Connect with us

Kerala

ക്ഷേമ പെന്‍ഷന്‍കാരുടെ എണ്ണം 51 ലക്ഷമായി വര്‍ധിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Published

|

Last Updated

തിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ക്ഷേമപെന്‍ഷന്‍കാരുടെ എണ്ണം 51 ലക്ഷമായി കുതിച്ചുയര്‍ന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവില്‍ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്ന 34 ലക്ഷം പേരില്‍ പകുതിയോളം പേര്‍ക്ക് ഒരു സാമൂഹിക പെന്‍ഷന്‍ കൂടി അനുവദിക്കാന്‍ തീരുമാനിച്ചതോടെയാണിത്. ഇടതുസര്‍ക്കാറിന്റെ കാലത്ത് ഏകദേശം 10 ലക്ഷം പേര്‍ക്കാണ് ക്ഷേമപെന്‍ഷന്‍ നല്‍കിയിരുന്നത്.
ഒരു സാമൂഹിക ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍, ഗ്രാന്റ് ലഭിക്കുന്ന അനാഥ, അഗതി, വൃദ്ധ മന്ദിരങ്ങള്‍, ക്ഷേമ സ്ഥാപങ്ങളിലെ അന്തേവാസികള്‍, വിവിധ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകള്‍, ഇ പി എഫ് പെന്‍ഷന്‍, കര്‍ഷക തൊഴിലാളി, കര്‍ഷക പെന്‍ഷന്‍ ഗുണഭോക്താക്കള്‍, ഹോണറേറിയം, പെന്‍ഷന്‍ കൈപ്പറ്റുന്ന അംഗന്‍വാടി ജീവനക്കാര്‍, ഹോണറേറിയം വാങ്ങുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, എന്നിവര്‍ക്ക് അര്‍ഹതാമാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഒരു സാമൂഹ്യപെന്‍ഷനുകൂടി അര്‍ഹത ഉണ്ടായിരിക്കും. ഇതുമൂലം ഗുണഭോക്താക്കളുടെ എണ്ണം 51 ലക്ഷവും പ്രതിമാസം വേണ്ടിവരുന്ന തുക 375 കോടി രൂപയുമായിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഇപ്പോള്‍ അഞ്ച് വിഭാഗങ്ങളിലായി (വാര്‍ധക്യകാല പെന്‍ഷന്‍, വിധവ പെന്‍ഷന്‍, അംഗപരിമിതര്‍ക്കായുള്ള പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, 50 വയസ് കഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍) ആകെ 34ലക്ഷത്തില്‍പ്പരം പെന്‍ഷന്‍കാരാണുള്ളത്. ഇവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന പ്രതിമാസം 240 കോടി രൂപയുടെ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുന്നു. 14,400 കോടി രൂപയാണ് അഞ്ച് വര്‍ഷം കൊണ്ട് വിതരണം ചെയ്തത്.

Latest