികളുമുള്ള പ്രദേശമാണ് കുറ്റിയാടി. വയലുകളും തെങ്ങിന്‍തോപ്പുകളും നിറഞ്ഞ മണ്ഡലം. നിരവധി കാര്‍ഷിക സഹകരണ സംഘങ്ങളും കര്‍ഷക കൂട്ടായ്മകളും ഇവിടെയുണ്ട്. എണ്ണമറ്റ കര്‍ഷക സമരങ്ങള്‍ക്കും മറ്റും സാക്ഷിയായ പ്രദേശം. മതന്യൂനപക്ഷ സംഘനടകള്‍ക്കും എടുത്തുപറയത്തക്ക സ്വാധീനം മണ്ഡലത്തിലുണ്ട്. കുറ്റിയാടിയുടെയും നേരത്തെയുണ്ടായിരുന്ന മേപ്പയ്യൂര്‍ മണ്ഡലത്തിന്റെയും ചരിത്രമെടുത്താല്‍ ഇടത് പ്രസ്ഥാനങ്ങള്‍ക്ക് തന്നെയാണ് രാഷ്ട്രീയ മേല്‍കൈ. കോഴിക്കോടിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ കമ്മ്യൂനിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക്‌വഹിച്ച എം കെ കേളുവും എ കണാരനും മത്തായ് ചാക്കോയുമെല്ലാം ജയിച്ച് കയറിയ മണ്ഡലം. എന്നാല്‍ ചില തിരഞ്ഞെടുപ്പില്‍ വലത്തോട്ടും ചാഞ്ഞ മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് അടക്കമുള്ള കക്ഷികള്‍ക്കും ശക്തമായ വേരോട്ടമുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിലെ പൊതുവിഷയങ്ങള്‍ക്കൊപ്പം കാര്‍ഷിക രംഗത്ത പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പ്രദേശമാണ് കുറ്റിയാടി.

തേങ്ങയുടെയും റബ്ബറിന്റെയുമെല്ലാം വിലയിടിവില്‍ കര്‍ഷകര്‍ നട്ടംതിരിയുന്ന നിലവിലെ അവസ്ഥയിയില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പ് പോരാട്ടം പല അടിയൊഴുക്കുകള്‍ക്കും സാധ്യതയുള്ള മണ്ഡലമാക്കി കുറ്റിയാടിയെ മാറ്റിയിട്ടുണ്ട്.
നേരത്തെ മേപ്പയ്യൂര്‍ മണ്ഡലത്തിന്റെ ഭാഗമായുള്ള പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കുറ്റിയാടി മണ്ഡലം രൂപവത്കരിച്ചതിന് ശേഷമുള്ള രണ്ടാമത്തെ തിരഞ്ഞെടുപ്പാണിത്. കടുത്ത മത്സരം നടന്ന 2011ലെ ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ മണ്ഡലം അതിന്റെ ഇടത് സ്വഭാവം കാത്തു. എന്നാല്‍ മുന്‍ മേപ്പയ്യൂര്‍ മണ്ഡലത്തിന്റെ രൂപത്തിലുള്ള ഇടത് സ്വാധീനം കുറ്റിയാടിയില്‍ ഇല്ലെന്ന് ബോധ്യമായ ഒരു തിരഞ്ഞെടുപ്പായിരുന്നു ഇത്. സി പി എമ്മിലെ കെ കെ ലതിക 6,972 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുസ്‌ലിം ലീഗിലെ സൂപ്പി നരിക്കാട്ടേരിയെ പരാജയപ്പെടുത്തിയത്. മണ്ഡല വിഭജനത്തോടെ യു ഡി എഫിന് സ്വാധീനമുള്ള ചില പ്രദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടതിനാലാണ് സൂപ്പിക്ക് മികച്ച മത്സരം കാഴ്ചവെക്കാനായത്.

1965ല്‍ലാണ് മണ്ഡലം നിലവില്‍ വന്നത്. ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ സി പി എമ്മിന്റെ കര്‍ഷക നേതാവ് എം കെ കേളു മണ്ഡലം കരസ്ഥമാക്കി. 67ല്‍ വീണ്ടും എം കെ കേളു തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 70ലെ തിരഞ്ഞെടുപ്പില്‍ എം കെ കേളുവിന് കാലിടറി. മുസ്‌ലിം ലീഗിലെ എ വി അബ്ദുര്‍റഹ്മാന്‍ ഹാജിയാണ് കേളുവിനെ മുട്ടുകുത്തിച്ചത്. 77ല്‍ ഐക്യമുന്നണി സ്ഥാനാര്‍ഥി പാണാറത്ത് കുഞ്ഞിമുഹമ്മദ് വിജയിച്ചു. എന്നാല്‍ ആ വിജയങ്ങള്‍ അവിടെ അവസാനിച്ചു. തുടര്‍ന്നിങ്ങോട്ട് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ച് എല്‍ ഡി എഫ് ചരിത്രം കുറിക്കുകയാണുണ്ടായത്. മുസ്‌ലിം ലീഗിലെ പിളര്‍പ്പിനെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ ഭാഗമായിരുന്ന അഖിലേന്ത്യ ലീഗിലെ എ വി അബ്ദുര്‍റഹ്മാന്‍ ഹാജി വിജയിച്ചു. എന്നാല്‍ 1987ല്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച അദ്ദേഹം എ കണാരനോട് പരാജയപ്പെട്ടു. പിന്നീട് തുടര്‍ച്ചയായി രണ്ട് തവണ എ കണാരന്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടു. 2001ലാണ് മത്തായി ചാക്കോ മണ്ഡലത്തില്‍ നിന്നും സംസ്ഥാന നിയമസഭയിലെത്തിയത്.

ആയഞ്ചേരി, മണിയൂര്‍, കുന്നുമ്മല്‍, കുറ്റിയാടി, പുറമേരി, തിരുവള്ളൂര്‍, വേളം, വില്യാപ്പള്ളി തുടങ്ങിയ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് കുറ്റിയാടി നിയമസഭാ മണ്ഡലം. നേരത്തെ മേപ്പയ്യൂര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന മേപ്പയൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകള്‍ പേരാമ്പ്ര മണ്ഡലത്തിലേക്ക് മാറി. വടകര മണ്ഡലത്തില്‍നിന്ന് വില്ല്യാപ്പള്ളി പഞ്ചായത്ത് കുറ്റിയാടി മണ്ഡലത്തിലേക്കും വന്നു. വടക്ക് നാദാപുരവും പടിഞ്ഞാറ് വടകര, നാദാപുരം മണ്ഡലങ്ങളും തെക്ക് കൊയിലാണ്ടി മണ്ഡലവുമാണ് അതിര്‍ത്തികള്‍. മൊത്തം 1, 78, 894 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 9,31,09 സ്ത്രീ വോട്ടര്‍മാരും 85,785 പുരുഷ വോട്ടര്‍മാരുമാണ്.