Connect with us

Editorial

അപ്പറാവുവിന്റെ അടിയന്തരാവസ്ഥ

Published

|

Last Updated

അവധിയിലായിരുന്ന വൈസ് ചാന്‍സലര്‍ അപ്പാ റാവുവിന്റെ തിരിച്ചുവരവ് ഹൈദരാബാദ് സര്‍വകലാശാലയെ വീണ്ടും കലുഷമാക്കിയിരിക്കുന്നു. രോഹിത് വെമുലയുടെ ആത്മഹത്യക്ക് കാരണക്കാരനായ അപ്പറാവു വൈസ് ചാന്‍സലര്‍ പദവി ഒഴിയണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരത്തിലാണ്. റാവുവിനെ തുടരാന്‍ അനുവദിക്കില്ലെന്നും രാജി വെക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നുമാണ് സംയുക്ത സമര സമിതിയുടെ നിലപാട്. ഇതേ തുടര്‍ന്ന് ക്യാമ്പസില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പിലാക്കിയിരിക്കുകയാണ് അധികൃതര്‍.

മെസ്സ് അടച്ചു വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നിഷേധിക്കുകയും വൈദ്യുതിയും നെറ്റും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ റദ്ദാക്കുകയുമുണ്ടായി. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹിക മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിക്കാതിരിക്കാന്‍ വൈഫൈ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ മരവിപ്പിച്ചിരിക്കുന്നു. പുറത്ത് നിന്നും ആരെയും ക്യാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് ഏതോ രഹസ്യ സങ്കേതിത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇത് എരിതീയില്‍ എണ്ണ ഒഴിച്ച പ്രതീതിയാണുണ്ടാക്കിയത്. അധികൃതരുടെയും പോലീസിന്റെയും ക്രൂരവും മനുഷ്യത്വ രഹിതവുമായ സമീപനം ക്യാമ്പസില്‍ കലാപത്തിന് ഇടയാക്കിയേക്കാമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ജനുവരി 13 നാണ് ഗവേഷണ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്തത്. എ ബി വി പി നേതാവ് സുശീല്‍ കുമാറിനെ മര്‍ദിച്ചു എന്ന പരാതിയില്‍ വൈസ് ചാന്‍സലര്‍ രോഹിത് അടക്കം നാലുപേരെ സസ്‌പെന്‍ഡ് ചെയ്യുകയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു സംഭവം. വൈസ് ചാന്‍സലറുടെ നടപടിയിലുള്ള മനോസംഘര്‍ഷമാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

വെമുലക്കെതിരായ “അച്ചടക്ക നടപടി”ക്ക് പിന്നില്‍ വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള ഉരസല്‍ എന്നതിലപ്പുറം ജാതീയതയുമായി ബന്ധപ്പെട്ട മറ്റൊരു തലമുണ്ട്. അംബേദ്കറുടെ പ്രത്യയ ശാസ്ത്രത്തിന് നല്ല വേരോട്ടമുള്ള സ്ഥലമാണ് ഈ ക്യാമ്പസ്. രോഹിത് വെമുല അതിന്റെ ശക്തനായ നേതാവുമായിരുന്നു. വിദ്യാര്‍ഥികളുടെ ദൈനംദിന പ്രശ്‌നങ്ങളില്‍ ഇടപെടുമായിരുന്ന അദ്ദേഹം ക്യാമ്പസില്‍ പ്രിയങ്കരനുമായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലിന് മുമ്പില്‍ എ ബി വി പിക്ക് പിടിച്ചു നില്‍ക്കാനാകാതെ വന്നപ്പോള്‍ കെട്ടിച്ചമച്ചതാണ് സസ്‌പെന്‍ഷന് ആധാരമായി ആരോപിക്കപ്പെടുന്ന കേസെന്നാണ് ദളിത് വിദ്യാര്‍ഥി ഫെഡറേഷന്‍ ഭാരവാഹികളുടെ പക്ഷം.

