Connect with us

National

ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കും അന്താരാഷ്ട്ര പിന്തുണ

Published

|

Last Updated

ന്യൂഡല്‍ഹി: ജെ എന്‍ യു വിഷയത്തില്‍ ലഭിച്ച അന്താരാഷ്ട്ര പിന്തുണക്ക് പിന്നാലെ ഹൈദരാബാദ് സര്‍വകലാശാല ക്യാമ്പസില്‍ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് അന്തര്‍ദേശീയ പിന്തുണ ലഭിക്കുന്നു. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കാദമിക പ്രവര്‍ത്തകരാണ് ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ മാസം 22ന് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ പോലീസ് മര്‍ദനത്തിനെതിരെയാണ് ഐക്യദാര്‍ഢ്യം. ലണ്ടന്‍ സര്‍വകാലാശാലയിലെ സ്‌കൂള്‍ ഓഫ് ഓര്‍റിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസിലെ സുബിര്‍ സിന്‍ഹ, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്‌ണോമിക്‌സിലെ ആല്‍ഫാ ഷാഹ്, വാര്‍വിക്ക് സര്‍വകലാശാലയിലെ രാംശി വര്‍മ, ലണ്ടന്‍ സര്‍വകാലാശാലയിലെ തന്നെ ജെന്‍ ലേര്‍ച്ച, അലസാന്‍ഡറി മെസാഡ്രി, നവേജ് പെരുമാള്‍ തുടങ്ങിയവരാണ് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
ക്യാമ്പസില്‍ നടന്ന സംഭവങ്ങള്‍ അത്ഭുതപ്പെടുത്തുന്നതും ഭീതിപ്പെടുത്തുന്നതുമാണെന്ന് പ്രസ്താവനയില്‍ അവര്‍ പറഞ്ഞു. ക്യാമ്പസിനകത്തെ പോലീസ് സാന്നിധ്യത്തെയും വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് നടത്തികൊണ്ടിരിക്കുന്ന അതിക്രമങ്ങളെയും അപലിപിക്കുന്നതായും അക്കാദമിക പ്രവര്‍ത്തകര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ ഹൈദരാബാദ് ക്യാമ്പസില്‍ നടക്കുന്ന പോലീസ് അതിക്രമങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. നീതിക്ക് വേണ്ടി പോരാടുന്നവര്‍ക്കെതിരെ കേസുകള്‍ ചാര്‍ജ് ചെയ്യുന്നത് ഞങ്ങളെ ഭയപ്പെടുത്തുന്നു. കസ്റ്റഡിയിലുള്ള വിദ്യാര്‍ഥികളെ അതിക്രമിക്കുന്ന വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ക്യാമ്പസില്‍ പോലീസിനെ വിന്യസിച്ചതില്‍ ഞങ്ങള്‍ അപലപിക്കുന്നു ജനാധിപത്യ വിരുദ്ധമാണ്. തുടങ്ങിയ കാര്യങ്ങളാണ് ബ്രിട്ടനിലെ അക്കാദമിക പ്രവര്‍ത്തകര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
രോഹിത് വെമുല വിഷയത്തില്‍ കുറ്റാരോപിതനായ സര്‍വകലാശാല വി സി അപ്പാറാവു തിരിച്ചെത്തിയത് മുതലാണ് ക്യാമ്പസില്‍ വീണ്ടും വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ആരംഭിച്ചത്. ഇതേ തുടര്‍ന്ന് 25 വിദ്യാര്‍ഥികളേയും അധ്യാപകരേയും പോലീസ് അന്യായമായി അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു. മുമ്പ് ജെ എന്‍ യു വിഷയത്തിലും നോം ചോംസ്‌കി അടക്കമുള്ള അന്താരാഷ്ട്ര വ്യക്തത്വങ്ങളും അക്കാദമിക വിദ്ഗ്ധരും പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു.

Latest