Connect with us

Gulf

ഊര്‍ജ സംരക്ഷണം ഖത്വറില്‍ ഇനി സ്‌കൂള്‍ സിലബസില്‍

Published

|

Last Updated

ദോഹ: ഊര്‍ജ സംരക്ഷണം സംസ്‌കാരമാക്കി മാറ്റുന്നതിനായി സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു. ഊര്‍ജ സംരക്ഷണവും പര്യാപ്തതയും കുട്ടികള പഠിപ്പിക്കുന്നതിനായി ഖത്വര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷനും (കഹ്‌റമ) വിദ്യാഭ്യാസ മന്ത്രാലവും തമ്മില്‍ കരാറില്‍ ഒപ്പു വെച്ചു.
തര്‍ശീദ് എന്ന പേരില്‍ രാജ്യത്തു നടപ്പിലാക്കി വരുന്ന ഊര്‍ജ സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി കുഞ്ഞുന്നാളിലേ സമൂഹത്തില്‍ അവബോധം വളര്‍ത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് രാജ്യത്ത് ഊര്‍ജസംരക്ഷണ യജ്ഞം നടന്നുവരുന്നത്.
ഇന്നലെ നടന്ന ചടങ്ങില്‍ കഹ്‌റമയുടെ കണ്‍വര്‍സേഷന്‍ ആന്‍ഡ് എനര്‍ജി എഫിഷ്യന്‍സി വിഭാഗം സീനിയര്‍ എന്‍ജിനീയര്‍ അബ്ദുല്‍ അസീസ് അഹ്മദ് അല്‍ ഹമ്മാദിയും വിദ്യാഭ്യാസ മന്ത്രാലയം ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡയറക്ടര്‍ ഖലീഫ അല്‍ ദിര്‍ഹമുമാണ് കരാറില്‍ ഒപ്പു വെച്ചത്.
രാജ്യവ്യാപകമായ പ്രചാരണത്തിലൂടെ ഫലം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ ആശയമായ തര്‍ശീദിന്റെ മറ്റൊരു പതിപ്പാണ് സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്നതെന്ന് തര്‍ശീദ് പ്രതിനിധി പറഞ്ഞു. കുട്ടികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നത് വലിയ ഫലമുണ്ടാക്കും. എല്ലാകാര്യങ്ങളും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന കുട്ടികള്‍ വീടുകളില്‍ വെള്ളവും വൈദ്യുതി പാഴാകുന്നത് കണ്ടാല്‍ അതു ശ്രദ്ധയില്‍പെടുത്തും. കുട്ടികളുടെ ഭാഗത്തു നിന്നു തന്നെ അശ്രദ്ധ മൂലം ധാരാളം ഊര്‍ജം പാഴാകുന്നുണ്ട്. ഇത് ഒഴിവാക്കാനും സ്‌കൂളിലെ പഠനം സഹായിക്കും.
ആറു പ്രധാന ഭാഗങ്ങളാണ് സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ആലോചിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കുട്ടികള്‍ക്ക് ഈ ആശയം പഠിപ്പിക്കുന്നതിനായി വിവിധ ആക്ടിവിറ്റികളും പരിശീലനങ്ങളും സംഘടിപ്പിക്കും. സമൂഹത്തില്‍ ഊര്‍ജ സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനായി തര്‍ശീദിന്റെ ആഭിമുഖ്യത്തില്‍ വ്യത്യസ്ത പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.

Latest