Connect with us

Gulf

പാസ്‌പോര്‍ട്ടുകള്‍ മോഷ്ടിച്ചു കടന്ന ബംഗ്ലാദേശിക്ക് ഒരു വര്‍ഷം തടവ്

Published

|

Last Updated

ദോഹ: സഹപ്രവര്‍ത്തകരുടെ പാസ്‌പോര്‍ട്ടുകള്‍ മോഷ്ടിച്ച രാജ്യത്തു നിന്നു കടക്കുകയും പാസ്‌പോര്‍ട്ടുകള്‍ തിരിച്ചു കൊടുക്കാന്‍ വില പേശുകയും ചെയ്ത ബംഗ്ലാദേശ് സ്വദേശിയെ ദോഹ ക്രിമിനല്‍ കോടതി അദ്ദേഹത്തിന്റെ അഭാവത്തില്‍ ഒരു വര്‍ഷം തടവിനു ശിക്ഷച്ചു. പ്രതി അറസ്റ്റിലാകുമ്പോഴാണ് ശിക്ഷ നടപ്പിലാക്കുക.
രാജ്യത്തുണ്ടായിരുന്ന പ്രതി സഹപ്രവര്‍ത്തകരുടെ പാസ്‌പോര്‍ട്ടുകള്‍, 3700 റിയാല്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയുമായാണ് സ്വദേശത്തേക്കു കടന്നത്. ഒരു ദിവസം ജോലിക്കിടെ നേരത്തേ റൂമിലെത്താന്‍ താത്പര്യം കാണിച്ച പ്രതി കൂടെ താമസിച്ചിരുന്ന സഹപ്രവര്‍ത്തകനില്‍ നിന്ന് താക്കോല്‍ വാങ്ങി പോകുകയാരുന്നു. തുടര്‍ന്ന് ഇയാള്‍ റൂമിലുണ്ടായിരുന്ന കൂട്ടുകാരുടെ പാസ്‌പോര്‍ട്ടുകളും പണവും ഫോണുകളും കവര്‍ന്നു. അന്നു തന്നെ ആരോടും പറയാതെ സ്വദേശത്തേക്കു പോകുകയും ചെയ്തു.
നാട്ടിലെത്തിയ ശേഷം പാസ്‌പോര്‍ട്ട് തന്റെ കൈവശമുണ്ടെന്നും അതു കിട്ടണമെങ്കില്‍ 1500 റിയാല്‍ വീതം അയച്ചു തരണമെന്നും ആവശ്യപ്പെട്ടു. പണം കൊടുക്കാന്‍ വിസമ്മതിച്ച സഹപ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ബംഗ്ലാദേശില്‍ നിന്നും ഖത്വറിലെത്തിയ ഒരാള്‍ ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ കൊണ്ടു വന്നു കൊടുത്തു. ബംഗ്ലാദേശിലെ ഒരു പോലീസ് സ്റ്റേഷന്‍ മുഖേന പ്രതി പാസ്‌പോര്‍ട്ടുകള്‍ കൊടുത്തുവിടുകയായിരുന്നുവെന്ന് ബോധ്യമായി. എന്നാല്‍ കോടതിയിലെത്തിയ കേസില്‍ പ്രതി അറസ്റ്റിലാകുമ്പോള്‍ നടപ്പിലാക്കണമെന്ന രീതിയില്‍ തടവു ശിക്ഷ വിധിക്കുകയായിരുന്നു.
അതിനിടെ ഒരു സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് പ്രതിചേര്‍ക്കപ്പെട്ട കേസില്‍ ദോഹ ക്രിമിനല്‍ കോടതി വാദം കേട്ടു. കുടുംബവഴക്കിനെത്തുടര്‍ന്നായിരുന്നു സംഭവം. ഇലക്ട്രിക് കേബിള്‍ കൊണ്ട് നിരന്തരമായി ഏറ്റ മര്‍ദനമാണ് മരണകാരണമെന്ന് മരണപ്പെട്ട സ്ത്രീയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. തിളച്ച വെള്ളം ശരീരത്തില്‍ ഒഴിച്ചതായും കണ്ടെത്തി. മര്‍ദനത്തെത്തുടര്‍ന്ന് സ്ത്രീ ബോധരഹിതയായപ്പോള്‍ പ്രതി ആംബുലന്‍സ് വിളിച്ചു വരുത്തുകയായിരുന്നു. ആശുപത്രിയില്‍ വെച്ചു മരിച്ച സ്ത്രീയുടെ മരണകാരണം സംബന്ധിച്ചു നടത്തിയ പരിശോധനയാണ് കൊലപാതകമാണെന്നു വ്യക്തമാക്കിയത്.