Connect with us

Gulf

യാത്രക്കാര്‍ക്ക് പുതിയ സ്മാര്‍ട് വാച്ച് ആപുമായി ദുബൈ വിമാനത്താവളം

Published

|

Last Updated

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് പ്രധാനപ്പെട്ട യാത്രാവിവരങ്ങള്‍ സമയബന്ധിതമായി തങ്ങളുടെ സ്മാര്‍ട് വാച്ചുകളിലേക്ക് എത്തുന്ന പുതിയ സ്മാര്‍ട് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ദുബൈ വിമാനത്താവളത്തെ ആശ്രയിക്കുന്ന വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ക്ക് സംതൃപ്തി നല്‍കുന്നതാണ് പുതിയ സംവിധാനം. ഈ സംവിധാനം നടപ്പാക്കുന്ന ആദ്യ അന്താരാഷ്ട്ര ഹബായി ഇതോടെ ദുബൈ മാറും. ആന്‍ഡ്രോയ്ഡിലും ഐ ഒ എസിലും ഈ സൗകര്യം ലഭിക്കും. ദുബൈ വിമാനത്താവളത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വിപുലീകരണത്തിന്റെ ഭാഗമായാണിത്. സ്മാര്‍ട് വാച്ച് ആപ്പ് വഴി യാത്രക്കാര്‍ക്ക് തങ്ങളുടെ വിമാനത്തിന്റെ സ്റ്റാറ്റസ് വേഗത്തിലും എളുപ്പത്തിലും അറിയാന്‍ സാധിക്കും. കൂടാതെ പുറപ്പെടുന്നതും എത്തുന്നതുമായ സമയവും ടെര്‍മിനല്‍, ഗേറ്റ്, ലഗേജ്, ബെല്‍റ്റ് സംബന്ധമായ വിവരങ്ങളും അറിയാനാകും.
ദുബൈ വിമാനത്താവളത്തെ പൂര്‍ണ ഡിജിറ്റല്‍ സംവിധാനത്തിലേക്കാക്കാനുള്ള സംരംഭത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനമെന്ന് വിമാനത്താവള ഡിജിറ്റ് മീഡിയ തലവന്‍ മാത്യു ഹൊറോബിന്‍ പറഞ്ഞു. ദുബൈ വിമാനത്താവളവും ആംസ്റ്റര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം2 മൊബി എന്ന കമ്പനിയും ചേര്‍ന്നാണ് പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.

Latest