Connect with us

Articles

ഇന്ത്യയും ഭാരതവും

Published

|

Last Updated

വാര്‍ത്താ മാധ്യമങ്ങള്‍ അര്‍ഹിക്കും വിധം ചര്‍ച്ച ചെയ്യാതെ അവഗണിച്ച ചില സമീപകാല സംഭവങ്ങള്‍ ജനാധിപത്യ മതേതര നിലപാടുകള്‍ പുലര്‍ത്തുന്നവരെ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. സംഭവങ്ങളില്‍ ഒന്നിതാണ്.
വാരിസ് പത്താന്‍ എന്ന എം എല്‍ എയെ ഇക്കഴിഞ്ഞ ദിവസം മഹാരാഷ്ട്ര അസംബ്ലിയില്‍ നിന്ന് സ്പീക്കര്‍ ഏതാനും ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. പത്താന്‍ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എന്ന പാര്‍ട്ടിയെ പ്രതിനിധാനം ചെയ്യുന്ന നിയമസഭാംഗമാണ്. അദ്ദേഹം ചെയ്ത തെറ്റ് ഇതാണ്. സഭ സമ്മേളിച്ചുകൊണ്ടിരിക്കെ, ബി ജെ പി അംഗമായ രാംകദം, ഭാരത്മാതാ കീ ജയ് വിളിക്കാന്‍ പത്താനോട് ആവശ്യപ്പെട്ടു. പത്താന്‍ അതിന് തയ്യാറായില്ല. സഭയില്‍ ബഹളമായി. പത്താനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് നിയമസഭാ കാര്യ സഹമന്ത്രി രനിത് പാട്ടീല്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, എന്‍ സി പി അംഗങ്ങളും ബി ജെ പി അംഗങ്ങളുടെ ആവശ്യത്തെ പിന്തുണച്ചു.
ഏതാനും ദിവസം മുമ്പ് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് ദേശസ്‌നേഹം പ്രകടിപ്പിക്കാന്‍ പുതുതലമുറയെ ഭാരത് മാതാ കീ ജയ് വിളിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. അത് നടപ്പിലാക്കുകയാണ് രാം ഗദം ചെയ്തതെന്ന് മനസ്സിലാക്കിയ പത്താന്‍ ഇത്രകൂടി പറഞ്ഞു: “ജയ് ഹിന്ദ് എന്ന് വിളിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ മോഹന്‍ ഭാഗവത് നിര്‍ദേശിക്കും പോലെ വിളിക്കാന്‍ എന്നെ കിട്ടില്ല” ഒടുവില്‍ പത്താന്‍ സസ്പന്‍ഷനു വിധേയമായി.
സത്യത്തില്‍ ജനാധിപത്യ ഇന്ത്യ ഇളകിമറിയേണ്ട സംഭവമായിരുന്നു ഇത്. കാരണം, ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ് മഹാരാഷ്ട്ര നിയമസഭയില്‍ അരങ്ങേറിയത്. സസ്‌പെന്‍ഷനോളം എത്തിയ “ജയ് വിളി പ്രശ്‌നം ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്:
1. ~ഒരു സഭാംഗത്തെ കൊണ്ട് മറ്റൊരു സഭാംഗത്തിന് ഇങ്ങനെ വിളിപ്പിക്കാന്‍ എന്തവകാശമാണുള്ളത്?
2. നിയമസഭാംഗങ്ങള്‍ ഭാരത്മാതാ കീ ജയ് വിളിച്ച് ഇടക്കിടെ രാജ്യസ്‌നേഹം തെളിയിക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ടോ?
3. എം എല്‍ എയെ സസ്‌പെന്‍ഡ് ചെയ്ത സ്പീക്കറുടെ ചെയ്തി ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമല്ലേ?
4. ബി ജെ പി അംഗത്തിന്റെ ആവശ്യത്തെ മതേതര പാര്‍ട്ടികളായ കോണ്‍ഗ്രസും എന്‍ സി പിയും എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് പിന്തുണച്ചത്?
