Connect with us

Kerala

റിപ്പര്‍ മോഡലില്‍ ഒമ്പത് കൊല; പ്രതി പിടിയില്‍

Published

|

Last Updated

കൊച്ചി: റിപ്പര്‍ മോഡലില്‍ ഒമ്പത് പേരെ തലക്കടിച്ചു കൊന്ന പ്രതി കൊച്ചിയില്‍ അറസ്റ്റില്‍. തേവര മമ്മാഞ്ഞിമുക്ക് കിണറ്റിങ്കല്‍ വീട്ടില്‍ പണിക്കര്‍ കുഞ്ഞുമോന്‍ എന്ന് വിളിക്കുന്ന സേവ്യര്‍ (42) ആണ് അറസ്റ്റിലായത്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനടുത്ത് ഇ എസ് ഐ ആശുപത്രിക്ക് എതിര്‍വശത്തുള്ള ഓലഷെഡില്‍ വെച്ച് നെഞ്ചുണ്ണി എന്ന ഉണ്ണിയെ കഴിഞ്ഞ ഒമ്പതാം തീയതി രാത്രി കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയെ ശാസ്ത്രീയമായി ചോദ്യം ചെയ്തപ്പോഴാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഇയാള്‍ നടത്തിയ കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. കടത്തിണ്ണകളില്‍ ഉറങ്ങിക്കിടന്ന ആക്രി വില്‍പ്പനക്കാരും ഊരും പേരും അറിയാത്തവരുമാണ് സേവ്യറിന്റെ ആക്രമണത്തിന് ഇരയായത്.
2007ല്‍ ഇടപ്പള്ളി പോണേക്കര ഭാഗത്ത് കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന അബ്ദുല്‍ ഖാദര്‍ (80), 2007 സെപ്തംബറില്‍ തൃക്കാക്കര പഞ്ചായത്ത് വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന 75 വയസ്സുകാരന്‍, 2008ല്‍ കാക്കനാട് കലക്ടറേറ്റിന്റെ വടക്കേ ഗേറ്റിന് സമീപം കിടന്നുറങ്ങുകയായിരുന്ന നാല്‍പ്പത് വയസ്സുകാരന്‍, 2008ല്‍ തന്നെ നോര്‍ത്ത് പറവൂര്‍ ചെറിയപ്പിള്ളി എസ് ബി ഐക്ക് സമീപം കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന പ്രതാപ ചന്ദ്രന്‍ (72), 2009 ആഗസ്റ്റ് 27ന് രാത്രി എറണാകുളം ബ്രോഡ്‌വേയില്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന ചെകിടന്‍ എന്ന് വിളിക്കുന്ന സന്താനം, 2009 ഒക്‌ടോബര്‍ ഒമ്പതിന് എറണാകുളം മാര്‍ക്കറ്റിലെ ബേസിന്‍ റോഡിലുള്ള കടയുടെ മുന്നില്‍ കിടന്നുറങ്ങുകയായിരുന്ന തകര എന്ന അറുപതുകാരന്‍, 2014 ജനുവരി 17ന് കലൂര്‍ ആസാദ് റോഡില്‍ ചേരാതൃക്കോവില്‍ ക്ഷേത്രത്തിന് എതിര്‍വശത്ത് കടവരാന്തയില്‍ ഉറങ്ങുകയായിരുന്ന പരമേശ്വരന്‍ (70), കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ മേല്‍പ്പാലത്തിനടിയില്‍ ഉറങ്ങിക്കിടന്ന തമിഴ്‌നാട് സ്വദേശി ശെല്‍വം (28) എന്നിവരെയാണ് സേവ്യര്‍ കൊലപ്പെടുത്തിയത്. മരിച്ചവരെല്ലാം തെരുവില്‍ കഴിയുന്നവരും ഊരും പേരും അറിയാത്തവരുമായതിനാല്‍ പോലീസ് അന്വേഷണം ഊര്‍ജിതമായി നടന്നിരുന്നില്ല.
മദ്യത്തിനും മയക്കുമരുന്നിനും അടിമയായ സേവ്യര്‍ കടത്തിണ്ണകളില്‍ കിടന്നുറങ്ങുന്നവരുടെ പോക്കറ്റില്‍ നിന്ന് പണവും ബീഡിയും മോഷ്ടിച്ചിരുന്നു. പോക്കറ്റടിക്കിടെയുണ്ടാകുന്ന തര്‍ക്കവും അടിപിടിയുമാണ് കൊലപാതകത്തിലെത്തിയതെന്ന് പ്രതി സമ്മതിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ. അരുള്‍ ആര്‍ ബി കൃഷ്ണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രകോപിപ്പിക്കുകയോ ആക്രമിക്കുകയോ ചെയ്താല്‍ അനിയന്ത്രിതമായി അക്രമാസക്തനാകുന്ന സ്വഭാവക്കാരനാണ് പ്രതി. പെയ്ന്റിംഗ് പണിയടക്കം കൂലിപ്പണികള്‍ ചെയ്തിരുന്ന ഇയാള്‍ പോക്കറ്റടി നടത്തിയതിനും മദ്യപിച്ച് പൊതുശല്യമുണ്ടാക്കിയതിനും പല തവണ പോലീസിന്റെ പിടിയിലായിട്ടുണ്ട്. കൊലപാതകം നടന്നതിന്റെ അടുത്ത ദിവസങ്ങളിലെല്ലാം മുടങ്ങാതെ കൂലിപ്പണിക്ക് പോയിരുന്നതിനാല്‍ ആരും ഇയാളെ സംശയിച്ചിരുന്നില്ല.
കണ്ണൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലും സേവ്യര്‍ ജോലിയെടുത്തിട്ടുണ്ടെന്നും അവിടെയും റിപ്പര്‍ മോഡല്‍ കൊലപാതകം നടത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ കെ വി വിജയന്‍, സി ഐ നിസാമുദ്ദീന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest