Connect with us

Gulf

സ്വകാര്യ സ്‌കൂളുകള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നുണ്ടെന്ന്

Published

|

Last Updated

ദോഹ: സ്വകാര്യ സ്‌കൂളുകള്‍ നേരിടുന്ന പ്രയാസങ്ങള്‍ നീക്കിക്കൊണ്ടിരിക്കുകയാണെന്ന് ഖത്വര്‍ ചേംബര്‍ ചെയര്‍മാനും വിദ്യാഭ്യാസ കമ്മിറ്റിയുടെ മേധാവിയുമായ മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ തവാര്‍ അല്‍ കുവാരി. വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഇത്.
അംഗപരിമിതര്‍ക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഖത്വര്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗപരിമിത സൗഹൃദ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും ലൈസന്‍സ് നേടുന്നതിനും നിക്ഷേപകര്‍ നേരിടുന്ന വെല്ലുവിളികളും യോഗത്തില്‍ ചര്‍ച്ചയായി. ബന്ധപ്പെട്ട അധികൃതരുടെ സഹകരണത്തോടെ ഈ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സമിതി വഹിക്കേണ്ട പങ്കും ചര്‍ച്ച ചെയ്തു. ഗുണഭോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്.
വിദ്യാഭ്യാസ മേഖലയില്‍ അംഗപരിമിതര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതുസംബന്ധിച്ച് പഠിച്ച വിദഗ്ധസംഘം 13 നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ചികിത്സയോടൊപ്പം പഠനത്തിന് പ്രയാസം നേരിടുന്നവരും ചികിത്സ മാത്രം ആവശ്യമുള്ളവരും എന്നിങ്ങനെ രണ്ടായി വിദ്യാഭ്യാസ മന്ത്രാലയം വര്‍ഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ അംഗപരിമിതര്‍ക്കുള്ള കേന്ദ്രത്തിന്റെ മേധാവി ഖാലിദ് അല്‍ സഅദി പറഞ്ഞു.
ആദ്യ വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അത്ര കര്‍ക്കശമല്ല. പക്ഷെ രണ്ടാം വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങളില്‍ ഡോക്ടറോ നഴ്‌സോ സ്ഥിരമായി വേണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ട്രീറ്റ്‌മെന്റ് നടത്താന്‍ നിയമം അനുവദിക്കാത്തതിനാല്‍ ഇതിനായി ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും ലൈസന്‍സ് ആവശ്യമാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഈ നിര്‍ദേശങ്ങളെ സംബന്ധിച്ച് പഠിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ഈഹാബ് അബ്ദുല്‍ അസീസ് പറഞ്ഞു.