Connect with us

Articles

വെട്ടിയും തിരുത്തിയും തുരത്തിയും...

Published

|

Last Updated

തിരഞ്ഞെടുപ്പായി. പിന്നാലെ വന്നു പെരുമാറ്റച്ചട്ടം. വല്ലാത്ത ചട്ടമാണിത്. പഴയത് പോലെ ചാടാന്‍ പറ്റില്ല. ചാടിയാലോ ചടപട താഴെ വീഴും. ഒന്നനങ്ങിയാല്‍ ചട്ടലംഘനമാകും. ചട്ടത്തില്‍ കുടുങ്ങിയാല്‍ ചക്രശ്വാസം വലിക്കേണ്ടി വരും. ഇലക്ഷന്‍ കഴിയുംവരെ അടക്കണം വാക്കും പ്രവൃത്തിയും.
ഭരണക്കാര്‍ക്കാണ് ഏറെ ബുദ്ധിമുട്ട്. നാട്ടുകാര്‍ക്ക് വാഗ്ദാനം നല്‍കാന്‍ പറ്റില്ല. ഉദ്യോഗസ്ഥരെ വിരട്ടാനാകില്ല. മന്ത്രിയാണോ എന്ന് ചോദിച്ചാല്‍ അതെ എന്ന് ഉത്തരം. അല്ലേ എന്ന് ചോദിച്ചാല്‍ അല്ല എന്ന് ഉത്തരം. വിഷപ്പല്ല് പോയ പാമ്പിനെ പോലെ. അടങ്ങിയൊതുങ്ങി കഴിയുക. ഇനി റിസള്‍ട്ട് വന്ന് ഭരണം കിട്ടിയാല്‍ വീണ്ടും ഉഷാറായി. വാഴാം, ചെരുപ്പിന്റെ വാറഴിപ്പിക്കാം, പുറം ചൊറിയിപ്പിക്കാം… ഹൊ, ഈ പെരുമാറ്റച്ചട്ടം അതികഠിനമെന്റപ്പാ! മുമ്പേയുള്ള ഏര്‍പ്പാടാണ്.
ആദ്യം പട്ടിക പുറത്തിറക്കുക 92 വയസുള്ളയാള്‍ ഉള്‍പ്പെട്ട പാര്‍ട്ടിയാണ്. ചുമരെഴുത്തും പോസ്റ്ററൊട്ടിക്കലും മറ്റുള്ളവരേക്കാള്‍ മുമ്പേ സഖാക്കള്‍ നടത്തും. എന്നാല്‍ ഇത്തവണ ഏറെ മാറി. പറയുന്നത് പോലെയല്ല കാര്യങ്ങളുടെ പോക്ക്. സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ നേരത്തെ കാലത്തെ പുറപ്പെട്ടതാ. ഒന്നുമായില്ല. ഒന്ന് വലിയുമ്പോള്‍ മറ്റേത് അയയുന്നു.
ഇവിടെ പെരുമാറ്റച്ചട്ടമല്ല, പേരുമാറ്റച്ചാട്ടമാണ്. ജില്ലാ സെക്രേട്ടറിയറ്റ് പേര് പറയുന്നു, സംസ്ഥാന സെക്രട്ടേറിയറ്റ് വെട്ടിമാറ്റുന്നു. പുതിയ പേരുമായി കീഴ്ഘടകം, വെട്ടിനിരത്തലുമായി മേല്‍ഘടകം. കഴിഞ്ഞ രണ്ടാഴ്ചയായി ഇതാണ് സ്ഥിതി. ഒന്നിനുമില്ല ഒരു നിശ്ചയം. നാടൊട്ടുക്കും പോസ്റ്ററും പ്രതിഷേധജാഥയും. പേടിയായി. പേരുമാറ്റം. വീണ്ടും പോസ്റ്റര്‍. പേടി കൂടി. പേരുമാറ്റം. ലളിതയാകാം. ലളിത വേണ്ട. രാജീവ് വേണം, രാജീവ് വേണ്ട. എളമരം വേണ്ട. വേണ്ടെങ്കില്‍ വേണ്ട, വലിയ മരം ഉണ്ടല്ലോ.
കുപ്പായം ഇട്ടവര്‍ അഴിച്ചു വെക്കുന്നു. കുപ്പായമിടാത്തവര്‍ ഇടുന്നു, വീണ്ടും അഴിക്കല്‍. വെട്ടി, വെട്ടി നേതാക്കളുടെ കൈ കുഴഞ്ഞു, നോക്കി, നോക്കി അണികളുടെ കണ്ണ് കുഴഞ്ഞു. ലിസ്റ്റ് അടുപ്പത്ത് തന്നെ. കോണ്‍ഗ്രസുകാരും ലീഗുകാരും മോശമാക്കരുതല്ലോ. അവരും പോസ്റ്ററൊട്ടിക്കുന്ന തിരക്കിലാണ്. ഇവരെയൊന്നും തിരഞ്ഞെടുപ്പ് കാലത്ത് പോസ്റ്ററൊട്ടിക്കാന്‍ കിട്ടില്ല. ചുവരെഴുതാന്‍ കാണില്ല.
ഇതോടൊപ്പം ചാട്ടവുമുണ്ട്. നമ്മുടെ പിസി ചാട്ടത്തിനുള്ള ഒരുക്കമാണ്. പുറപ്പെട്ടിട്ടുണ്ട്. പക്ഷേ എത്തിയില്ല. കൊടുവള്ളിയിലെ കാരാട്ട് ചാടിക്കഴിഞ്ഞു. ഉടന്‍ എത്തിയേക്കും.
ഒപ്പമുള്ളവര്‍ വഴിയില്‍ കാത്തു കിടപ്പാണ്. എപ്പോഴാണ് ദര്‍ശനം കിട്ടുകയെന്ന് അറിയില്ല. യു ഡി എഫിന്റെ ലിസ്റ്റ് വന്നാല്‍ ചാടുന്നവരുടെ എണ്ണം ഇനിയും കൂടും. അപ്പോള്‍ ചാക്കുമായി നില്‍ക്കാം. വലയുമായി കാത്തിരിക്കാം. ആരാണ് കുടുങ്ങുകയെന്നറിയില്ലല്ലോ.
മോഹങ്ങള്‍ മരവിച്ചു, മോതിരക്കൈ മുരടിച്ചു… ആരോ പാടുകയാണ്. ആരാണത്?
ചെറിയാന്‍ ഫിലിപ്പായിരിക്കും. മുമ്പെങ്ങാന്‍ ചാടിവന്ന ഫിലിപ്പ്. എ കെ ജി സെന്ററിന്റെ മുമ്പിലിരുന്ന് താടി ചൊറിയാന്‍ തുടങ്ങിയിട്ട് കാലമേറെയായി!

---- facebook comment plugin here -----

Latest