ഈ സംഭവത്തില്‍ അപ്പറാവു നന്നായി കളിച്ചിട്ടുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ വിശ്വസിക്കുന്നത്. 2008ല്‍ അപ്പറാവു സര്‍വകലാശാല അധ്യാപകനായിരിക്കെ സെന്തില്‍ എന്ന ദലിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്യാനിടയായതില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്നും അദ്ദഹത്തെ സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ചത് ക്യാമ്പസിലെ ദളിത് വിദ്യാര്‍ഥി പ്രസ്ഥാനത്തെ അടിച്ചമര്‍ത്താനാണെന്നും ആരോപിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ രാജിക്ക് വേണ്ടി വിദ്യാര്‍ഥികള്‍ മുറവിളി കൂട്ടുന്നത്.

ക്യാമ്പസില്‍ സമാധാനാന്തരീക്ഷം ആഗ്രഹിക്കുന്നുവെങ്കില്‍ അപ്പറാവു സ്വയം മാറിനില്‍ക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതായിരുന്നു മാന്യത. അല്ലെങ്കില്‍ ഉത്തരവാദപ്പെട്ടവര്‍ അദ്ദേഹത്തെ മാറ്റി ആരോപണ വിധേയരല്ലാത്ത മറ്റാരെയെങ്കിലും നിയമിക്കണമായിരുന്നു. അപ്പറാവുവിന്റെ തിരിച്ചു വരവ് വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുമെന്ന് അറിയാമെന്നിരിക്കെ അതിന് വഴിയൊരുക്കിയ സര്‍വകലാശാല അധികൃതരാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്കുത്തരവാദി.

കേന്ദ്രത്തിലെ അധികാര പദവി ഉപയോഗപ്പെടുത്തി ഉന്നത വിദ്യാഭ്യാസ രംഗത്ത് ശക്തിപ്പെട്ടു വരുന്ന ജാതീയതക്കെതിരായ പോരാട്ടവും അംബേദ്കര്‍ പ്രത്യയ ശാസ്ത്രത്തിന്റെ മുന്നേറ്റവും ഇല്ലാതാക്കാമെന്നാണ് സവര്‍ണ ഫാസിസം കരുതുന്നതെങ്കില്‍ ദിവാസ്വപ്‌നമാണത്. സര്‍വകലാശാല അധികൃതരും ചില കേന്ദ്രമന്ത്രിമാരും ചേര്‍ന്ന് എല്ലാ അടവുകളും പയറ്റിയിട്ടും ഹൈദരാബാദ് സര്‍വകലാശാല, ജെ എന്‍ യു തുടങ്ങി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും ദളിത് പിന്നോക്ക വിദ്യാര്‍ഥികളെ നിശ്ശബ്ദരാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, അത്തരം അടിച്ചമര്‍ത്തലുകളെ അതിജീവിച്ചു അവര്‍ കൂടുതല്‍ ശക്തി കൈവരിക്കയുമാണ്.

മാത്രമല്ല രാജ്യത്തെ മറ്റു സര്‍വകലാശാലകളിലും ഇതിന്റെ അലയൊലികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഹൈദരാബാദ് സര്‍വകലാശാല സമരത്തിന് ആഭിമുഖ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം രാജ്യത്തെ വിവിധ കോളജുകളില്‍ വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങിയത് ശ്രദ്ധേയമാണ്. ജാതീയതയും സമുദായ വിവേചനവുമെല്ലാം പ്രാകൃതവും പരിഷ്‌കൃത ഇന്ത്യക്ക് നാണക്കേടുമാണ്.

താണ ജാതിക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസവും സ്ഥാനങ്ങളും പ്രാപ്യമാകരുതെന്ന് സവര്‍ണന്റെ ദുഷ്ടമോഹം ഇനി നടപ്പില്ല. വേദമോതുന്നവന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്ന സിദ്ധാന്തം കാലാഹരണപ്പെട്ടുകഴിഞ്ഞു. സ്ഥിതി സമത്വം പ്രഖ്യാപനങ്ങളിലും പ്രകടനപത്രികയിലും പരിമിതപ്പെടുത്താതെ പിന്നാക്ക, ദളിത് വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയവും ബൗദ്ധികവുമായ ഇടപെടലുകള്‍ക്ക് അവസരം നല്‍കാനുള്ള അധികൃതരുടെ വിശാലമനസ്‌കതയാണ് ഇന്നിന്റെ ആവശ്യം.

Latest