Connect with us

Kerala

സീറ്റ് കിട്ടാത്തവര്‍ വിഷമിക്കേണ്ട, നാലാം മുന്നണി വരുന്നുണ്ട്‌

Published

|

Last Updated

കൊച്ചി: കേരളത്തിലും മുലായം സിംഗ് യാദവിന്റെ നേതൃത്വത്തില്‍ ദളിത് -ന്യൂനപക്ഷ-സോഷ്യലിസ്റ്റ് ഐക്യമെന്ന ആശയത്തോടെ മറ്റൊരു നാലാം മുന്നണിക്ക് കളമൊരുങ്ങുന്നു. നിലവില്‍ ഇരുമുന്നണികളിലും അവസരം ലഭിക്കാതെ ഒറ്റക്ക് മത്സരിക്കാനൊരുങ്ങുന്ന പിഡിപി, ആര്‍ ജെ ഡി പോലുള്ള വിവിധ ചെറുകിട-ന്യൂന പക്ഷ പാര്‍ട്ടികളാണ് മുലായം സിംഗ് നേതൃത്വം നല്‍കുന്ന സമാജ് വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് പുതിയൊരു മുന്നണിക്ക് രൂപം നല്‍കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടത്തുന്നത്. സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (എസ് ഡി എഫ്) എന്ന പേരില്‍ ഒരാഴ്ച്ചക്കകം പുതിയൊരു മുന്നണി പിറവിയെടുക്കുന്നതിനെക്കുറിച്ചുള്ള അന്തിമ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് സൂചന. മുന്നണി രൂപവത്കരണത്തിന്റെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും ഭാഗമായി അടുത്തമാസം മുലായം സിംഗ് കേരളത്തിലെത്തുമെന്നുമാണ് വിവരം.
ഇടത് -വലതു മുന്നണികളില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കാതെ തഴയപ്പെടുകയും എന്നാല്‍ പലമേഖലകളിലും മണ്ഡലങ്ങളിലും സ്വാധീനവുമുള്ളതുമായ ഇത്തരം ചെറുപാര്‍ട്ടികള്‍ ഒന്നിച്ച് നിന്നാല്‍ നേട്ടം കൊയ്യാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. നിലവിലെ മുന്നണികള്‍ ഒപ്പത്തിനൊപ്പമെത്തുകയാണെങ്കില്‍ ഏത് മുന്നണിയെ അധികാരത്തിലെത്തിക്കണമെന്നുള്ള തരത്തില്‍ ഈ നാലാം മുന്നണിക്ക് നിര്‍ണ്ണായക ശക്തിയായി മാറാനാകുമെന്നും ഇവര്‍ കരുതുന്നു. ഉത്തര്‍ പ്രദേശില്‍ ബി ജെ പിയെ തറപറ്റിച്ച മഹാസഖ്യത്തെപോലെ മുന്നണിയുണ്ടാക്കാനാണ് നീക്കം.ഇതനുസരിച്ച് ഇടതു വലതു മുന്നണികളില്‍ സീറ്റ് നിഷേധിക്കപ്പെടുന്ന ചെറുപാര്‍ട്ടികളെ ഈ നാലാം മുന്നണിയുമായി അടുപ്പിക്കാന്‍ ചര്‍ച്ചകളാരംഭിച്ചുകഴിഞ്ഞു.
വര്‍ഗീയതക്കും ഫാസിസത്തിനുമെതിരെ നിലകൊള്ളുന്ന സോഷ്യലിസ്റ്റ്-മതേതര കാഴ്ചപ്പാടുകളുള്ള പാര്‍ട്ടികള്‍ ഒന്നിച്ച് എല്‍ ഡി എഫിനും -യു ഡി എഫിനും എന്‍ ഡി എക്കും പുറമെ മറ്റൊരു മുന്നണിയായി തിരഞ്ഞെടുപ്പിനെ നേരിടും. ഒറ്റക്ക് നിന്നാല്‍ വിജയിക്കാന്‍ കഴിയാത്തതും, അത്തരത്തില്‍ മത്സരിക്കേണ്ടി വരുന്നതോടെ വോട്ടുകള്‍ ദ്രുവീകരിക്കപ്പെട്ട് ശത്രുപക്ഷത്ത് നില്‍ക്കുന്ന ബി ജെ പി പോലുള്ള വര്‍ഗീയ കക്ഷികള്‍ക്ക് സഹായകരമാകുന്നതുമായ അവസ്ഥ ഒഴിവാക്കാനും ഇവര്‍ ലക്ഷ്യം വെക്കുന്നു. രാജ്യത്താകമാനം വളര്‍ന്നു വരുന്ന അസഹിഷ്ണുതകള്‍ക്കും ദളിത്-ന്യൂനപക്ഷ പീഡനങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് നാലാം മുന്നണിയുമായി മുന്നോട്ട് പോകുന്നതെന്ന് വിവിധ പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചു. മുലായം സിംഗിനുള്ള മതേതര മുഖവും ഇതിനു സഹായകമായേക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
