Connect with us

Malappuram

ഉണ്ണിമോയിന് വാഴ കൃഷിയില്‍ വിജയഗാഥ

Published

|

Last Updated

എടവണ്ണപ്പാറ: അറുപത്തഞ്ചാം വയസ്സിലും തളരാത്ത ആത്മവിശ്വാസവുമായി പുഴക്കരയില്‍ വാഴകൃഷി ചെയ്യുകയാണ് മപ്രം അങ്ങാടിക്കടവത്ത് ഉണ്ണിമോയി. വീടിന്റെ തൊട്ടടുത്തുകൂടി ഒഴുകുന്ന ചാലിയാര്‍ പുഴയുടെ കരയിലാണ് ഇരുനൂറ്റി അമ്പതോളം വാഴകള്‍ കൃഷി ചെയ്ത് ഉണ്ണിമോയിന് ശ്രദ്ധേയനാകുന്നത്.
ചാലിയാറിന്റെ കരകള്‍ പലയിടങ്ങളിലും തരിശായി കിടക്കുമ്പോള്‍ തന്റെ പ്രയത്‌നം കൊണ്ട് വിജയം കൊയ്യുകയാണീ കര്‍ഷകന്‍. പ്രായത്തിന്റെ അവശതകള്‍ വക വെക്കാതെ മണ്ണിനെ പൊന്നാക്കുകയാണ് ഈ കര്‍ഷകന്‍. ചെറുപ്പത്തിലേ അരുവിയുമായി ബന്ധപ്പെട്ട് ജീവിതമാരംഭിച്ച ഉണ്ണിമോയി കഴിഞ്ഞ വര്‍ഷമാണ് വാഴ കൃഷി തുടങ്ങിയത്. ചാലിയാര്‍ പുഴയിലെ കൂളിമാട് കടവില്‍ കടത്ത് തോണി നടത്തിയിരുന്ന കാലത്ത് പുഴക്കരയില്‍ പച്ചക്കറി കൃഷി നടത്തിയിരുന്നു. അന്ന് ധാരാളം വിളവെടുത്തിരുന്നുവെന്നും അതാണ് തനിക്ക് പ്രചോദനമായതെന്നും ഉണ്ണിമോയി പറഞ്ഞു.
പുഴക്കരയില്‍ കൃഷി ചെയ്യുമ്പോള്‍ കൂടുതല്‍ മുടക്ക് മുതല്‍ വേണ്ടാത്തതിനാലും ചാലിയാറില്‍ നിന്ന് ധാരാളം വെള്ളം ലഭിക്കുന്നതിനാലും വാഴ കൃഷി തിരഞ്ഞെടുത്തത്. തുലാമാസത്തില്‍ വാഴ കൃഷി തുടങ്ങുമെന്നും എടവമാസത്തില്‍ വിളവെടുക്കുമെന്നും കര്‍ഷകന്‍ പറഞ്ഞു.
നേരത്തെ തണ്ടാടി ഉപയോഗിച്ച് മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഉണ്ണിമോയിക്ക് ചാലിയാറുമായി നല്ലൊരു ബന്ധമുണ്ട്. രാവിലെ ഏഴ് മണിക്ക് തന്റെ വാഴ തോട്ടത്തിലിറങ്ങുന്ന ഉണ്ണിമോയിയെ മക്കളും സഹായിക്കാന്‍ കൂട്ടിനുണ്ട്.

Latest