5. നിയമസഭയില്‍ കരുതിക്കൂട്ടി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച രാംഗദമിനെതിരെ എന്തുകൊണ്ട് നടപടി ഉണ്ടായില്ല?
ചോദ്യങ്ങള്‍ ഇനിയുമുണ്ട്. നമ്മുടെ പൊതുബോധം രാംകദമിന്റെ “ധീരകൃത്യ”ത്തെ വാഴ്ത്തുകയും പത്താന്റെ “രാജ്യദ്രോഹ”ത്തെ അപലപിക്കാനുമാണ് സാധ്യത. ഇത് ഒരു ടെസ്റ്റ് ഡോസാണ്. ഇനി രാജ്യത്തെ പല നിയമസഭകളിലും രാജ്യസഭയിലും ലോക്‌സഭയിലുമെല്ലാം ഇത്തരം നാടകങ്ങള്‍ അരങ്ങേറാന്‍ സാധ്യതയുണ്ട്. “ഭാരത് മാതാ” എന്ന പ്രയോഗം ഭരണഘടനയില്‍ എവിടെയും ഉപയോഗിച്ച പദമല്ല. രാജ്യത്തെ അമ്മയായി പൗരന്മാര്‍ വിശ്വസിക്കണമെന്നും ഭരണഘടനയില്‍ ഇല്ല. രാജ്യത്തെ അമ്മയായി കരുതി ആരാധിക്കണമെന്ന വാദം ശക്തമായി ഉന്നയിച്ചത് ഗോള്‍വാള്‍ക്കറുടെ വിചാരധാരയാണ്. “മാതൃഭാവനയുടെ വികാസം” എന്ന അധ്യായത്തില്‍ ഇക്കാര്യം ഗോള്‍വാള്‍ക്കര്‍ വിശദമാക്കുന്നുണ്ട്. ഇതേ കൃതിയില്‍ രാഷ്ട്രാത്മാവിന്റെ ആഹ്വാനം എന്ന അധ്യായത്തില്‍ രാഷ്ട്രം ദൈവതുല്യമാണെന്നും ഗോള്‍വാള്‍ക്കര്‍ വാദിക്കുന്നുണ്ട്. തീവ്രദേശീയതയിലേക്ക് നയിക്കുന്ന അമ്മ, ദൈവ സങ്കല്‍പ്പ വാദങ്ങള്‍ രാഷ്ട്രത്തിന് ചാര്‍ത്തിക്കൊടുക്കുന്നത് എല്ലാവരും അംഗീകരിക്കണമെന്ന് പറയുന്നിടത്താണ് പ്രശ്‌നം. അതേസമയം, ഇത്തരം വിശ്വാസം പുലര്‍ത്തുന്ന ഒരാള്‍ക്ക് അങ്ങനെ കരുതി വിശ്വസിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടതാണ്. തീവ്രദേശീയത, ലോകമഹായുദ്ധത്തിലേക്കു പോലും നയിച്ച ഫാസിസ്റ്റ് ആശയമാണെന്ന യാഥാര്‍ഥ്യം മറക്കരുതെന്ന് മാത്രം.
ജയ് ഹിന്ദ് എന്ന അര്‍ഥ സാന്ദ്രമായ പ്രയോഗം പോലും തൃപ്തമാകാത്ത അവസ്ഥ കൃത്രിമ ദേശീയബോധത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇന്ത്യ, ഭാരതം തുടങ്ങിയ പരികല്‍പ്പനകളും ഇപ്പോള്‍ പ്രശ്‌നവത്കരിക്കപ്പെടുകയാണ്. ഭാരതം എന്ന പ്രയോഗം മിത്തിലേക്കാണെങ്കില്‍ ഇന്ത്യ എന്നത് ചരിത്രപരമാണ്. മതേതര ചരിത്രകാരന്മാരില്‍ പലരും ഈ പ്രയോഗങ്ങളെ വിശകലനം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.
ഭരതന്‍ എന്ന ആര്യ സവര്‍ണ രാജാവ് ഭരിച്ചിരുന്ന രാജ്യം എന്ന അര്‍ഥത്തിലാണ് ഭാരതം എന്ന പ്രയോഗമുണ്ടായത്. പുരാണ പ്രകാരം രണ്ട് ഭരതന്മാര്‍ ഇന്ത്യയില്‍ ഭരണം നടത്തിയിട്ടുണ്ട്. ശ്രീരാമന്റെ അനുജനും കൈകേയിയുടെ പുത്രനുമായ ഭരതരാജാവണ് ഒന്നാമന്‍. ഇദ്ദേഹം അയോധ്യയിലെ അധിപനായിരുന്നുവത്രേ. ദുഷ്യന്ത രാജാവിന് ശകുന്തളയില്‍ ജനിച്ച പുത്രനാണ് പുത്രനാണ് രണ്ടാമത്തെ ഭരതന്‍. ഇദ്ദേഹം ഇന്ത്യാ രാജ്യം മുഴുവന്‍ ജയിച്ചടക്കിയതായി ഐതിഹ്യം. ചരിത്ര വസ്തുതകളുമായി ബന്ധമില്ലാത്ത വെറും കഥകളാണിവ. ഭരതന്‍ എന്ന രാമസഹോദരന്‍ ജീവിച്ചതായി രാമായണം പറയുന്നത് ത്രേതായുഗത്തിലാണ്. ത്രേതായുഗമാകട്ടെ, യുഗസങ്കല്‍പ്പമനുസരിച്ച് 1,81,49,115 വര്‍ഷം മുമ്പാണ് തീര്‍ച്ചയായും ഒരു വിശ്വാസിക്ക് ഇത്തരം മിത്തിക്കല്‍ കാലാസങ്കല്‍പ്പത്തില്‍ വിശ്വസിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കെ തന്നെ, ജനാധിപത്യവാദിക്ക് അവിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യവും അനുവദിക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ ജനാധിപത്യം യാഥാര്‍ഥ്യമാകൂ.
ഇന്ത്യ എന്ന രാഷ്ട്രനാമോത്പത്തിയെ പറ്റി ഇന്ത്യയെകണ്ടെത്തലില്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രതിപാദിക്കുന്നുണ്ട്: സിന്ധു നദിക്ക് ഇംഗ്ലീഷില്‍ “ഇന്‍ഡസ്” എന്നാണ് പറയുക. ഈ സിന്ധില്‍ നിന്നാണ് ഹുന്ദു, ഇന്തോസ്, ഇന്ത്യ എന്നീ പേരുകള്‍ ഉണ്ടായതത്രേ. പ്രചീന പ്രേര്‍ഷ്യനില്‍ സകാരത്തിന് പകരം ഹകാരമാണ് ഉപയോഗിച്ചിരുന്നത്. സംസ്‌കൃതത്തില സേന, പേര്‍ഷ്യനില്‍ ഹേനയാണ്. സോമ ഹോമയാണ്. ഇപ്രകാരം സിന്ധിനെ ഇറാന്‍ കാര്‍ ഹിന്ദ് എന്നാണുച്ചരിക്കുന്നത്. ഹിന്ദ് സിറിയനിലേക്കും യവന ഭാഷയിലേക്കുമെത്തിയപ്പോള്‍ ഇന്ദികയായി. ഗ്രൂക്കുകാരില്‍ നിന്ന് യൂറോപ്പിലേക്കെത്തിയപ്പോള്‍ അത് ഇന്ത്യ എന്നുച്ചരിക്കപ്പെട്ടു. പുരാതന അറബികളും ഹിന്ദ് എന്നാണ് വിളിച്ചിരുന്നത്. അറബികള്‍ പെണ്‍കുട്ടികള്‍ക്ക് ഹിന്ദ് എന്ന് നാമകരണം ചെയ്യുക പതിവായിരുന്നു. ഇന്ത്യന്‍ ഇരുമ്പുകൊണ്ട് നിര്‍മിച്ച വിളിനെ ഹിന്ദുവാനി എന്നാണ് വര്‍ണിച്ചിരുന്നത്. ചുരുക്കത്തില്‍ സിന്ധു നദിയുമായി ബന്ധപ്പെട്ട പദത്തില്‍ നിന്നാണ് ഇന്ത്യ എന്ന പേരുണ്ടായത്. ഇത് ചരിത്രപരമാണ്. ജാതി മതാതീതമാണ്. ഭാരതമാതായാകട്ടെ, മിത്തുമായും വിശ്വാസവുമായും ബന്ധപ്പെട്ടതാണ്. രണ്ട് നാമങ്ങളും ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ജനാധിപത്യവാദികള്‍ ഇന്ത്യ എന്ന പേരാണ് ഉപയോഗിക്കേണ്ടതെന്ന് അഭിപ്രായപ്പെട്ട ചരിത്രപണ്ഡിതന്മാരുണ്ട്.
