Connect with us

Ongoing News

എണ്ണമേഖല ദോഹയിലേക്ക് തിരിയുന്നു; വില ഉയര്‍ത്താനുള്ള നടപടികളുണ്ടാകും

Published

|

Last Updated

pump-jack group

ദോഹ :എണ്ണ വില ഉയരാനുള്ള വഴികള്‍ തുറക്കപ്പെടുമെന്ന പ്രതീക്ഷയില്‍ എണ്ണയുത്പാദക രാജ്യങ്ങളും വ്യവാസായ മേഖലയും ദോഹയിലേക്കു തിരിയുന്നു. ഏപ്രില്‍ 17ന് ദോഹയില്‍ വിളിച്ചു ചേര്‍ത്തിട്ടുള്ള മീറ്റിംഗ് നിര്‍ണായകമായിരിക്കുമെന്ന വിശകലനങ്ങളും ചര്‍ച്ചകളും ഇതിനകം വന്നു കഴിഞ്ഞു. രാജ്യാന്തര മാധ്യമങ്ങള്‍ ദോഹ മീറ്റിംഗിന്റെ സാധ്യതകള്‍ അവലോകനം ചെയ്യുന്നു. ഉത്പാദനം കുറക്കാനുള്ള തീരുമാനത്തേക്കാള്‍ രാജ്യാന്തര വിപണിയില്‍ വില ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ക്ക് ദോഹ മീറ്റംഗ് കാരണമാകുമെന്നാണ് പ്രതീക്ഷകളുയര്‍ന്നിരിക്കുന്നതെന്ന് വ്യവയായ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഖത്വര്‍ ഗവണ്‍മെന്റിന്റെ നേതൃത്വത്തിലാണ് ദോഹയില്‍ എണ്ണയുത്പാദകരുടെ മീറ്റംഗ് വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ഇതിനകം പ്രധാന ഉത്പാദക രാജ്യങ്ങള്‍ മീറ്റിംഗില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപെക് അംഗങ്ങളുടെയും അംഗമല്ലാത്ത രാജ്യങ്ങളുടെയും സംഗമമാണ് ദോഹയില്‍ വിളിച്ചു ചേര്‍ത്തിട്ടുള്ളത്. യു എ ഇ, സഊദി ഉള്‍പ്പെടെ 15 ഉത്പാദക രാജ്യങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനുവരി നിലവാരത്തില്‍ ഉത്പാദനം മരവിപ്പിക്കാനുള്ള നീക്കം ചെറുകിട ഉത്പാദകര്‍ക്ക് ഗുണം ചെയ്യില്ല. അതുകൊണ്ട് വില ഉയരുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യക അര്‍ഥമൊന്നുമില്ലാത്തതും ഫലമില്ലാത്തതുമായ തീരുമാനമാണ് ജനുവരി ലെവലില്‍ ഉത്പാദനം മരവിപ്പിക്കാനുള്ളതെന്നും രണ്ടു ദശലക്ഷം ബാരല്‍ ഉത്പാദനം നിര്‍ത്തി വെക്കാന്‍ മാത്രമാണ് ഈ തീരുമാനം വഴി സാധിക്കുകയെന്നും ഇന്റര്‍നാഷനല്‍ ഓയില്‍ എക്കണോമിസ്റ്റും ലണ്ടന്‍ ഇ സി എസ് പി യൂറോപ്പ് ബിസിനസ് സ്‌കൂള്‍ എനര്‍ജി എക്കോണമി വിസിറ്റിംഗ് പ്രൊഫസറുമായ മംദൂഗ് ജി സലാമി ഗള്‍ഫ് ന്യൂസിനോടു പറഞ്ഞു.
ഉത്പാദനം മരവിപ്പിക്കാനുള്ള നിര്‍ദേശം വിപണിക്ക് കൃത്യമായ സന്ദേശമല്ല നല്‍കുന്നതെന്ന് അന്‍കാര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നഷനല്‍ സ്ട്രാറ്റജിക് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ എനര്‍ജി റിസര്‍ച്ചര്‍ ഹസന്‍ ഉസര്‍തീം പറയുന്നു. ഇത് ആഗോള ഉത്പാദന മേഖലയില്‍ വലിയ ചലനം ഉണ്ടാക്കാന്‍ പോകുന്നില്ല. ഉത്പാദനം മരവിപ്പിക്കുക എന്നാല്‍ സുസ്ഥിരമായി ഉത്പാദനം അടുത്ത വര്‍ഷം ഉണ്ടാകും എന്നാണ്. എന്നാല്‍, ഇറാന്‍, ഇറാഖ്, ലിബിയ തുടങ്ങിയ ഉത്പാദക രാജ്യങ്ങള്‍ പങ്കുചേരാത്ത മരവിപ്പിക്കലിന് വലിയ ഫലം കിട്ടില്ല. ഉത്പാദനം പൂര്‍ണമായും നിര്‍ത്തിവെക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014 ജൂണ്‍ മുതലാണ് എണ്ണയുത്പാദക രാജ്യങ്ങള്‍ വിലക്കുറവിന്റെ പ്രതിസന്ധി നേരിട്ടു തുടങ്ങിയത്. ബാരലിന് 115 അമേരിക്കന്‍ ഡോളര്‍ വിലയുണ്ടായിരുന്നതാണ് പകുതിയിലും താഴേക്ക് വന്നത്. രാജ്യാന്തര വിപണിയില്‍ അമേരിക്കന്‍ ഷെയ്ല്‍ ഓയില്‍ സുലഭമായതാണ് വിലക്കുറവിന്റെ പ്രധാന കാരണം. ഉത്പാദനം നിയന്ത്രിക്കുന്നതിലൂടെ വില വര്‍ധന സാധ്യതക്കൊപ്പം വിപണിയില്‍ മത്സരം സൃഷ്ടിക്കുക കൂടി ലക്ഷ്യം വെച്ചിരുന്നു. ജനുവരിയില്‍ രാജ്യാന്തര വിപണിയില്‍ ബാരലിന് 27 ഡോളറായി എണ്ണയുടെ വില കൂപ്പു കുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ 38നും 42നുമിടിയിലേക്ക് വില ഉയര്‍ന്നു വന്നിട്ടുണ്ട്. സഊദി, റഷ്യ, ഖത്വര്‍, വെനിസ്വേല എന്നീ രാജ്യങ്ങള്‍ ഉത്പാദനം ജനുവരി ലെവലില്‍ മരവിപ്പിക്കാന്‍ ഉണ്ടാക്കിയ കരാറാണ് വില ഉയരാന്‍ ഇടയാക്കിയതെന്ന് നിരീക്ഷണങ്ങളുണ്ട്.
എണ്ണ വില ഉയരുന്നത് അമേരിക്കന്‍ വിപണിയിലും മാറ്റങ്ങള്‍ക്കു വിധേയമാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ അമേരിക്കന്‍ എണ്ണ വിതരണത്തില്‍ 9.4 ദശലക്ഷം ബാരലിന്റെ ഉയര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് നേരത്തേ വന്ന വിപണി നിരീക്ഷണങ്ങളുടെ മൂന്നിരട്ടിയാണ്. ഉത്പാദനം മരവിപ്പിക്കാനുള്ള തീരുമാനത്തിന് വിപണിയില്‍ നിന്നും മികച്ച സൂചനകള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ദോഹ മീറ്റംഗിന് കൂടുതല്‍ പ്രസക്തിയുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. വിജയകരമായ മീറ്റിംഗായിരിക്കും ദോഹയിലേതെന്ന് ഒപെക് സെക്രട്ടറി ജനറല്‍ അബ്ദുല്ല സാലിം അല്‍ ബദ്‌രി കഴിഞ്ഞ ദിവസം വിയന്നയില്‍ പറഞ്ഞു.
വിപണിയില്‍ വില ഉയര്‍ത്തുന്നതിന് പുതിയ ഫോര്‍മുലകള്‍ കണ്ടെത്തണമെന്ന് ചില ചരാജ്യങ്ങള്‍ നിര്‍ദേശിക്കുന്നു. വിപണയിലെ സ്ഥിതി പ്രവചനാതീതമാണെന്നും ഉത്പാദനം മരവിപ്പിക്കാനുള്ള തീരുമാനം ചില നല്ല സൂചനകള്‍ നല്‍കിയെങ്കിലും അതു സ്ഥിരമായി നില്‍ക്കുമോ എന്നു പറയാന്‍ കഴിയില്ലെന്ന് സഊദി ദമ്മാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെട്രോളിയം ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ എനര്‍ജി വിദഗ്ധന്‍ മുസ്ഥഫ് അല്‍ അന്‍സാനി പറയുന്നു.
എനര്‍ജി ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് ആഗോള തലത്തില്‍ ആവശ്യമുള്ളതിനേക്കാള്‍ രണ്ടു മില്യന്‍ ബാരല്‍ എണ്ണ പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. വിപണിയില്‍ ആവശ്യത്തിലധികം എണ്ണ ഉള്ളപ്പോള്‍ പെട്ടെന്ന് മാറ്റം പ്രതീക്ഷിക്കേണ്ടതില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നുണ്ടെന്നും ഇത് വില വര്‍ധിക്കാനുള്ള സാധ്യതയാണെന്നും ഇന്‍ഡസ്ട്രിപ്രതിനിധികള്‍ പറയുന്നു. എല്ലാ വശങ്ങളും വിശദമായ ചര്‍ച്ചക്ക വിധേയമാക്കിയായിരിക്കും ദോഹ മീറ്റിംഗ് തീരുമാനമെടുക്കുക. ഈ തീരുമാനത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് മിഡില്‍ ഈസ്റ്റ്.

Latest