നിലവില്‍ ഐക്യപ്പെടാന്‍ പോകുന്ന പാര്‍ട്ടികള്‍ പലതും ഒരേ സമയം ഇടതു -വലതു മുന്നണികളുമായും സീറ്റ് ചര്‍ച്ച നടത്തുന്നതാണ് നാലാം മുന്നണിയെന്ന സങ്കല്‍പ്പത്തിന് തിരിച്ചടി നേരിടുന്നത്. മുന്നണി രൂപവത്കരിച്ച് സ്വന്തമായി മത്സരിക്കുന്നതാണോ അല്ലെങ്കില്‍ ഇടത്-വലത് മുന്നണികളില്‍ കൂട്ടായി പിന്തുണ നല്‍കുകയാണോ വേണ്ടതെന്നതിലും ഈ പാര്‍ട്ടികള്‍ അഭ്യന്തര ചര്‍ച്ചകളും നടത്തിവരികയാണ്. ബി ജെ പി യുമായും, എന്‍ഡിഎ യുമായും ചേര്‍ന്ന് നില്‍ക്കാന്‍ കഴിയാത്ത ഈ പാര്‍ട്ടികള്‍ എല്‍ ഡി എഫിന്റെയും ,യു ഡി എഫിന്റെയും അന്തിമതീരുമാനം കാത്തുനില്‍ക്കുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ പാര്‍ട്ടികള്‍ നാലാം മുന്നണിയുമായി മുന്നോട്ടുപോകുമെന്നാണ് വിവരം.
സമാജ് വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നാലാം മുന്നണിയി മുന്നോട്ടുപോകാനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ച്‌കൊണ്ടിരിക്കുന്നതായി സമാജ്‌വാദി പാര്‍ട്ടി ദേശീയ സെക്രട്ടറിയും പാര്‍ലിമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായ ജോ ആന്റണി സിറാജിനോട് സ്ഥിരീകരിച്ചു.എന്നാല്‍ അന്തിമ തീരുമാനം അടുത്ത ആഴ്ച്ചയോടുകൂടിയെ പറയാനാകുകയുള്ളൂ.നിലവില്‍ സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായിപോലും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഫാസിസത്തിനെതിരെയും നിലപാടുകളെടുക്കുന്ന ദളിത്-ന്യൂനപക്ഷ ഐക്യം എന്ന ആശയത്തോട് യോജിച്ച് മുന്നോട്ട് പോകാന്‍ കഴിയുന്ന എല്ലാവരെയും ഒന്നിച്ച് നിര്‍ത്തി വര്‍ഗ്ഗീയതയെ തിരത്തുകയാണ് ലക്ഷ്യം. കേരളത്തില്‍ ഇരു മുന്നണികളിലും ഇത്തരം ആശയങ്ങളുള്ള പാര്‍ട്ടികളുണ്ട്. ബി ജെ പിയും ബി എസ് പിയും ഒഴിച്ച് ഇത്തരം ആശയങ്ങളുമായി മുന്നോട്ടുപോകുന്ന മറ്റാരുമായും സഖ്യമുണ്ടാക്കാന്‍ സമാജ്‌വാദി പാര്‍ട്ടി ശ്രമിക്കുമെന്നും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി മുലായം സിംഗ് യാദവ് കേരളത്തിലെത്തുമെന്നത് തീര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.
സമാനചിന്താഗതിക്കാരായ പാര്‍ട്ടികളെ ഒന്നിച്ച് നിര്‍ത്തി ഇത്തരമൊരു പുതിയ മുന്നണിരൂപം നല്‍കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നതായി പലപാര്‍ട്ടി നേതാക്കളും പ്രതികരിച്ചു.പല തലങ്ങളിലായി ഇത്തരമൊരു ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ മുന്നണി രൂപീകരിക്കാനുള്ള തീരുമാനം പറയാനായിട്ടില്ലെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് സിറാജിനോട് പറഞ്ഞു.

---- facebook comment plugin here -----

Latest