ടെക്‌നോളജിയെക്കാള്‍ വലുതാണ് ടെര്‍മിനോളജി എന്ന് പറഞ്ഞത് എഡ്വേര്‍ഡ് സെയ്ദാണ്. ഒരോ ടെര്‍മിനോളജിയും പ്രത്യയശാസ്ത്രപരമാണ്. രാജ്യത്തിന്റെ പേരുമായി ബന്ധപ്പെട്ടതാകട്ടെ, മറ്റു ചിഹ്നങ്ങളാകട്ടെ, നിസ്സാരമായി കാണേണ്ട കാര്യങ്ങളല്ല. ഫാസിസം കൊടി കുത്തി വാഴുന്ന ഇക്കാലത്ത് പ്രത്യേകിച്ചും. ഫാസിസ്റ്റുകള്‍ ഉപയോഗിക്കുന്ന “ഭാരതം” മുതല്‍ ആദിവാസികളെ “വനവാസികള്‍” എന്ന് വിളിക്കുന്നത് വരെ ഏറെ രാഷ്ട്രീയ അര്‍ഥത്തിലാണ് ഇന്ന് നാം കാണേണ്ടത്. തീവ്രദേശീയത ഒരു ഭ്രാന്തായി മാറുന്ന വര്‍ത്തമാനകാലത്തെ സൂക്ഷ്മ രാഷ്ട്രീയ ബോധത്തോടെ ഫാസിസത്തിന്റെ ആവനാഴിയിലെ ഓരോ ധനുസ്സും നിഷ്പ്രഭമാക്കാനുള്ള രാഷ്ട്രീയ അക്കാദമിക് കരുത്ത് മതേതര ജനാധിപത്യ സമൂഹം ആര്‍ജിക്കേണ്ടതുണ്ട്.
വാല്‍ക്കഷണം: ഭാരത് മാതാ കീ ജയ് വിളിക്കാന്‍ തങ്ങളെ കിട്ടില്ലെന്ന് ശിരോമണി അകാലി ദള്‍ നേതാവ് സിമ്രാന്‍ജിത് സിംഗ്. ബി ജെ പി സഖ്യകക്ഷിയാണ് ശിരോമണി അകാലി ദള്‍. വഹെ ഗുരുജി കാ ഖല്‍സ, വഹെ ഗുരുജി കി ഫതഹ്(ഈശ്വരന്റെ ഖല്‍സയെ വാഴ്ത്തുക, സര്‍വാധിപനായ ഈ ശ്വരനെ വാഴ്ത്തുക) എന്ന മുദ്രാവാക്യമാണ് സിഖുകാര്‍ മുഴക്കേണ്ടത്. സിഖുകാര്‍ക്ക് വന്ദേമാതരം ആലപിക്കാനും സാധ്യമല്ല. ഗീത പോലുള്ള ഹിന്ദു ഗ്രന്ഥങ്ങള്‍ മറ്റു മതസ്ഥര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയുമരുതെന്ന് സിമ്രാന്‍ജിത് സിംഗ്.