Connect with us

Kerala

പോരാട്ട നായിക രംഗം വിട്ടു: ഇനി ഇടത് വേദികളിലെ കൊടുങ്കാറ്റാകും

Published

|

Last Updated

കല്ലുപുരക്കല്‍ രാമന്‍ ഗൗരിയെന്ന കെ ആര്‍ ഗൗരിയമ്മ ജീവിച്ചിരിക്കുന്ന വനിതാ രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും തലമുതിര്‍ന്നവരും സമാനതകളില്ലാത്ത പ്രത്യേകതകളുള്ളവരുമാണ്. കേരളപ്പിറവിക്ക് മുമ്പേ മത്സര രംഗത്തിറങ്ങിയ ഗൗരിയമ്മ, ഇനിയൊരു അങ്കത്തിനില്ലെന്ന് പ്രഖ്യാപിച്ചത് പ്രായാധിക്യം കണക്കിലെടുത്തോ പരാജയ ഭീതി മൂലമോ അല്ല. 2011ലെ തിരഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍ മത്സര രംഗത്തിറങ്ങിയപ്പോള്‍ ഗൗരിയമ്മ തന്റെ അവസാന മത്സരമായാണ് അതിനെ കണ്ടിരുന്നത്.
തുടര്‍ച്ചയായ രണ്ട് പരാജയം താങ്ങാവുന്നതായിരുന്നില്ല ഗൗരിയമ്മക്ക്. അതുകൊണ്ട് തന്നെ, തന്നെ തോല്‍പ്പിക്കാന്‍ മുന്നിട്ടിറങ്ങിയവര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യു ഡി എഫുമായി പിണങ്ങി പഴയ താവളത്തിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു .ഗൗരിയമ്മയുടെ സി പി എം ബന്ധം ഏറെ വിവാദമായതോടെ സ്വന്തം പാര്‍ട്ടിയായ ജെ എസ് എസില്‍ പിളര്‍പ്പും ഉടലെടുത്തു. ഇന്നിപ്പോള്‍ ജെ എസ് എസ് ഇല്ലാത്ത മുന്നണികളില്ല. ഇടത് വലതു മുന്നണികളിലും എന്‍ ഡി എയിലും ജെ എസ് എസ് വിഭാഗങ്ങളുണ്ട്. ജെ എസ് എസിന്റെ വസ്തുവഹകളും ആസ്തിയും സി പി എമ്മിന് വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയും ഇത് നിയമപോരാട്ടത്തിന് വഴിയൊരുക്കുകയും ചെയ്തതോടെയാണ് സി പി എമ്മില്‍ ചേരാനുള്ള നീക്കം ഗൗരിയമ്മ ഉപേക്ഷിച്ചത്.
എങ്കിലും ഇടതുപക്ഷത്തോടൊപ്പം നിലകൊള്ളാനുള്ള ഗൗരിയമ്മയുടെ ആഗ്രഹത്തിന് സി പി എം വിലങ്ങുതടിയായില്ല. പക്ഷെ, നിയമസഭാ സീറ്റ് സംബന്ധിച്ച് ഇനിയും ധാരണയിലെത്തിയിട്ടില്ല. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായ ഗൗരിയമ്മയുടെ റെക്കോര്‍ഡ് ആരും തകര്‍ത്തിട്ടില്ല. 2006 മാര്‍ച്ച് 31ന് 16,832 ദിവസം നിയമസഭാംഗമായിരുന്ന ഗൗരിയമ്മ തന്നെയാണ് ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വനിതയും. 1948ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്ക് മത്സരിച്ചുകൊണ്ടാണ് ഗൗരിയമ്മ തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്കിറങ്ങുന്നത്. പിന്നീട് 1952, 1956 തിരുകൊച്ചി നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നു. കേരളപ്പിറവിക്ക് ശേഷം 1957ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ ഒരിക്കല്‍ പോലും മാറി നിന്നിട്ടില്ലാത്ത ഗൗരിയമ്മക്ക് പരാജയം രുചിക്കേണ്ടി വന്നത് നാല് തവണ മാത്രം.
1948ല കന്നിയങ്കത്തില്‍ പരാജയം രുചിച്ച ഗൗരിയമ്മയെ 2011ലെ അങ്കത്തിലും വിജയം തുണച്ചില്ല.1977, 2006 തിരഞ്ഞെടുപ്പുകളാണ് പരാജയപ്പെടേണ്ടി വന്ന മറ്റു രണ്ട് തിരഞ്ഞെടുപ്പുകള്‍. 17 തിരഞ്ഞെടുപ്പുകളില്‍ നിയമസഭയിലേക്ക് മത്സരിച്ച ഗൗരിയമ്മ 13ലും വിജയിച്ചു.11 തവണ നിയമസഭാംഗമായി.1967, 80, 87, 96, 2001 ല്‍ മന്ത്രിയായിരുന്നു.1957ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ചേര്‍ത്തലയില്‍ നിന്ന് ജനവിധി തേടിയ ഗൗരിയമ്മ 1960ലും ഇവിടെ തന്നെ മത്സരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പോടെ സി പി എമ്മിലെത്തിയ ഗൗരിയമ്മ 1965, 67, 70, 80, 82, 87, 91 തിരഞ്ഞെടുപ്പുകളില്‍ അരൂരില്‍ നിന്ന് ജനവിധി തേടി. 67, 80, 87 വര്‍ഷങ്ങളില്‍ മന്ത്രിയുമായി.
സി പി എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം രൂപവത്കരിച്ച ജെ എസ് എസ്, യു ഡി എഫിന്റെ ഭാഗമായി നാല് തവണ ജനവിധി തേടിയതില്‍ മൂന്ന് തവണയും അരൂരില്‍ നിന്ന് തന്നെയായിരുന്നു. 1996, 2001 തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് മന്ത്രിസഭയിലെത്തിയ ഗൗരിയമ്മക്ക് 2006ല്‍ പരാജയപ്പെട്ടു.ഇതിന്റെ പേരില്‍ മുന്നണിക്കുള്ളില്‍ ഉടലെടുത്ത അസ്വാരസ്യത്തിനിടയിലും 2011ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലം മാറി മത്സരിച്ചെങ്കിലും പരാജയം തന്നെയായിരുന്നു വിധി. പിന്നീടാണ് യു ഡി എഫ് ബന്ധം വിച്ഛേദിച്ച് എല്‍ ഡി എഫിനോടടുത്തത്. ഈ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച ഗൗരിയമ്മ പക്ഷെ, പാര്‍ട്ടിക്ക് സീറ്റ് തരപ്പെടുത്താന്‍ സി പി എം നേതൃത്വവുമായി നിരന്തരമായ ചര്‍ച്ചകളിലേര്‍പ്പെട്ടുവരികയാണ്. നാല് സീറ്റുകളാണ് ജെ എസ് എസ് ചോദിച്ചത്. ഇതില്‍ ചില സീറ്റുകളില്‍ പ്രത്യേക താത്പര്യവും അറിയിച്ചിട്ടുണ്ട്.

Latest