Connect with us

Gulf

മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് ഖത്വറിലും തുടക്കം

Published

|

Last Updated

ദോഹ: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പു ചിത്രം തെളിഞ്ഞതോടെ പ്രചാരണവുമായി പ്രവാസികള്‍ക്കിടയില രാഷ്ട്രീയാനുഭാവ സംഘടനകളും രംഗത്തിറങ്ങുന്നു. ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി വോട്ടു പിടിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ജില്ല, മണ്ഡലം അടിസ്ഥാനത്തിലാണ് പ്രചാരണങ്ങള്‍. മണ്ഡലം അടിസ്ഥാനത്തില്‍ കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ത്ത് ലീഗ് സംഘടനയായ കെ എം സി സി യാണ് ആദ്യ റൗണ്ടില്‍ മുന്നില്‍.
സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തായാകാത്തതു കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതെന്നും സ്ഥനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഉടന്‍ ജില്ലാ കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കുമെന്നും ഇന്‍കാസ് നേതാവ് ജോപ്പച്ചന്‍ തെക്കേക്കുറ്റ് പറഞ്ഞു. 14 ജില്ലകളുടെയും കണ്‍വെന്‍ഷനുകള്‍ ചേരും. മണ്ഡലാടിസ്ഥാനാത്തില്‍ തന്നെ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ വേണ്ടി ശ്രമിക്കും. ശേഷം യു ഡി എഫ് സ്വഭാവത്തില്‍ കെ എം സി സിയുമായി ചേര്‍ന്ന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തകരെയും അനുഭാവികളെയും കേന്ദ്രീകരിച്ചുള്ള നിശബ്ദ പ്രവര്‍ത്തനമാണി ഇടതുപക്ഷ സംഘടനകള്‍ സ്വീകരിക്കുന്നത്. സി പി എം, സി പി ഐ സംഘടകളായ സംസ്‌കൃതിയും യുവകലാ സാഹിതിയും ഈ രീതിയാണ് സ്വീകരിക്കുക. ഇടതുപക്ഷം ജയിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന രാഷ്ട്രീയ നിലപാടാണ് സംസ്‌കൃതി പുലര്‍ത്തുന്നതെന്നും എന്നാല്‍ ഇവിടെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നില്ലെന്നും സംസ്‌കൃതി ജന. സെക്രട്ടറി കെ കെ ശങ്കരന്‍ പറഞ്ഞു. എന്നാല്‍, ജില്ലാ മണ്ഡലം അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമിടയില്‍ തിരഞ്ഞെടുപ്പു പ്രചരണം ഇടതുപാര്‍ട്ടികള്‍ക്കിടയിലും സജീവമാവുകയാണ്. സോഷ്യല്‍ മീഡിയകള്‍ ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നു. ഇടതു സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം വന്നതോടെ സ്ഥാനാര്‍ഥികളുടെ ഫോട്ടോ വെച്ചുള്ള പ്രചാരണങ്ങളും നടക്കുന്നു.
ലീഗ് മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളുടെയും പ്രത്യേക കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കുമെന്ന് കെ എം സി സി പ്രസിഡന്റ് എസ് എ എം ബഷീര്‍ അറിയിച്ചു. മണ്ഡലം കമ്മിറ്റികള്‍ക്കു തന്നെയാണ് സംഘാടനച്ചുമതല. സ്ഥനാര്‍ഥികളെ നേരിട്ടു പങ്കടുപ്പിക്കാനും ചില മണ്ഡലങ്ങള്‍ ശ്രമിക്കുന്നുണ്ട്. ലീഗ് സ്ഥാനാര്‍ഥികളില്ലാത്ത മണ്ഡലങ്ങളിലും അവരുടെ ശേഷിക്കനുസരിച്ച് പ്രാചരണ പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ സംഘടനാ നേതാക്കള്‍ നാട്ടില്‍ പോയി പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ഉദ്ദേശ്യമുണ്ടെന്ന് ജോപ്പച്ചന്‍ തെക്കേക്കുറ്റ് പറഞ്ഞു.

---- facebook comment plugin here -----

Latest