Connect with us

International

ഫലസ്തീന്‍ രാഷ്ട്ര രൂപവത്കരണം: യു എന്‍ പ്രമേയങ്ങളെ യു എസ് എതിര്‍ക്കണമെന്ന് നെതന്യാഹു

Published

|

Last Updated

വാഷിംഗ്ടണ്‍: ഫലസ്തീന്‍ രാജ്യ രൂപവത്കരണം സംബന്ധിച്ചുള്ള ഐക്യരാഷ്ട്ര സഭാ പ്രമേയങ്ങളെ എതിര്‍ത്ത് കൊണ്ട് ഇസ്‌റാഈലിനുള്ള അമേരിക്കയുടെ പിന്തുണ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. ഫലസ്തീനുമായുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ അടിയന്തിരമായി പുനരാരംഭിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ പ്രബല ഇസ്‌റാഈല്‍ ലോബിയിംഗ് ഗ്രൂപ്പായ അമേരിക്കന്‍ ഇസ്‌റാഈല്‍ പബ്ലിക് അഫയേര്‍സ് കമ്മിറ്റിയുടെ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നെതന്യാഹു.
ഫലസ്തീന്‍ വിഷയത്തില്‍ ഇസ്‌റാഈലിനെ സമ്മര്‍ദത്തിലാക്കുന്ന യു എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ ഫലസ്തീന്റെ സ്ഥിതിയെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കും. അതോടെ സമാധാന ശ്രമങ്ങള്‍ പരാജയപ്പെടും. അത് കൊണ്ട് അത്തരം പ്രമേയങ്ങളെ എതിര്‍ത്തുകൊണ്ടുള്ള തങ്ങളുടെ ദീര്‍ഘകാലമായുള്ള നിലപാട് അമേരിക്ക തുടരുമെന്ന് താന്‍ പ്രത്യാശിക്കുന്നു- നെതന്യാഹു പറഞ്ഞു.

ദ്വിരാഷ്ട്ര പരിഹാരങ്ങള്‍ക്കായുള്ള ചര്‍ച്ചക്ക് താന്‍ സന്നദ്ധനാണെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. മുന്‍ വ്യവസ്ഥകളില്ലാതെ എവിടെ വെച്ചും ഏത് സമയത്തും ചര്‍ച്ചക്ക് താന്‍ തയ്യാറാണ്. എന്നാല്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇതിന് താത്പര്യം കാണിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ നെതന്യാഹുവിന്റെ ഈ വാദത്തെ തള്ളി സമാധാന ചര്‍ച്ചകളില്‍ ഫലസ്തീന്റെ ഭാഗത്ത് നിന്ന് പങ്കെടുത്തിരുന്ന സഈബ് എറകത്ത് രംഗത്തെത്തി. ചര്‍ച്ചകളെ ഗൗരവമായെടുക്കാത്തത് നെതന്യാഹുവാണെന്ന് അദ്ദേഹം ആരോപിച്ചു. പാര്‍പ്പിട സമുച്ചയ നിര്‍മാണവും വ്യാപനവും ഒരു വശത്ത് നടക്കുമ്പോള്‍ സന്ധിയെ കുറിച്ച് സംസാരിക്കുകയാണ് നെതന്യാഹുവിന്റെ രീതി. ചര്‍ച്ചകള്‍ തുടരണമെന്നുണ്ടെങ്കില്‍ പാര്‍പ്പിട സമുച്ചയ നിര്‍മാണം നിര്‍ത്തിവെക്കണം, അതൊരു ധാര്‍മിക ബാധ്യതയാണ് അല്ലാതെ വ്യവസ്ഥയല്ല സഈബ് പറഞ്ഞു.

ഫലസ്തീന്‍ പ്രശ്‌നത്തില്‍ യു എസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ ശക്തമായ നിലപാടെടുത്തിരുന്നു. പാര്‍പ്പിട നിര്‍മാണം സമാധാന ശ്രമങ്ങളെ ദുര്‍ബലമാക്കിയെന്നാരോപിച്ച അദ്ദേഹം ദ്വിരാഷ്ട്ര പരിഹാരത്തോടുള്ള പ്രതിജ്ഞാ ബദ്ധത ഇസ്‌റാഈല്‍ പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
സമാധാന ചര്‍ച്ചകള്‍ സ്തംഭവനാവസ്ഥയില്‍ തുടരുന്ന പക്ഷം ദ്വിരാഷ്ട്ര പരിഹാരം അകലെയാകുമെന്നതില്‍ യു എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. “”തത്സ്ഥിതി അന്യായമാണ്”” എന്ന ചുവരെഴുത്തുകള്‍ പലസ്തീന്‍ ,ഇസ്‌റാഈല്‍ ജനതകളുടേയും അന്താരാഷ്ട്ര സമൂഹത്തിന്റെയും കണ്ണില്‍പ്പെടേണ്ട സമയമാണിതെന്ന് ന്യൂയോര്‍ക്ക് ടൈംസിലെ ലേഖനത്തില്‍ ബാന്‍ കി മൂണ്‍ എഴുതി.

Latest