Connect with us

International

ചൈനയില്‍ രക്ഷിതാക്കളുടെ സംരക്ഷണമില്ലാതെ പത്ത് കോടിയിലധികം കുട്ടികള്‍

Published

|

Last Updated

ബീജിംഗ്: ചൈനയില്‍ പത്ത് കോടിയിലധികം കുട്ടികള്‍ രക്ഷിതാക്കളുടെ സംരക്ഷണമില്ലാതെ വളരുന്നതായി റിപ്പോര്‍ട്ട്. സാമൂഹിക ചുറ്റുപാടുകളില്‍ ഇത് വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുക എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. രാജ്യത്തെ പ്രായപൂര്‍ത്തിയാകാത്തവരില്‍ മൂന്നിലൊന്ന് പേര്‍ ഇത്തരത്തില്‍ മാതാപിതാക്കളുടെ മേല്‍നോട്ടമില്ലാതെ വളരുന്നതായി ബീജിംഗ് നോര്‍മല്‍ യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ യിംഗൂയ് പറയുന്നു. നിരവധി രക്ഷിതാക്കള്‍ നഗരങ്ങളിലേക്ക് ജോലി തേടി കുടിയേറിയതാണ് ഇത്രയും അധികം കുട്ടികളെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതെന്നും യിംഗൂയ് ചൂണ്ടിക്കാട്ടുന്നു.
ദീര്‍ഘ കാലം തുടര്‍ന്നു വന്ന ഒറ്റക്കുട്ടി നയത്തിന് ചൈനീസ് ജനത വലിയ വില നല്‍കേണ്ടിവന്നിട്ടുണ്ടെന്ന് ചൈനീസ് അധികൃതര്‍ നേരത്തെ ഖേദപ്രകടനം നടത്തിയിരുന്നു. ചൈനീസ് നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍ പി സി)വക്താവ് ഫു യിംഗ് ആണ് ഒറ്റക്കുട്ടി നയത്തില്‍ സംഭവിച്ച പാളിച്ചകളെ തുറന്നുകാട്ടി നേരത്തെ രംഗത്തെത്തിയിരുന്നത്. അടുത്തിടെ ഈ നയത്തില്‍ നിന്ന് ചൈനീസ് സര്‍ക്കാര്‍ പിന്‍മാറുകയും ചൈനീസ് ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാകാമെന്ന പുതിയ നിയമത്തിലേക്ക് ചുവടുമാറുകയും ചെയ്തിരുന്നു. ചൈനീസ് ജനതയുടെ വലിയൊരു ഭാഗം പ്രായമായ ആളുകളാകുകയും യുവാക്കളുടെ എണ്ണത്തില്‍ ഭീമമായ കുറവ് രേഖപ്പെടുത്തുകയും ചെയ്തത് ചൈനയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഒറ്റക്കുട്ടി നയത്തില്‍ നിന്ന് ഇരട്ടക്കുട്ടി നയത്തിലേക്കുള്ള ചൈനയുടെ നയംമാറ്റം ചരിത്രസംഭവമായാണ് വിലയിരുത്തപ്പെടുന്നത്.
ഈ വര്‍ഷം ജനുവരി ഒന്നു മുതലാണ് പുതിയ ഇരട്ടക്കുട്ടി നയം ചൈനയില്‍ നിലവില്‍ വന്നത്. 2014 അവസാനം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചൈനയില്‍ 60 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവരുടെ എണ്ണം 22.1 കോടി കവിഞ്ഞിരുന്നു. ഇത് മൊത്തം ജനസംഖ്യയുടെ 15.5 ശതമാനം വരും. ഇവരില്‍ തന്നെ അവശരായ പ്രായമായ ആളുകളുടെ എണ്ണം നാല് കോടിയോളമായിരുന്നു. 2030ഓടെ ചൈനീസ് ജനസംഖ്യയുടെ 18 ശതമാനവും 65 വയസ്സിന് മുകളിലുള്ളവരായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ കണക്കുകള്‍ ഉദ്ധരിച്ച് വ്യക്തമാക്കുന്നുണ്ട്.

Latest