Connect with us

Gulf

കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ പെട്ടവരില്‍ അധികവും യുവാക്കള്‍

Published

|

Last Updated

അബുദാബി: കഴിഞ്ഞ വര്‍ഷം രാജ്യത്ത് വാഹനാപകടത്തില്‍ പെട്ടവരിലധികവും യുവാക്കള്‍. എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 18 മുതല്‍ 30 വയസുവരെയുള്ളവര്‍ 47 ശതമാനവും 31 മുതല്‍ 45 വയസ് വരെയുള്ളവര്‍ 35 ശതമാനവുമാണ് അപകടത്തില്‍ പെട്ടത്. അമിതവേഗതയും പെട്ടെന്ന് വാഹനം നിര്‍ത്തുന്നതുമാണ് അപകടത്തിന് പ്രധാന കാരണം. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും ചുവന്ന ലൈറ്റ് മുറിച്ചുകടക്കുന്നതുമാണ് അപകടത്തിന് കാരണമാകുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും നോര്‍ത്ത് ആഫ്രിക്കന്‍ മേഖലകളിലുമായി ഒരു ദിവസം 3,000 ആളുകളാണ് റോഡപകടത്തില്‍ മരണമടയുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അബുദാബി ഹെല്‍ത് അതോറിറ്റിയുടെ കണക്ക് പ്രകാരം യു എ ഇയില്‍ മരണപ്പെടുന്നവരില്‍ 63 ശതമാനം പേരും റോഡപകടത്തിലാണ്.
എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ കണക്ക് പ്രകാരം 2014-15 വര്‍ഷത്തില്‍ അപകട നിരക്കില്‍ 2.2 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. മരണസംഖ്യയില്‍ 5.2 ശതമാനത്തിന്റെയും ഗുരുതര പരുക്കേറ്റവരുടെ എണ്ണത്തില്‍ 3.4 ശതമാനത്തിന്റെയും കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 4,788 വാഹനാപകടത്തില്‍ 675 പേര്‍ മരിക്കുകയും 6,263 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിര്‍ത്തുന്നതാണ് അപകടത്തിന് പ്രധാന കാരണമെന്നും ഇതുവഴി 1,384 ആളുകള്‍ക്ക് പരുക്കേറ്റതായും അബുദാബി ട്രാഫിക് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഗൈഡ് ഹസ്സന്‍ അല്‍ സാബി വ്യക്തമാക്കി. അപകടം കുറക്കുന്നതിന് രാജ്യത്തെ വിവിധ ട്രാഫിക് വകുപ്പുകളുമായി സഹകരിച്ചും വിവിധ വകുപ്പുകളും സ്ഥാപനങ്ങളുമായി സഹകരിച്ചും ബോധവത്കരണ ക്യാമ്പയിന്‍ നടത്തുന്നത് അപകടങ്ങളുടെ എണ്ണം കുറക്കാന്‍ കഴിയുന്നതായും അദ്ദേഹം പറഞ്ഞു. സുരക്ഷാ ബെല്‍റ്റ് ധരിക്കുന്നത് കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് രക്ഷിതാക്കള്‍ മനസ്സിലാക്കണമെന്നും അബുദാബി യൂണിവേഴ്‌സല്‍ ആശുപത്രിയിലെ ഡോ.അഹ്മദ് അല്‍ ഖാത്തിബ് പറഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest