Connect with us

Kerala

ഭൂമി പതിച്ചു നല്‍കല്‍ നയം: വനവത്കരണം അവഗണിക്കരുത്- ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ഭൂമി പതിച്ചു നല്‍കുന്നിനുള്ള നയങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ ഭക്ഷ്യക്ഷാമവും വനവത്കരണവും സര്‍ക്കാര്‍ അവഗണിക്കരുതെന്ന് ഹൈക്കോടതി. വിപണിയുടെ ആവശ്യകത അനുസരിച്ച് ഭൂമി പതിച്ചു നല്‍കുന്നതിന് നയങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ പൊതുതാത്പര്യം കണക്കിലെടുക്കണമെന്നും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്താകണം നയങ്ങള്‍ ആവിഷ്‌കരിക്കേണ്ടതെന്നും ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് വിലയിരുത്തി.

പാട്ട ഭൂമിയില്‍ ക്രഷറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് അധികാരം നല്‍കി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് കോടതി നടപടി. ഐക്യരാഷ്ട്രസഭയുടെ 64-ാം വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് 2050 ഓടെ ലോകത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാകുമെന്നും ഭക്ഷ്യ ഉത്പാദനം ഇരട്ടിയാക്കേണ്ടിവരുമെന്നും വ്യക്തമാകുന്നതായി കോടതി ചൂണ്ടിക്കാട്ടി. കാര്‍ഷികോത്പാദനത്തില്‍ ഇടിവ് ഉണ്ടാകാന്‍ കാരണമായിട്ടുണ്ട്. ഈ സാഹചര്യചത്തില്‍ ഭക്ഷ്യ ഉത്പാദനവും വനവത്കരണവും ഉറപ്പാക്കിയുള്ള നയങ്ങള്‍ക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കണമെന്ന് കോടതി പറഞ്ഞു. അല്ലാത്തപക്ഷം വരും തലമുറ ഗുരുതര പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് കോടതി നിരീക്ഷിച്ചു.
കാര്‍ഷിക ഭൂമിയില്‍ ഖനന പ്രവര്‍ത്തനത്തിന് അനുമതി നല്‍കുന്നത് പൊതുതാത്പര്യത്തിന് യോജിച്ചതാണോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണം. കാര്‍ഷികവൃത്തി പ്രോത്സാഹിപ്പിക്കുന്നതിനാണ് ഭൂപതിപ്പ് നിയമം ലക്ഷ്യംവെക്കുന്നത്. ഭൂമി പതിച്ചു നല്‍കുന്നതിനുള്ള വ്യവസ്ഥ തന്നെ കൃഷി ഉദ്ദേശ്യം വെച്ചാണ്. സര്‍ക്കാറിന്റെ നയം തീരുമാനിക്കാന്‍ കോടതിക്ക് കഴിയില്ലെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വത്തെക്കുറിച്ച് ഓര്‍മിപ്പിക്കാന്‍ കോടതിക്ക് അവകാശമുണ്ട്. പാട്ട ഭൂമിയില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കും ക്വാറി ക്രഷര്‍ യൂനിറ്റുകള്‍ ആരംഭിക്കുന്നതിനും അനുമതി നല്‍കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കി സര്‍ക്കാര്‍ 2015 നവംബര്‍ 15ന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി നടപടി.