Connect with us

Kerala

ജെ ഡി യു ഇറങ്ങിപ്പോയി; ആര്‍ എസ് പിയുമായും ധാരണയായില്ല

Published

|

Last Updated

തിരുവനന്തപുരം: യു ഡി എഫിലെ സീറ്റ് വിഭജനത്തിനായി ആര്‍ എസ് പിയുമായും ജെ ഡി യുവുമായും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ആവശ്യപ്പെടുന്ന സീറ്റുകള്‍ വെച്ചുമാറില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നതോടെ ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്ന് ജെ ഡി യു ഇറങ്ങിപ്പോയി. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍ എല്ലാ സീറ്റിലും കോണ്‍ഗ്രസ് തന്നെ മത്സരിക്കട്ടെയെന്ന് പറഞ്ഞാണ് എം പി വീരേന്ദ്രകുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ചര്‍ച്ച ബഹിഷ്‌കരിച്ചത്. മത്സരിക്കാതെ മുന്നണിയില്‍ തുടരാമെന്നും ജെ ഡി യു അറിയിച്ചു.
വിജയസാധ്യതയില്ലാത്ത മട്ടന്നൂര്‍, നേമം, എലത്തൂര്‍ സീറ്റുകള്‍ വെച്ചുമാറണമെന്നായിരുന്നു ജെ ഡി യുവിന്റെ ആവശ്യം. പകരം കായംകുളം, കോവളം, ചാലക്കുടി സീറ്റുകള്‍ വേണമെന്ന ആവശ്യം ആവര്‍ത്തിച്ചു. എന്നാല്‍, ഇത് പരിഗണിക്കാനാകില്ലെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. സീറ്റുകള്‍ വിട്ടുനല്‍കാനാകില്ലെന്നും നേമത്ത് ജെ ഡി യു തന്നെ മത്സരിക്കണമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ശക്തനായ സ്ഥാനാര്‍ഥിയെ നേമത്ത് രംഗത്തിറക്കണമെന്നും ജെ ഡി യുവിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ജെ ഡി യുമായുള്ള ചര്‍ച്ച തിങ്കളാഴ്ച ഡല്‍ഹിയില്‍ പുനരാരംഭിക്കുമെന്ന് യു ഡി എഫ് നേതൃത്വം അറിയിച്ചു. ഏഴ് സീറ്റുകളാണ് ജെ ഡി യുവിന് നല്‍കിയിരുന്നത്. കഴിഞ്ഞ തവണ പരാജയപ്പെട്ട സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന കാര്യത്തില്‍ പിന്നോട്ടുപോകേണ്ടതില്ലെന്നാണ് ജെ ഡി യു നിലപാട്.
ആറ് സീറ്റുകളാണ് ആര്‍ എസ് പി ആവശ്യപ്പെട്ടത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ അഞ്ച് സീറ്റേ നല്‍കാന്‍ കഴിയുകയുള്ളൂവെന്ന് യു ഡി എഫ് നേതൃത്വം അറിയിച്ചു. ഇരവിപുരം, കുന്നത്തൂര്‍, ചവറ, ആറ്റിങ്ങല്‍ അല്ലെങ്കില്‍ ചിറയിന്‍കീഴ്, മലബാറില്‍ ഒരു സീറ്റ് എന്നിങ്ങനെയാണ് കോണ്‍ഗ്രസ് നിര്‍ദേശിച്ച മണ്ഡലങ്ങള്‍. ഇതില്‍ ഇരവിപുരം, കുന്നത്തൂര്‍, ചവറ എന്നിവ ആര്‍ എസ്പിയുടെ സിറ്റിംഗ് സീറ്റുകളാണ്. ആറ്റിങ്ങലില്‍ ആര്‍ എസ് പി മത്സരിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍, വാമനപുരം വിട്ടുനല്‍കണമെന്ന നിലപാടാണ് ആര്‍ എസ് പി സ്വീകരിച്ചത്. കേരളാ കോണ്‍ഗ്രസ് മാണി, ജേക്കബ് വിഭാഗങ്ങളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഇന്ന് നടക്കും.