Connect with us

National

തൃണമൂല്‍ തുടരുമെന്ന് സര്‍വേ ഫലം

Published

|

Last Updated

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ മമത തരംഗം മാറില്ലെന്ന് സര്‍വേ. നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും ഭരണത്തിലേറുമെന്ന് എ ബി പി ന്യൂസ് നടത്തിയ അഭിപ്രായ സര്‍വേ ഫലം. 294 അംഗ അസംബ്ലിയില്‍ 178 സീറ്റുകള്‍ നേടി തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്നും ഇടത് – കോണ്‍ഗ്രസ് സഖ്യവുമായി തൃണമൂലിന് കടുത്ത മത്സരം നടത്തേണ്ടിവരുമെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. ബി ജെ പി ഒരു സീറ്റില്‍ വിജയിക്കാനുള്ള സാധ്യതയുമുണ്ട്. ആകെ വോട്ടിംഗ് നിലയില്‍ തൃണമൂലിന് 45ഉം ഇടത് – കോണ്‍ഗ്രസ് സഖ്യത്തിന് 44 ശതമാനവും വോട്ട് ലഭിക്കും.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണത്തില്‍ ജനങ്ങള്‍ സംതൃപ്തരാണെന്നും അടിസ്ഥാന വികസനത്തിലും ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള മേഖലകളിലും വന്‍ മുന്നേറ്റം സംസ്ഥാനത്തുണ്ടായതായും സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നു.
118 നിയമസഭ മണ്ഡലങ്ങളിലായി 14,450 വോട്ടര്‍മാരുമായി ചാനല്‍ പ്രതിനിധികള്‍ സംസാരിച്ചതായും മാര്‍ച്ച് എട്ട് മുതല്‍ 20 വരെയാണ് അഭിപ്രായ സര്‍വേ സംഘടിപ്പിച്ചതെന്നും ചാനല്‍ അധികൃതര്‍ വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണത്തില്‍ സംസ്ഥാനത്തെ 58 ശതമാനം വോട്ടര്‍മാരും സംതൃപ്തരാണെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. മമത ബാര്‍ജി, സി പി എം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരാണ് സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള നേതാക്കന്മാര്‍.
എ ബി പിയുടെ അഭിപ്രായ സര്‍വേ ഫലം പുറത്ത് വന്നത് തൃണമൂല്‍ നേതാക്കന്മാരെയും അണികളെയും ആവേശത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ ഫലം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഇടത്, കോണ്‍ഗ്രസ് നേതാക്കള്‍ക്ക്.
തിരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങളുള്ളതിനാല്‍ കൂടുതല്‍ ഗൗരവത്തോടെ ഗോദയിലേക്കിറങ്ങാനും ആസൂത്രണത്തോടെ കരുക്കള്‍ നീക്കാനും ഇടത് – വലത് സഖ്യത്തെ സര്‍വേ ഫലം പ്രേരിപ്പിച്ചേക്കും.

Latest