Connect with us

Palakkad

സി പി ഐ സ്ഥാനാര്‍ഥികള്‍: മണ്ണാര്‍ക്കാട് സുരേഷ് രാജ്, പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്‌സിന്‍

Published

|

Last Updated

പാലക്കാട്: ജില്ലയില്‍ സി പി ഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ദിവസങ്ങള്‍ നീണ്ട് നിന്ന അനിശ്ചിതത്വത്തിലൊടുവിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. മണ്ണാര്‍ക്കാട് നിരവധി പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും ഒടുവില്‍ നറുക്ക് വീണത് ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജിനാണ്. കഴിഞ്ഞ തവണ പട്ടാമ്പിയില്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇത്തവണ രാഷ്ട്രീയ അനുകൂല സഹാചര്യങ്ങള്‍ മണ്ഡലം പിടിച്ചെടുക്കുമെന്ന പ്രതീക്ഷയിലാണ് സുരേഷ് രാജ് അങ്കത്തിലിറങ്ങുന്നത്. പട്ടാമ്പിയില്‍ യുവതാരത്തെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാനാണ് സി പി ഐ നീക്കം. ജെ എന്‍ യു വിദ്യാര്‍ഥിയായ മുഹമ്മദ് മുഹ്‌സിനാണ് പട്ടാമ്പയിലെ ഇടത് സ്ഥാനാര്‍ഥി ഓങ്ങല്ലൂര്‍ പഞ്ചായത്ത് കാരക്കാട് പുത്തന്‍പീടിയക്കല്‍ അബൂബക്കര്‍ ഹാജിയുടെയും ജമീലബീഗത്തിന്റെയും ഏഴുമക്കളില്‍ രണ്ടാമന്‍. കെ ടി മാനു മുസ്‌ലിയാരുടെ പൗത്രന്‍.

പ്രതികൂല സാഹചര്യങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട് അതിജീവിച്ച അപൂര്‍വ പ്രതിഭ. ഔപചാരിക വിദ്യാഭ്യാസം എട്ടാം ക്ലാസില്‍ അവസാനിപ്പിക്കേണ്ടി വന്നു. രണ്ട് വര്‍ഷത്തെ ഇടവേളക്കു ശേഷം പഠനം തുടര്‍ന്നു. സുഹൃത്തുക്കളുടെയും അധ്യാപകരുടെയും പ്രേരണയില്‍ മികച്ച മാര്‍ക്കോടെ വാടാനാംകുറുശ്ശി ജി വി എച്ച് എസില്‍ നിന്നും എസ് എസ് എല്‍ സിക്ക് ഉന്നത വിജയം. തുടര്‍ന്ന് പ്ലസ് ടു (സയന്‍സ്)വിലും ഉയര്‍ന്ന വിജയം. ബി എസ് സി (ഇലക്‌ട്രോണിക്‌സ് & കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍) ബിരുദം, അമൃത യൂനിവേഴ്‌സിറ്റിയില്‍ നിന്നും രണ്ടാംറാങ്കോടെ എം എസ് ഡബ്ല്യു, മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും എം ഫില്‍.
2012 മുതല്‍ പി എച്ച് ഡി പഠനത്തിനായി സ്‌കോളര്‍ഷിപ്പോടെ ജെ എന്‍ യുവില്‍ പ്രവേശനം ലഭിച്ചു. ജര്‍മനിയിലെ വൂസ്ബര്‍ഗ്, ജൂലിയസ് മാക്‌സ്മില്ലന്‍ യൂനിവേഴ്‌സിറ്റിയുടെ വിന്റര്‍ സ്‌കൂളില്‍ പങ്കെടുത്തു.ഡിഗ്രി പഠനകാലത്ത് എ ഐ എസ് എഫില്‍ സജീവം. പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമായ കാലത്താണ് പി എച്ച് ഡി പഠനത്തിനായി സ്‌കോളര്‍ഷിപ്പോടെയുളള പഠനത്തിന് ജെ എന്‍ യുവില്‍ പ്രവേശനം ലഭിക്കുന്നത്.
എ ഐ എസ് എഫ് ഡല്‍ഹി സംസ്ഥാന കമ്മിറ്റി അംഗംമായി. ഇപ്പോള്‍ ജെ എന്‍ യുവിലെ എ ഐ എസ് എഫ് യൂനിറ്റ് വൈസ് പ്രസിഡന്റ്. 2012 മുതല്‍ സി പി ഐ പട്ടാമ്പി ടൗണ്‍ ബ്രാഞ്ച് അംഗമാണ്.