Connect with us

Kasargod

എസ് വൈ എസ് ധര്‍മസഞ്ചാരം ഉദ്ഘാടന സമ്മേളനത്തിനൊരുങ്ങി മള്ഹര്‍ ക്യാമ്പസ്

Published

|

Last Updated

മഞ്ചേശ്വരം: യുവത്വം നാടിന്റെ കരുത്ത് എന്ന സന്ദേശത്തില്‍ എസ് വൈ എസ് സംസ്ഥാന നേതാക്കളുടെ ധര്‍മ സഞ്ചാരത്തിന് മള്ഹറില്‍ ഉദ്ഘാടന വേദിയൊരുങ്ങി.
എസ് വൈ എസിന് ജില്ലാ സംസ്ഥാന തലങ്ങളില്‍ ദീര്‍ഘകാലം നേതൃത്വം നല്‍കി വിടചൊല്ലിയ ആത്മീയ നായകന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ തണലില്‍ വളര്‍ന്ന മള്ഹറിന്റെ മുറ്റത്ത് നിന്ന് ധര്‍മ സഞ്ചാരം തുടങ്ങുമ്പോള്‍ എല്ലാ അര്‍ഥത്തിലും ചരിത്ര സംഭവമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് പ്രവര്‍ത്തകര്‍.
രാവിലെ 8.30ന് തങ്ങളുസ്താദിന്റെ മഖ്ബറയില്‍ നടക്കുന്ന കൂട്ടസിയാറത്തിന് മകന്‍ സയ്യിദ് ശഹീര്‍ ബുഖാരി നേതൃത്വം നല്‍കും.
മുമ്പ് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിനും ഖാലിദിയ്യക്കും വേദിയായ മള്ഹര്‍ മറ്റൊരു സംസ്ഥാന പരിപാടിയുടെ ഉദ്ഘാടനത്തിന് കൂടി വേദിയാകുമ്പോള്‍ മഞ്ചേശ്വരം സോണ്‍ കമ്മറ്റിയും അഞ്ച് സര്‍ക്കിള്‍ ഘടകങ്ങളും ഏറെ ആവേശത്തിലാണ് സംസ്ഥാന നേതൃത്വത്തെ വരവേല്‍ക്കാനൊരുങ്ങുന്നത്. പൊസോട്ട് മുതല്‍ ഹൊസങ്കടി വരെ തോരണങ്ങളാല്‍ നിറഞ്ഞിട്ടുണ്ട്.
സര്‍ക്കിള്‍ കമ്മിറ്റികള്‍ നേതാക്കള്‍ക്ക് സ്വാഗതമോതി ബാനറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രധാന കവാടവും ഉദ്ഘാടനവേദിയും പ്രൗഢമായി അലങ്കരിച്ചിട്ടുണ്ട്.
രാവിലെ ഉദ്ഘാടന പരിപാടിക്കെത്തുന്ന അഞ്ഞൂറിലേറെ പ്രതിനിധികള്‍ക്ക് പ്രാതലും മറ്റു സൗകര്യങ്ങളും ഒരുക്കി മള്ഹര്‍ ആവേശത്തില്‍ കണ്ണിയായി. സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി സഅദി അധ്യക്ഷനായ എസ് വൈ എസ് സോണ്‍ കമ്മറ്റിക്കു പുറമെ കേരള മുസ്‌ലിം ജമാഅത്തും മള്ഹര്‍ സാരഥികളും എസ് എസ് എഫ് സര്‍ക്കിള്‍ കമ്മറ്റിയും ഉദ്ഘാടന സമ്മേളന വിജയത്തിന് രംഗത്തിറങ്ങി. രാവിലെ 8 മണി മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങും. സിയാറത്തിനു ശേഷം ഉദ്ഘാടന പരിപാടി നടക്കും.
സോണിലെ എല്ലാ യൂണിറ്റുകള്‍ക്കുമുള്ള മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ സംഗമത്തില്‍ വിതരണം ചെയ്യും.