Connect with us

Gulf

ജീവിതത്തില്‍ വീടിന്റെ പങ്ക് തുറന്നുകാട്ടി വീട്ടുകാര്യം പ്രദര്‍ശനം

Published

|

Last Updated

ദോഹ: സഞ്ചരിക്കുന്ന കലാ പ്രദര്‍ശനമായ “വീട്ടുകാര്യ”ത്തിന്റെ മൂന്നാം പതിപ്പുമായി ദോഹ ഫയര്‍ സ്റ്റേഷന്‍. ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ജീവിതത്തിന്റെ പരിച്ഛേദമായി ഒരു വീടിനെ അവതരിപ്പിക്കുകയാണ് ഇതിലൂടെ. ഖത്വറിലെ വിര്‍ജിനിയ കോമണ്‍വെല്‍ത്ത് യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, സാംസ്‌കാരിക പുരോഗമന സംഘടനയായ ബ്യൂറോ യൂറോപ എന്നിവയുടെ പങ്കാളിത്തത്തോടെ നടക്കുന്ന പ്രദര്‍ശനം ഫയര്‍ സ്റ്റേഷനിലെ ഗാരേജ് ഗാലറിയില്‍ മെയ് 15 വരെയുണ്ടാകും.
ബ്യൂറോ യൂറോപയുടെ വീട്ടുകാര്യ പ്രദര്‍ശനത്തിന്റെ ക്യുറേറ്റര്‍മാര്‍ ഗിയോവാന്നി ഇനെല്ല, അഗത ജാവോര്‍സ്‌ക എന്നിവരാണ്. അന്താരാഷ്ട്ര കലാകാരന്മാരാണ് അലങ്കാരപ്പണികള്‍ ചെയ്തത്. ജര്‍മനിയിലെ കോളോഗ്നിയിലും ചൈനയിലെ ഷെന്‍ഴേനിലും പ്രദര്‍ശനം നടന്നിരുന്നു. ഫയര്‍ സ്റ്റേഷനിലെ താമസക്കാരുടെയും വി സി യു ക്യുവിലെയും ആര്‍ട് ഫൗണ്ടേഷനിലെയും എം എഫ് എയിലെയും വിദ്യാര്‍ഥികളുടെയും പ്രാദേശിക രൂപകല്‍പ്പനകളും മറ്റ് ചിത്രപ്പണികളും കലാവസ്തുക്കളും ദോഹ പതിപ്പിലുണ്ട്. ദോഹ പതിപ്പിന്റെ ക്യൂറേറ്റര്‍മാര്‍ ആര്‍ട് ഫൗണ്ടേഷന്‍ പ്രോഗ്രാം ഡയറക്ടര്‍ സിമോണി മസ്‌കോലിനോ, ഫയര്‍ സ്റ്റേഷനിലെ താമസക്കാരി ആഇശ അല്‍സുവൈദി എന്നിവരാണ്. എം എഫ് എ, ആര്‍ട് ഫൗണ്ടേഷന്‍ ഫാക്വല്‍റ്റിമാരായ റയാന്‍ ബ്രൗണിംഗ്, മാര്‍കോ ബ്രൂമോ, റാഖേല്‍ കോന്‍, നഥാന്‍ ഡേവിസ്, ആല്‍ബര്‍ട്ടോ ഇയാകോവോനി, ജെസ്സി പിയ്ന്‍, തോമസ് മോദീന്‍ എന്നിവരുടെ സഹായം ലഭിച്ചിട്ടുണ്ട്. സ്വകാര്യതയും ജനകീയതയും, വിശ്വാസവും അവിശ്വാസവും, കാര്യങ്ങളില്‍ ഏര്‍പ്പെടലും പിന്‍വാങ്ങലും തുടങ്ങിയ ദൈനംദിന മനുഷ്യ ജീവിതത്തില്‍ വീടുകള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് പ്രദര്‍ശനം തുറന്നുകാട്ടുന്നു. 70 തരം പ്രദര്‍ശനങ്ങളാണ് ഉള്ളത്.

Latest