Connect with us

Kerala

സഹകരണ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍; മന്ത്രിയായി പിന്മടക്കം

Published

|

Last Updated

വന്നു, കണ്ടു, കീഴടക്കി, മടങ്ങുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ സി എന്‍ ബാലകൃഷ്ണനെ ലളിതമായി അവതരിപ്പിക്കാം ഇങ്ങിനെ. 2011ല്‍ കന്നിയങ്കത്തിന് ഇറങ്ങി. മികച്ച ഭൂരിപക്ഷം നേടി ജയിച്ചു. അപ്രതീക്ഷിതമായി മന്ത്രിയായി. സാഹചര്യം പ്രതികൂലമാണെന്ന്കണ്ട് ഇനിയൊരങ്കത്തിന് ഇല്ലെന്ന് വ്യക്തമാക്കി പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നു. സഹകരണ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ സജീവമായി സഹകരണ മന്ത്രിയായ ശേഷമുള്ള പിന്മടക്കം.
81ന്റെ അനാരോഗ്യം മുന്‍നിര്‍ത്തി യുവതിരുത്തല്‍ വാദികള്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് ഇനിയും മത്സരിക്കുന്നതില്‍ നിന്ന് ബാലകൃഷ്ണനെ പിന്നോട്ട് വലിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി വരെ വീണ്ടുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് ആവര്‍ത്തിച്ചതാണ്. വടക്കാഞ്ചേരിയില്‍ മത്സരിക്കാന്‍ ആരും വരേണ്ടെന്ന് തൃശൂര്‍ തട്ടകമാക്കിയ നേതാക്കളോടെല്ലാം പറഞ്ഞുവെച്ചു. പത്ത് തവണ മത്സരിച്ച ഉമ്മന്‍ ചാണ്ടിയും എട്ട് തവണ എം എല്‍ എയായ കെ സി ജോസഫും വീണ്ടും മത്സരിക്കാനിറങ്ങുമ്പോള്‍ താന്‍ മാറണമെന്ന ചിന്തയില്‍ നിന്ന് രൂപപ്പെട്ട പ്രഖ്യാപനം. എന്നാല്‍, ഗ്രൂപ്പ് യുദ്ധം മുറുകി നില്‍ക്കുന്ന തൃശൂരില്‍ സ്ഥാനാര്‍ഥിത്വം സുഗമമാകില്ലെന്ന ബോധ്യത്തിലാണ് ഇനി മത്സരിക്കാനില്ലെന്ന് തുറന്ന് പറയാന്‍ ബാലകൃഷ്ണനെ പ്രേരിപ്പിച്ചത്.
തൃശൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉഗ്രപ്രതാപിയായിരുന്നു സി എന്‍ ബാലകൃഷ്ണന്‍. കെ കരുണാകരന്റെ നേര്‍ അനുയായി. ലീഡറുടെ തട്ടകത്തില്‍ അദ്ദേഹത്തിന്റെ അരുമശിഷ്യനായി സി എന്‍ വളര്‍ന്നു. പക്ഷെ, കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ കൂടെ പോയില്ല. പിന്നീടിരുവരും ബദ്ധവൈരികളായി. കരുണാകരന്റെ മൃതദേഹം തൃശൂര്‍ ഡി സി സിയില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതോളം വളര്‍ന്നു ഈ അകല്‍ച്ച.
രാഷ്ട്രീയത്തില്‍ പലരോടും നിസ്സഹകരിച്ചിട്ടുണ്ട് ബാലകൃഷ്ണന്‍. പക്ഷെ സഹകാരിയെന്ന നിലയില്‍ പേരെടുത്തു. മില്‍മ തുടങ്ങും മുമ്പെ ക്ഷീരസംഘം ഉണ്ടാക്കി പ്രവര്‍ത്തിച്ചു കാണിച്ച് കൊടുത്തിട്ടുണ്ട്. പാര്‍ട്ടിയിലെന്ന പോലെ മന്ത്രിയായപ്പോഴും വിവാദങ്ങളായിരുന്നു ബാലകൃഷ്ണന്റെ കൂട്ട്. കണ്‍സ്യൂമര്‍ ഫെഡ് അഴിമതി മുതല്‍ തച്ചങ്കരിയുടെ സ്ഥാനചലനത്തില്‍ വരെ സി എന്‍ ബാലകൃഷ്ണന്റെ കാര്‍ക്കശ്യം കേരളം കണ്ടു. മാധ്യമങ്ങളില്‍ നിന്ന് അകന്ന് നിന്ന മന്ത്രിയെ തേടി മാധ്യമപ്രവര്‍ത്തകര്‍ അങ്ങോട്ടുചെന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഏറ്റവും ഔദ്യോഗിക വാര്‍ത്താസമ്മേളനം നടത്തിയത് മന്ത്രി സി എന്‍ ബാലകൃഷ്ണനായിരിക്കും. ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ടും തൃശൂര്‍ മേയറായി മകളെ പ്രതിഷ്ടിക്കാന്‍ നടത്തിയ നീക്കവും പ്രതിരോധത്തിലാക്കി. പുഴയ്ക്കല്‍ ചെമ്മങ്ങാട്ട് വളപ്പില്‍ നാരായണന്റെയും പാറു അമ്മയുടെയും ആറാമത്തെ മകനായി 1936 നവംബര്‍ 18നാണ് ജനനം. പുഴയ്ക്കല്‍ ഗ്രാമീണവായനശാലയുടെ ലൈബ്രേറിയനായി പൊതുരംഗ പ്രവേശം. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായത് വിനോബാ ഭാവേയുടെ ഭൂദാന്‍ യജ്ഞത്തിലൂടെ. ഭൂദാന്‍ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 45 ദിവസം നടന്ന പദയാത്രയില്‍ പങ്കെടുത്തു. തൃശൂര്‍ ഡി സി സി ഓഫീസ്, ജില്ലാ സഹകരണ ബേങ്കിന്റെ ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, കെ പി സി സി ആസ്ഥാന മന്ദിരം തുടങ്ങിയവയുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കി. ഖാദി ഗ്രാമ വ്യവസായ അസോസിയേഷന്റെ പ്രസിഡന്റായ അദ്ദേഹം സംസ്ഥാന ഖാദി ഫെഡറേഷന്റെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിന് എഴുപതുകളില്‍ ജീവന്‍ നല്‍കിയ പുസ്തക പ്രേമി കൂടിയായിരുന്നു ബാലകൃഷ്ണന്‍. അതിന്റെ സ്മരണയെന്നോണം സപ്തതി മന്ദിരത്തില്‍ നല്ലൊരു ലൈബ്രറിയുണ്ട്. തൃശൂര്‍ ഡി സി സി ട്രഷററും, വൈസ് പ്രസിഡന്റും പ്രസിഡന്റുമായിരുന്ന അദ്ദേഹം കെ പി സി സി ട്രഷററായും പ്രവര്‍ത്തിച്ചു. 2011ലെ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അദ്ദേഹം സി പി എമ്മിലെ എന്‍ ആര്‍ ബാലനെയാണ് നേരിട്ടത്. ഭൂരിപക്ഷം 6685 വോട്ട്.

Latest