Connect with us

Gulf

അറബ് മനുഷ്യാവകാശദിനം ആഘോഷിച്ചു

Published

|

Last Updated

ദോഹ: ഖത്വര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അറബ് മനുഷ്യാവകാശദിനം ആചരിച്ചു. പോലീസ് കോളജ്, യുനൈറ്റഡ് നാഷന്‍സ് ഹ്യൂമന്‍ റൈറ്റ്‌സ് ട്രെയ്‌നിംഗ് ആന്‍ഡ് ഡോക്യുമെന്റേഷന്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ “എല്ലാവര്‍ക്കും അന്തസ്സ്” എന്ന സന്ദേശത്തിലായിരുന്നു പരിപാടികള്‍.
മനുഷ്യാവകാശവും അന്തസ്സും സംരക്ഷിച്ചുകൊണ്ട് നിയമപാലനവും സേവനവും നടത്തുന്നതിനുള്ള പരിശീലനമാണ് പോലീസ് കോളജ് നടത്തി വരുന്നതെന്ന് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് അബ്ദുല്ല അല്‍ മുഹന്ന പറഞ്ഞു. മനുഷ്യാവകാശത്തെ മാനിച്ചു കൊണ്ടുള്ളതാണ് ഖത്വര്‍ ഭരണഘടന. പെലീസ് കോളജ് മനുഷ്യാവകാശ സംരക്ഷണത്തിന് പ്രത്യേക പരിഗണന തന്നെ നല്‍കുന്നു. മാനുഷീക അന്തസ്സുകള്‍ സംരക്ഷിക്കപ്പെടാതെ സാമൂഹിക സുരക്ഷ പൂര്‍ണമാകില്ല. രാജ്യത്തു വസിക്കുന്ന എല്ലാവരുടെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഖത്വര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശം ശക്തിപ്പെടുത്തുന്നതില്‍ രാജ്യത്തിന്റെ കടപ്പാടാണ് അറബ് മനുഷ്യാവകാശദിനാഘോഷത്തിലൂടെ അറിയിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം മനുഷ്യാവകാശ വിഭാഗം അസി. ഡയറക്ടര്‍ കേണല്‍ സാദ് സലീം അല്‍ ദൊസരി പറഞ്ഞു. മനുഷ്യാവകാശം സന്ദേശവും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിന് ആഭ്യന്തര മന്ത്രലയം ശ്രമിച്ചു വരുന്നു. ഈ ആശയത്തില്‍ വ്യത്യസ്ത ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്വകാര്യ ഏജന്‍സികളുമായി സഹകരിച്ച് മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തനം നടത്തി വരുന്നതായി യു എന്‍ മനുഷ്യാവകാശ പരിശീലന കേന്ദ്രം ഡയറക്ടര്‍ ഡോ. ഉബൈദ് അഹ്മദ് അല്‍ ഉബൈദ് പറഞ്ഞു. 2002 മുതല്‍ രാജ്യത്തു പ്രവര്‍ത്തിച്ചു വരുന്ന ദേശീയ മനുഷ്യാവകാശ കമ്മിറ്റി മനുഷ്യാവകാശ നിഷേധങ്ങളെ പ്രതിരോധിക്കുന്നതിനും സന്ദേശം വ്യാപകമാക്കുന്നതിനും പരിശ്രമിച്ചു വരികയാണ്.
ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് സംസാരിച്ചു. സൈന്‍ മുഹ്‌സിന്‍ അല്‍ മിര്‍ഖാബ് (യമന്‍), ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ജന. സെക്രട്ടറി ദിവാകര്‍ പൂജാരി എന്നിവര്‍ സംസാരിച്ചു.
ഏഷ്യന്‍ സമൂഹത്തിന് വിശിഷ്യാ ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് ലഭിച്ചു വരുന്ന പരിഗണനയും അംഗീകാരവും രാജ്യം പുലര്‍ത്തുന്ന സഹിഷ്ണുതയുടെയും മനുഷ്യാവകാശത്തിന്റെയും അടയാളങ്ങളാണെന്ന് പൂജാരി പറഞ്ഞു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

Latest