Connect with us

Kozhikode

മലബാര്‍ മെഡിക്കല്‍ കോളജ്:നഴ്‌സുമാരുടെ സമരം ശക്തമാക്കുന്നു

Published

|

Last Updated

കോഴിക്കോട്: മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജിലെ നഴ്‌സുമാര്‍ 35 ദിവസമായി തുടര്‍ന്നു വരുന്ന സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 31 ന് സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അടുത്ത മാസം 1 മുതല്‍ നഴ്‌സുമാരുടെ അനിശ്ചിതകാല നിരാഹാര സമരവും സംഘടിപ്പിക്കും.സമരം ശക്തമാക്കുന്നതിനായി സമര സഹായ സമിതി രൂപ വത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

പത്ത് ആവശ്യങ്ങളുന്നയിച്ചാണ് 150 ലധികം വരുന്ന നഴ്‌സുമാര്‍ സമരം ആരംഭിച്ചത്. മൂന്ന് തവണ ലേബര്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയിലും മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തില്ല. 2015 നവമ്പര്‍ 28 ന് മാനേജ്‌മെന്റും യൂണിയന്‍ നേതാക്കളും റീജ്യനില്‍ ജോയന്റ് ലേബര്‍ കമ്മീഷണറുടെ സാന്നിദ്ധ്യത്തില്‍ ഒപ്പുവെച്ച കരാര്‍ നടപ്പാക്കണമെന്നാണ് യൂനിയന്റെ ആവശ്യം.

2014-15 ലെ ഉത്സവ ബത്ത ഒരു മാസത്തിനകം വിതരണം ചെയ്യുമെന്നും യൂണിഫോം അലവന്‍സ് ഡിസമ്പര്‍ മാസത്തെ ശമ്പളത്തോടൊപ്പം വിതരണം ചെയ്യുമെന്നും ഇ എസ് ഐ , പി എഫ് എന്നിവ ജനുവരിക്കുള്ളില്‍ നടപ്പാക്കുമെന്നുമാണ് ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍. എന്നാല്‍ അതൊക്കെ മാനേജ്‌മെന്റ് ലംഘിക്കുകയായിരുന്നു. ഇതിനെതിരെ സമരം നടത്തിയതിന്റെ പേരിലായിരുന്നു യൂണിയന്‍ പ്രസിഡന്റ് ശ്രീമേഷിനെ പുറത്താക്കിയത്.

സമരം നടത്തുന്ന നഴ്‌സുമാരെ കള്ളക്കേസില്‍ കുടുക്കിയും ഗുണ്ടകളെ ഉപയോഗിച്ച് നേരിട്ടും സമരത്തെ തകര്‍ക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുകയാണ്.ആ സാഹചര്യത്തിലാണ് സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ സബീഷ്‌കുമാര്‍ ആലോക്കണ്ടി,കെ പി പ്രകാശന്‍,ഹരീന്ദ്രനാഥ് മൊകവൂര്‍,പി എം ശ്രീകുമാര്‍,രജിത് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Latest