Connect with us

National

അനിശ്ചിതത്വത്തിന് വിരാമം; മെഹ്ബൂബ മുഖ്യമന്ത്രിയാകും

Published

|

Last Updated

ശ്രീനഗര്‍: ഏറെനാള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ജമ്മു കാശ്മീരില്‍ പി ഡി പി- ബി ജെ പി കൂട്ടുകക്ഷി സര്‍ക്കാറിന് വീണ്ടും അരങ്ങൊരുങ്ങി. പി ഡി പി അധ്യക്ഷ മെഹ്ബൂബ മുഫ്തി ജമ്മു കാശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാകും. പി ഡി പി ലെജിസ്ലേച്ചര്‍ പാര്‍ട്ടി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്ത മെഹ്ബൂബ മുഫ്തിയെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായും നാമനിര്‍ദേശം ചെയ്തു. ശ്രീനഗറിലെ മെഹ്ബൂബയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇവരെ ഏകകണ്ഠമായി തിരഞ്ഞെടുത്തത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍, എം പിമാര്‍, എം എല്‍ എമാര്‍, എം എല്‍ സിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗം ഒന്നര മണിക്കൂറോളം നീണ്ടുനിന്നു.
മെഹ്ബൂബ മുഫ്തിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യാന്‍ യോഗത്തില്‍ തീരുമാനിച്ചതായി മുതിര്‍ന്ന നേതാവ് മുസാഫര്‍ ഹുസൈന്‍ ബേഗ് പറഞ്ഞു. തര്‍ക്കം പരിഹരിച്ച സാഹചര്യത്തില്‍ ഗവര്‍ണര്‍ എന്‍ എന്‍ വോറയെ കണ്ട് മെഹബൂബ മന്ത്രിസഭ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. മൂന്ന് മാസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കു ശേഷമാണ് വീണ്ടും പി ഡി പി- ബി ജെ പി കൂട്ടുകക്ഷി സര്‍ക്കാര്‍ ജമ്മു കാശ്മീരില്‍ അധികാരത്തിലേറുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മെഹ്ബൂബ മുഫ്തിയും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ചക്കു ശേഷമേ സഖ്യത്തിന്റെ അജന്‍ഡകള്‍ തീരുമാനിക്കൂവെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.
മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സഈദിന്റെ മരണത്തോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധിയുണ്ടായത്. മെഹബൂബയും മോദിയും നടത്തിയ കൂടിക്കാഴ്ചയോടെയാണ് കൂട്ടുകക്ഷി ഭരണത്തിന് വീണ്ടും സാധ്യത തെളിഞ്ഞത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും തന്നെ ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിലാണ് ബി ജെ പി- പി ഡിപി സര്‍ക്കാറിന് ജമ്മു കാശ്മീര്‍ സാക്ഷിയായത്. 28 സീറ്റുകളോടെ പി ഡി പി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മുഫ്തി മുഹമ്മദ് സഈദിന്റെ മരണത്തിന് ശേഷം നിയമസഭയില്‍ പി ഡി പിയുടെ അംഗബലം 27 ആയി. 25 സീറ്റുകളോടെ ബി ജെ പി രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ ജനുവരി ഏഴ് മുതല്‍ ജമ്മു കാശ്മീര്‍ രാഷ്ട്രപതി ഭരണത്തിന്‍ കീഴിലാണ്.

ജമ്മു കാശ്മീരില്‍ പിഡിപി – ബിജെപി സഖ്യം അധികാരത്തിലേറി പത്ത് മാസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സഈദ് മരിച്ചതോടെയാണ് കാശ്മീരില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. തുടര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരണ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തിലേക്ക് നീങ്ങുകയായിരുന്നു.