Connect with us

National

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ വിമത നീക്കത്തെ തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്ത ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഭരണ പ്രതിസന്ധി നിലനില്‍ക്കെ കഴിഞ്ഞ ദിവസം രാത്രി വൈകി ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് സംസ്ഥാനത്ത് രാഷട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്തത്. തുടര്‍ന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഇതിന് അംഗീകാരം നല്‍കുകയായിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നതായി ഗവര്‍ണര്‍ കെ കെ പോള്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ശിപാര്‍ശക്കൊപ്പം ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് രാഷ്ട്രപതിയുടെ നടപടി.
സംസ്ഥാനത്ത് കടുത്ത ഭരണപ്രതിസന്ധി നിലനില്‍ക്കുന്നുവെന്ന് ഗവര്‍ണര്‍ കെ കെ പോള്‍ കേന്ദ്ര മന്ത്രിസഭക്ക് നല്‍കിയ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു. ഇതോടൊപ്പം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്, വിമത കോണ്‍ഗ്രസ് എം എല്‍ എമാരുടെ പിന്തുണ നേടിയെടുക്കാന്‍ കൈക്കൂലി വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങള്‍ വ്യാജമല്ലെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. ഗവര്‍ണറുടെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഇന്ന് നിയസഭയില്‍ വിശ്വാസ വോട്ട് തേടാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാറിന്റെ തിരക്കിട്ടുള്ള നീക്കം.
കഴിഞ്ഞ ദിവസം ഒമ്പത് വിമത എം എല്‍ എമാരെ സ്പീക്കര്‍ ഗോവിന്ദ് സിംഗ് കുഞ്ച്വാള്‍ അയോഗ്യരാക്കിയിരുന്നു. അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസിന്റെ സമയപരിധി അവസാനിച്ചതോടെയാണ് സ്പീക്കര്‍ നടപടിയെടുത്തത്. ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഹരീഷ് റാവത്ത് സ്പീക്കറെ കണ്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അസമില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് എത്തിയതിന് തൊട്ടുപിന്നാലെ ഉത്തരാഖണ്ഡ് വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര മന്ത്രിസഭാ യോഗം ചേരുകയായിരുന്നു. യോഗ തീരുമാന പ്രകാരം കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാഷ്ട്രപതിയുമായി നേരിട്ട് ചര്‍ച്ച നടത്തി ശിപാര്‍ശ നല്‍കുകയായിരുന്നു.
ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ ഒമ്പത് പാര്‍ട്ടി എം എല്‍ എമാര്‍ വിമത നീക്കം നടത്തിയതോടെയാണ് ഉത്തരാഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചത്. സംസ്ഥാന ബജറ്റ് പാസാക്കാനൊരുങ്ങുമ്പോഴായിരുന്നു ഒമ്പത് കോണ്‍ഗ്രസ് എം എല്‍ എമാര്‍ സര്‍ക്കാറിനെതിരെ രംഗത്തെത്തിയത്. മുന്‍ മുഖ്യമന്ത്രിയും ഹരീഷ് റാവത്തിന്റെ എതിരാളിയുമായ വിജയ് ബഹുഗുണയുടെ നേതൃത്വത്തിലായിരുന്നു വിമത നീക്കം.
ഇതിനിടെ, ഹരീഷ് റാവത്ത് വിമത എം എല്‍ എമാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്ന ഒളിക്യാമറ ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തിങ്കളാഴ്ച നടക്കുന്ന വിശ്വാസ വോട്ടില്‍ പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പണം വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങള്‍ വിമത എം എല്‍ എമാരായ സാകേത് ബഹുഗുണ, ഹരക് സിംഗ് റാവത്ത്, സുബോധ് ഉനിയാല്‍ എന്നിവരാണ് പുറത്തുവിട്ടത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ വിമത നേതാവ് വിജയ് ബഹുഗുണ സ്വാഗതം ചെയ്തു.
കഴിഞ്ഞ നാല് വര്‍ഷമായി കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന ഉത്തരാഖണ്ഡില്‍ നിയമസഭയിലുള്ള ആകെയുള്ള എഴുപതംഗങ്ങളില്‍ 36 കോണ്‍ഗ്രസ് അംഗങ്ങളും പുരോഗമന ജനാധിപത്യ സഖ്യത്തിലെ ആറംഗങ്ങളും ഹരീഷ് റാവത്തിനെ പിന്തുണച്ചിരുന്നു.
എന്നാല്‍ 28 അംഗങ്ങളുള്ള ബി ജെ പിക്ക് ഒമ്പത് വിമതരുടെ പിന്തുണ കൂടി ലഭിക്കുമ്പോള്‍ കേവല ഭൂരിപക്ഷം ലഭിക്കുമെന്നതിനാല്‍ തങ്ങളെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാണ് ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നത്.

---- facebook comment plugin here -----

Latest