Connect with us

Gulf

സമയപരിധി ദീര്‍ഘിപ്പിക്കുമെന്ന പ്രതീക്ഷയില്‍ ഡീലര്‍മാര്‍

Published

|

Last Updated

ദോഹ: പഴയ എ സികളുടെ ഇറക്കുമതിയും വില്‍പ്പനയും പ്രദര്‍ശനവും നിരോധിക്കുന്നതിന്റെ സമയ പരിധി ദീര്‍ഘിപ്പിക്കുമെന്ന പ്രതീക്ഷയില്‍ ഇറക്കുമതി വ്യാപാരികള്‍. ഈ വര്‍ഷം ജൂലൈ ഒന്നു മുതല്‍ പഴയ എ സികളുടെ ഇറക്കുമതി നിരോധിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സ്റ്റോക്ക് തീര്‍ക്കുന്നതിന് സമയപരിധിയില്‍ ഇളവ് വരുത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളെന്ന് ദി പെനിന്‍സുല പത്രം റിപ്പോര്‍ട്ട് ചെയ്തു.
നിയമപ്രകാരം പഴയ എ സികള്‍ക്ക് പകരം ഊര്‍ജക്ഷമതയുള്ള എ സികള്‍ ഇറക്കുമതി ചെയ്യുന്നത് ചെലവേറിയതാണ്. അതേസമയം, ഊര്‍ജക്ഷമതയുള്ള എ സികള്‍ ഉപയോഗിക്കുന്നതിലൂടെ ഇലക്ട്രിസിറ്റി ബില്ലില്‍ കുറവുണ്ടാകും. ഊര്‍ജക്ഷമതയുള്ള എ സികള്‍ക്കാണ് ഇപ്പോള്‍ ഓര്‍ഡര്‍ നല്‍കുന്നതെന്ന് മൊത്തവില്‍പ്പന വ്യാപാരികള്‍ പറഞ്ഞു. മറ്റ് ചില ജി സി സി മാര്‍ക്കറ്റുകളില്‍ അത്തരം ഉത്പന്നങ്ങള്‍ ലഭ്യമാണ്. പുതിയ നിര്‍ദേശത്തെ സംബന്ധിച്ച് മാസങ്ങളായി മന്ത്രാലയം വിപണിയിയില്‍ ബോധവത്കരണം നടത്തുന്നുണ്ട്. നിലവിലുള്ള സ്റ്റോക്കുകള്‍ ക്ലിയര്‍ ചെയ്യുന്നതിന് ഡീലര്‍മാര്‍ക്ക് പ്രയാസമുണ്ടാകും. ഇതിന് കൂടുതല്‍ സയം അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രമുഖ ബ്രാന്‍ഡ് ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങളുടെ ഡീലര്‍ കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരന്‍ പറഞ്ഞു. വേനല്‍ക്കാലത്തിന്റെ ആദ്യത്തിലാണ് സാധാരണ എ സി വില്‍പ്പന കൂടുതലായി ഉണ്ടാകുക. ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ നിലവാരമുള്ള എ സികള്‍ക്ക് മാത്രമാണ് ഓര്‍ഡര്‍ നല്‍കുന്നതെന്ന് മറ്റൊരു ഡീലര്‍ കമ്പനിയിലെ ജീവനക്കാരന്‍ പറഞ്ഞു.
ജൂലൈ ഒന്നിന് ശേഷം പഴയ എ സികള്‍ വില്‍ക്കുകയും ഇറക്കുമതിയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാപക പരിശോധന നടത്തുമെന്ന് ഖത്വര്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ (ക്യു എസ്) അധികൃതരും അറിയിച്ചിട്ടുണ്ട്.

Latest