Connect with us

National

ആറ് ഭീകരര്‍ പഠാന്‍കോട്ട് വഴി ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: ആറ് ഭീകരര്‍ പഠാന്‍കോട്ട് വഴി ഇന്ത്യയിലേക്ക് കടന്നതായി സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. മുന്‍ പാക് സൈനികനായ മുഹമ്മദ് ഖുര്‍ഷിദ് ആലത്തിന്റെ നേതൃത്വത്തിലുളള സംഘം പഞ്ചാബിലെ പഠാന്‍കോട്ട് വഴി ഫെബ്രുവരി 26ന് ഇന്ത്യയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്.

മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയിലും പഞ്ചാബിലും അസാമിലും സുരക്ഷ ശക്തമാക്കി. ഹോട്ടലുകളും ആശപത്രികളുമാകാം ഭീകരരുടെ ആക്രമണ ലക്ഷ്യമെന്നും ഏജന്‍സികള്‍ സൂചിപ്പിച്ചു. ഹോളി ദിനത്തില്‍ ആക്രമണം അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. വടക്കേന്ത്യയില്‍ ഇന്നാണ് ഹോളി ആഘോഷം.

ഖുര്‍ഷിദ് ആലം ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ സെപ്തംബറില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയിരുന്നുവെന്നും അസമിലെ ബര്‍പേട്ടയിലെ ഒരു മദ്രസ സന്ദര്‍ശിച്ചിരുന്നുവെന്നുമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം. അടുത്തയാഴ്ച നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് ഇവര്‍ ആക്രമണങ്ങള്‍ നടത്തിയേക്കുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ ആശങ്ക.
കഴിഞ്ഞ ദിവസം പഠാന്‍കോട്ടില്‍ യാത്രക്കാരനെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി കാര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഭവത്തിന് പിന്നില്‍ തീവ്രവാദികളായിരിക്കാമെന്ന സംശയത്തേതുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം വന്നിരുന്നു. .ഇതിന് പിന്നാലെയാണ് തീവ്രവാദികള്‍ എത്തിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. കാര്‍ തട്ടിയെടുത്ത സംഘത്തിനായി തിരച്ചില്‍ നടക്കുകയാണ്.