Connect with us

Kerala

തിരുവല്ലയെച്ചൊല്ലി കോണ്‍ഗ്രസുമായി കേരള കോണ്‍ഗ്രസ് എം ഇടയുന്നു

Published

|

Last Updated

കോട്ടയം: അധികം സീറ്റുകള്‍ ചോദിച്ച് കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ തീരുമാനമാകാതെ ഉഴലുന്നതിനിടെ തിരുവല്ല സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസ് നടത്തുന്ന അവകാശവാദത്തിനെതിരെ കേരള കോണ്‍ഗ്രസ് എമ്മില്‍ അമര്‍ഷം പുകയുന്നു. തിരുവല്ലയില്‍ മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് എം പത്തനംതിട്ട ജില്ലാ പ്രസിഡന്റും കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാര്‍ഥിയുമായ വിക്ടര്‍ ടി തോമസ്, മുന്‍ കല്ലൂപ്പാറ എം എല്‍ എയും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ജോസഫ് എം പുതുശേരി എന്നിവരാണ് രംഗത്തുള്ളത്.
ഇത്തവണ പുതുശേരിക്ക് തീരുവല്ല സീറ്റ് ഏറെക്കുറെ ഉറപ്പായ വേളയിലാണ് രാജ്യസഭാ ഉപാധ്യക്ഷനും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായ പി ജെ കുര്യന്‍ പുതുശേരിക്കെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്ത് എത്തി. തിരുവല്ലയില്‍ ജോസഫ് എം പുതുശേരി സ്ഥാനാര്‍ഥിയായി അംഗീകരിക്കാനാകില്ലെന്ന് കുര്യന്‍ പറഞ്ഞു.
കഴിഞ്ഞ തവണ തിരുവല്ലയില്‍ മത്സരിച്ച യു ഡി എഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ പുതുശേരി ശ്രമിച്ചതായും അദേഹം ആരോപിക്കുന്നു. തിരുവല്ല മണ്ഡലത്തില്‍ ഉള്‍പ്പെട്ട തിരുവല്ല, മല്ലപ്പള്ളി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റികള്‍ യോഗം ചേര്‍ന്ന് തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് പ്രമേയം പാസാക്കുകയും ചെയ്തു. പുതുശേരിയെ സ്ഥാര്‍ഥിയാകകരുതെന്നും കെ പി സി സിക്ക് നല്‍കിയ പ്രമേയത്തില്‍ നിര്‍ദേശമുണ്ട് . കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ കെ ആന്റണി പങ്കെടുത്ത പ്രചരണ യോഗത്തില്‍നിന്ന് പുതുശേരി വിട്ടുനിന്നു, ഓര്‍ത്തഡോക്‌സ് സഭയെ കോണ്‍്രഗസ് വിരുദ്ധ നിലപാട് എടുക്കാന്‍ പ്രേരിപ്പിച്ചു .തുടങ്ങിയ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റികള്‍ പുതുശ്ശേരിക്കെതിരെ ആരോപിക്കുന്നത്.
യു ഡി എഫ് മണ്ഡലമെന്ന് അറിയപ്പെട്ട തിരുവല്ലയില്‍ സിറ്റിംഗ് എം എല്‍ എയായ ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എല്ലാ തിരെഞ്ഞെടുപ്പുകളിലും യു ഡി എഫിലെ അനൈക്യവും വിമത ശല്യവും അനുകൂല ഘടകമാക്കിയാണ് വിജയിക്കുന്നത്. ഈ സാഹചര്യത്തില്‍ തിരുവല്ല തിരിച്ചുപിടിക്കാന്‍ കൂട്ടായ പരിശ്രമം നടത്തുന്നതിന് പകരം കോണ്‍ഗ്രസ് നേതാവ് വ്യക്തി വിരോധം തീര്‍ക്കാന്‍ തിരഞ്ഞെടുപ്പ് കാലം ഉപയോഗിക്കുന്നുവെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ പരാതി. ഇക്കാര്യം യു ഡി എഫ് യോഗത്തില്‍ ഉന്നയിക്കാനും കേരളാ കോണ്‍ഗ്രസ് ആലോചിക്കുന്നു.
വര്‍ഷങ്ങളായി തങ്ങള്‍ മത്സരിച്ചുവരുന്ന സീറ്റില്‍ ആര് സ്ഥാനാര്‍ഥിയാകണമെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസല്ലെന്നാണ് കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പറയുന്നത്. യു ഡി എഫിലെ സീറ്റുചര്‍ച്ച പോലും പൂര്‍ത്തിയാകുംമുമ്പ് ഘടക കക്ഷിയുടെ സ്ഥാനാര്‍ഥി ആരായിരിക്കണമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി പി ടി ജോസ് പറഞ്ഞു. തിരുവല്ല കേരള കോണ്‍ഗ്രസിന്റെ സീറ്റാണ്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബാഹ്യ ഇടപെടല്‍ അനുവദിക്കില്ലെന്നും അദേഹം വ്യക്തമാക്കുന്നു. അടുത്ത തവണ പി ജെ കുര്യന്‍ തിരുവല്ല സീറ്റില്‍ മത്സരിക്കാന്‍ തയാറെടുക്കുന്നതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഇത്തരം ഇടപെടലെന്നാണ് പുതുശ്ശേരിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. റാന്നി നല്‍കി പകരം തിരുവല്ല സീറ്റ് ഏറ്റെടുക്കണമെന്ന കോണ്‍ഗ്രസ് ആവശ്യവും ഇതിന്റെ ഭാഗമാണെന്നും ഇവര്‍ പറയുന്നു.
അതിനിടെ, വിക്ടര്‍ ടി തോമസിന് ഒരുതവണ കൂടി അവസരം നല്‍കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ യൂത്ത് ഫ്രണ്ട് എം ജില്ലാ നേതൃത്വം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇവര്‍ക്ക് പാര്‍ട്ടി നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പുതുശേരി സമ്മര്‍ദം ചെലുത്തിയാണ് നോട്ടീസ് നല്‍കിയതെന്നാണ് ജില്ലാ നേതൃത്വം ആരോപിക്കുന്നത്.

Latest