Connect with us

Kerala

വിശ്വാസി സംഗമങ്ങളുടെ മറവില്‍ വോട്ട് പിടിക്കാന്‍ സംഘ്പരിവാര്‍ ശ്രമം

Published

|

Last Updated

കോഴിക്കോട്:വിശ്വാസി സംഗമങ്ങളുടെയും മറ്റും മറവില്‍ സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് നേട്ടമുണ്ടാക്കി കൊടുക്കുക എന്ന ലക്ഷ്യവുമായി വിവിധ സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്ത്. ഇതിന്റെ ഭാഗമായി കിട്ടാവുന്ന ഹിന്ദു സംഘടനകളെയെല്ലാം ഒരുമിപ്പിച്ച്, വലിയ തോതില്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കോഴിക്കോട് മഹാഭാരതം ധര്‍മ രക്ഷാ സംഗമം എന്ന പരിപാടി നടത്താനാണ് പദ്ധതി. യുവാക്കളില്‍ ധര്‍മ ബോധം പകര്‍ന്ന് നല്‍കുകയാണ് അടുത്ത മാസം ആറിന് നടക്കുന്ന പരിപാടിയുടെ ലക്ഷ്യമെന്നാണ് സംഘാടകര്‍ പറയുന്നത്. എന്നാല്‍ സംഘ്പരിവാര്‍ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും ദളിത് വിവേചന വിഷയങ്ങളിലടക്കം ആരോപണം നേരിട്ടവരുമായ വ്യക്തികളാണ് സംഗമത്തിനെത്തുന്നത്. മലബാറിലെ മുഴുവന്‍ ജില്ലകളില്‍ നിന്നും പ്രവര്‍ത്തകരെ സംഗമത്തിന് എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് കാലത്ത് പരിപാടി നടത്താന്‍ മുന്‍കൂട്ടി തീരുമാനിച്ചതല്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത് നന്നായെന്ന അഭിപ്രായമാണ് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി വാര്‍ത്താസമ്മേളനത്തില്‍ പങ്കുവെച്ചത്. രാഷ്ട്രത്തിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പില്‍ ധര്‍മ ബോധമുള്ളവര്‍ ജയിച്ചുവരേണ്ടത് ആവശ്യമാണെന്നും ഇതിന് ഇത്തരത്തിലുള്ള സംഗമങ്ങള്‍ ഉപകരിക്കുമെന്നുമാണ് സംഘ്പരിവാറുമായി അടുത്തബന്ധമുള്ള അദ്ദേഹം പറഞ്ഞത്.
ഇതിലൂടെ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എക്ക് ധ്രുവീകരണം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന കാര്യം വ്യക്തമാണ്. ആചാര്യന്‍മാര്‍ക്ക് നേരെയും ഹൈന്ദവ പ്രതീകങ്ങള്‍ക്ക് നേരെയും നടക്കുന്ന സംഘടിത ആക്രമങ്ങളെ പ്രതിരോധിക്കാനുള്ള വേദി കൂടിയാണിതെന്നും അദ്ദേഹം പറയുന്നു. ഹിന്ദു ആചാര്യന്മാര്‍ക്ക് നേരെ ആക്രമണം നടക്കുന്നെന്ന കള്ളപ്രചാരണം നടത്തി വിശ്വാസികളില്‍ വര്‍ഗീയത വളര്‍ത്താനുള്ള ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നാണ് ആരോപണം.
വിവാദ യോഗ ഗുരു ബാബാ രാംദേവ് ആണ് ആറിന് വൈകിട്ട് അഞ്ചിന് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷത കെ പി ശശികലയാണ് മുഖ്യപ്രഭാഷണം.
കാഞ്ചി കാമകോടി പീഠാധിപതി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതി, കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ആര്‍ എസ് എസ് പ്രാന്തീയ കാര്യവാഹ് പി ഗോപാലന്‍ കുട്ടി തുടങ്ങിയവരെല്ലാം പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്. അമൃതാനന്ദമയീ മഠം, ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍, ഹിന്ദു ഐക്യവേദി തുടങ്ങിയ 60 സംഘടനകള്‍ പരിപാടിയില്‍ സഹകരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് വിവിധ ഹൈന്ദവ സംഘടനകളെ ഉപയോഗിച്ച് രാഷ്ട്രീയ ലക്ഷ്യം നേടാന്‍ ആര്‍ എസ് എസിന്റെ നേതൃത്വത്തില്‍ വ്യാപക പ്രചാരണം നടക്കുന്നതായ ആരോപണം ശക്തമാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ആര്‍ എസ് എസാണ്.
ഈ സാഹചര്യത്തില്‍ മഹാഭാരതം ധര്‍മ രക്ഷാ സംഗമം പേരില്‍ കോഴിക്കോട്ട് നടക്കുന്ന പരിപാടിയെ ഗൗരവത്തോടെയാണ് മാതേതര സമൂഹം നോക്കിക്കാണുന്നത്.