Connect with us

National

മല്യക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: കോടികള്‍ ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വിജയ് മല്യക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കര്‍ഷകരുടേയും പാവപ്പെട്ടവരുടേയും പണമാണ് മല്യയെപ്പോലെയുള്ളവര്‍ കൊള്ളയടിക്കുന്നത്. ഈ പണം തിരികെ പിടിച്ചെടുക്കുമെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസാണ് വിജയ് മല്യയെ സഹായിക്കുന്നത്. ധനികരുടെ കീശ നിറയ്ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു.

വിജയ് മല്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി ആദ്യമായാണ് പ്രതികരിക്കുന്നത്. ഈ മാസം രണ്ടിനാണ് വിജയ് മല്യ വിദേശത്തേക്ക് കടന്നത്. വിവിധ ബാങ്കുകളില്‍ നിന്നെടുത്ത 9000 കോടി രൂപയുടെ ബാങ്ക് വായ്പ അടയ്ക്കാതെ കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് മല്യ രാജ്യം വിട്ടത്. ബ്രിട്ടണിലുള്ള ആഡംബര വസതിയില്‍ മല്യ സുഖവാസത്തിലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം താന്‍ ഇന്ത്യയിലേക്ക് തിരികെ വരാനുള്ള സമയമായിട്ടില്ലെന്ന് മല്യ ട്വിറ്ററിലൂടെ പ്രതികരിച്ചു.

ഇതിനിടെ രാജ്യത്തെ കര്‍ഷകര്‍ക്കായുള്ള ഇന്റര്‍നെറ്റ് ആപ്ലിക്കേഷനായ കിസാന്‍ സുവിധ പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിച്ചു. കര്‍ഷകര്‍ ജലസംരക്ഷണത്തിന് ഊന്നല്‍ നല്‍കണമെന്ന് പ്രധാനമന്ത്രി മന്‍ കി ബാത്തിലൂടെ ആവശ്യപ്പെട്ടു. അവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ തൊഴില്‍ പ്രാവീണ്യം നേടാന്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ്, ഇന്ത്യക്ക് ലഭിച്ച അംഗീകാരമാണ്. എല്ലാ ഗ്രാമങ്ങളിലേക്കും ഫുട്‌ബോളിനെ എത്തിക്കാന്‍ കഴിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.