Connect with us

National

തമിഴ്‌നാട്ടില്‍ വിജയകാന്തിന്റെ നേതൃത്വത്തില്‍ മൂന്നാം മുന്നണി

Published

|

Last Updated

മുന്നണി ചര്‍ച്ചക്ക് ശേഷം ഡി എം ഡി കെയുടെ വിജയകാന്ത്, എം ഡി എം കെയുടെ വൈകോ, വി സി കെയുടെ തോല്‍ തിരുമുലവലന്‍, സി പി എമ്മിന്റെ ജി രാമകൃഷ്ണന്‍, സി പി ഐയുടെ മുതരസന്‍ എന്നിവര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രധാന കക്ഷികള്‍ക്ക് ഭീഷണിയായി വിജയകാന്തിന്റെ നേതൃത്വത്തില്‍ ശക്തമായ മൂന്നാം മുന്നണി. നിലവില്‍ മൂന്നാം മുന്നണിയായി അറിയപ്പെട്ടിരുന്ന സി പി എം, സി പി ഐ, എം ഡി എം കെ, വി സി കെ എന്നി പാര്‍ട്ടികളുടെ പീപ്പിള്‍സ് വെല്‍ഫയര്‍ മുന്നണി (പി ഡബ്ല്യു എഫ്) ഡി എം ഡി കെയുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് വന്‍ ശക്തിയായി മാറാന്‍ സാധ്യതയുള്ള കരുത്തുറ്റ മുന്നണി രൂപപ്പെട്ടത്. നിലവില്‍ നിയമസഭയില്‍ പ്രതിപക്ഷമായ ഡി എം കെയുടെ തൊട്ടുപിന്നാലെ മൂന്നാം സ്ഥാനനത്ത് നിലയുറപ്പിച്ച ഡി എം ഡി കെയുടെ നേതാവ് വിജയകാന്തിനെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചിട്ടുമുണ്ട്.
പി ഡബ്ല്യു എഫിന്റെ നേതാക്കളായ എം ഡി എം കെയുടെ വൈകോ, വി സി കെയുടെ തോല്‍ തിരുമുലവലന്‍, സി പി എമ്മിന്റെ ജി രാമകൃഷ്ണന്‍, സി പി ഐയുടെ മുതരസന്‍ എന്നിവര്‍ വിജയകാന്തുമായി ഇന്നലെ ചര്‍ച്ച നടത്തി. ഡി എം ഡി കെയുടെ ആസ്ഥാനത്ത് രാവിലെ നടന്ന യോഗം പ്രധാന സഖ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.
വിജയകാന്തും കരുണാനിധിയുമായി ചേര്‍ന്ന് പുതിയ സഖ്യത്തിന്റെ സാധ്യത അസ്ഥാനത്താക്കിയാണ് മൂന്നാം മുന്നണി രൂപപ്പെട്ടത്. വിജയകാന്തിനൊപ്പം ജയലളിതയെ തുരത്താനാകുമെന്ന പ്രതീക്ഷ കരുണാനിധിക്കുണ്ടായിരുന്നു. കരുണാനിധിക്കും മകന്‍ സ്റ്റാലിനും കീഴില്‍ നില്‍ക്കുന്നതിനേക്കള്‍ വിജയകാന്തിന് കൂടുതല്‍ അഭികാമ്യവും സുരക്ഷിതത്വവും പുതിയ മുന്നണിയില്‍ നിന്ന് ലഭിക്കും.
പ്രാഥമിക ചര്‍ച്ചകള്‍ അനുസരിച്ച് 124 സീറ്റുകളില്‍ ഡി എം ഡി കെയും, 110ല്‍ പി ഡബ്ല്യു എഫിലെ പാര്‍ട്ടികളും മത്സരിക്കും. ജയലളിതക്കെതിരെ തമിഴ്‌നാട്ടില്‍ ആഞ്ഞടിക്കുന്ന രോഷവും അഞ്ച് പതിറ്റാണ്ട് കാലത്തോളം തമിഴ്‌നാട് മാറിമാറി ഭരിക്കുന്ന ദ്രാവിഡ പാര്‍ട്ടികളോടുള്ള ജനങ്ങളുടെ മടുപ്പും വോട്ടാക്കി മാറ്റാന്‍ പുതിയ സഖ്യത്തിന് സാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. വിജയകാന്തും വൈകോയും അടങ്ങിയ സഖ്യമായതിനാല്‍ ദ്രാവിഡ സമുദായങ്ങളുടെ പിന്തുണയും ലഭിക്കുമെന്ന് കണക്കുകൂട്ടപ്പെടുന്നു.
പുതിയ സഖ്യത്തിന്റെ രൂപവത്കരണത്തോടെ തമിഴ്‌നാടിന്റെ ചരിത്രത്തിലാദ്യമായി ത്രികോണ മത്സരത്തിന് ഈ തിരഞ്ഞെടുപ്പ് വേദിയാകും. ദ്രാവിഡ സമൂദായങ്ങളുടെ വോട്ടുകള്‍ മൂന്ന് സഖ്യങ്ങളിലായി ഭിന്നിക്കും. നിലവില്‍ 150 സീറ്റില്‍ ഭരണകക്ഷിയായ എ ഐ ഡി എം കെക്കുണ്ട്. ഡി എം കെക്ക് 23 സീറ്റുകളും ഡി എം ഡി കെക്ക് 20 സീറ്റുകളുമുണ്ട്. സി പി ഐ, സി പി എം പാര്‍ട്ടികള്‍ക്ക് യഥാക്രമം 10, എട്ട് സീറ്റുകളില്‍ പ്രാതിനിധ്യമുണ്ട്. സിറ്റിംഗ് സീറ്റുകള്‍ ഭദ്രമാക്കിയാല്‍ തന്നെ മൂന്നാം മുന്നണിക്ക് രണ്ടാം സ്ഥാനം ലഭിച്ചേക്കും. എന്നാല്‍ ജയലളിതക്കെതിരായ ജനരോഷം ആഞ്ഞടിച്ചാല്‍ തമിഴ്‌നാട്ടില്‍ മൂന്നാം മുന്നണി തരംഗം തന്നെ ഉണ്ടാകും. മൂന്നാം മുന്നണിയിലേക്ക് കൂടുതല്‍ പാര്‍ട്ടികളും നേതാക്കളും ചേക്കേറാനുള്ള സാധ്യതയുമുണ്ട്.
എ ഐ എ ഡി എം കെ സര്‍ക്കാറിനെതിരാണ് ഡി എം ഡി കെയുടെയും പി ഡബ്ല്യു എഫിന്റെയും പോരാട്ടമെന്നും ഒറ്റക്കെട്ടായി വിജയത്തിലേക്ക് പുതിയ സഖ്യം മുന്നേറുമെന്നും സി പി എം തമിഴ്‌നാട് സെക്രട്ടറി ജി രാമകൃഷ്ണന്‍ പറഞ്ഞു. വിജയകാന്തായിരിക്കും ഈ പോരാട്ടത്തിലെ രാജാവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest