Connect with us

National

സീറ്റു തര്‍ക്കം: സോണിയ ഇടപെട്ടിട്ടും തീരുമാനമായില്ല

Published

|

Last Updated

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കള്‍ തമ്മില്‍ നിലനില്‍ക്കുന്ന രൂക്ഷമായ തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആദ്യ ഇടപെടലിനും കഴിഞ്ഞില്ല. ഇതോടെ അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക നാളെ പ്രഖ്യാപിക്കാനിടയില്ലെന്ന് വ്യക്തമായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും തങ്ങളുടെ നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച വഴിമുട്ടിയത്.
ഇതോടൊപ്പം ഘടകകക്ഷികളുമായുള്ള ചര്‍ച്ചകളും പൂര്‍ണമായിട്ടില്ല. നേതാക്കള്‍ ഫോണിലൂടെ ഘടക കക്ഷികളുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായി ധാരണയിലെത്തിയിട്ടില്ല. ഇത് ഇന്നത്തോടെ പൂര്‍ത്തിയാക്കിയാലേ കോണ്‍ഗ്രസിന്റെ മറ്റു സീറ്റുകളില്‍ അന്തിമ സ്ഥാനാര്‍ഥി നിര്‍ണയത്തിന് സാധ്യമാകൂ.
അതേസമയം, കോണ്‍ഗ്രസില്‍ തീര്‍പ്പാകാതെ നിലനില്‍ക്കുന്ന മുപ്പത് സീറ്റുകളിലും പാനല്‍ സമര്‍പ്പിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇടപെട്ട് സംസ്ഥാന നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തര്‍ക്ക സീറ്റുകളില്‍ പാനല്‍ സമര്‍പ്പിക്കാന്‍ തീരുമാനമായത്. തര്‍ക്കമുള്ള സീറ്റുകളടക്കം മുപ്പത് മണ്ഡലങ്ങളില്‍ ഇതുവരെ സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. ഇതില്‍ 25 എണ്ണത്തില്‍ സ്‌ക്രീനിംഗ് കമ്മിറ്റിയും തര്‍ക്കമുള്ള അഞ്ച് സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും തീരുമാനമെടുക്കും. തര്‍ക്കം പരിഹരിക്കാനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം കേരള നേതാക്കളുമായി പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്നാണ് സോണിയാ ഗാന്ധി നേരിട്ട് ഇടപെട്ടത്.
തര്‍ക്കത്തിന് സംസ്ഥാന നേതാക്കള്‍ക്കിടയില്‍ തന്നെ പരിഹാരമുണ്ടാകണമെന്നാണ് ഹൈക്കമാഡിന്റെ നിലപാട്. ഇതോടൊപ്പം എ ഐ സി സി മുന്നോട്ടുവെക്കുന്ന ഫോര്‍മുലക്കനുസരിച്ച് മുന്നോട്ടുപോകണമെന്നാണ് മൂന്ന് നേതാക്കളോടും സോണിയ നിര്‍ദേശിച്ചതെന്നാണ് സൂചന. മൂന്ന് ദിവസം ചേര്‍ന്നിട്ടും സ്‌ക്രീനിംഗ് കമ്മിറ്റിക്ക് അന്തിമ തീരുമാനമെടുക്കാന്‍ സാധിക്കാതിരിക്കുകയും നേതാക്കള്‍ പരസ്യമായി ഏറ്റുമുട്ടല്‍ തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സോണിയാ ഗാന്ധിയുടെ ഇടപെടല്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തി. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി അംഗം മുകുള്‍ വാസ്‌നിക് മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു.
കെ പി സി സി അധ്യക്ഷന്‍ സുധീരന്‍ നേരിട്ട് എതിര്‍പ്പ് പ്രകടിപ്പിച്ച പാറശ്ശാല സീറ്റില്‍ നിന്ന് മാറാന്‍ തയ്യാറെല്ലെന്ന് സിറ്റിംഗ് എം എല്‍ എ. എ ടി ജോര്‍ജ് നിലപാടെടുത്തതോടെ സ്‌ക്രീനിംഗ് കമ്മിറ്റി എ ടി ജോര്‍ജിനെ തന്നെ ശിപാര്‍ശ ചെയ്തിരിക്കുകയാണ്. എന്നാല്‍, പാറശ്ശാല സീറ്റ് സംബന്ധിച്ച് തിരുവനന്തപുരം എം പി കൂടിയായ ശശി തരൂരില്‍ നിന്ന് സോണിയ അഭിപ്രായം തേടിയിട്ടുണ്ട്. ഇതിനിടെ ചിറയിന്‍കീഴില്‍ കെ അജിത്കുമാര്‍, റാന്നിയില്‍ മറിയാമ്മ ചെറിയാന്‍, കോങ്ങാട്ട് സ്വാമിനാഥന് പകരം പന്തളം സുധാകരന്‍, കോഴിക്കോട് നോര്‍ത്തില്‍ പി എം സുരേഷ് ബാബു എന്നിവരും മത്സരിക്കുന്നത് സംബന്ധിച്ച് ഇന്നലെ ധാരണയായി.
ഇതിനിടെ സമവായ ശ്രമങ്ങളുമായി മധ്യസ്ഥ ചര്‍ച്ചക്കെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ഉമ്മന്‍ ചാണ്ടിയും സുധീരനും രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചതത്രെ. ഇതിനിടെ കൂടിക്കാഴ്ചക്ക് മുന്നോടിയായി കേരള ഹൗസില്‍ ഐ ഗ്രൂപ് നേതാക്കള്‍ യോഗം ചേര്‍ന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കെ മുരളീധരന്‍ കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മന്ത്രിമാരായ കെ ബാബുവും അടൂര്‍ പ്രകാശും കെ സി ജോസഫും ഉള്‍പ്പെട്ട അഞ്ച് സിറ്റിംഗ് എം എല്‍ എമാര്‍ മാറിനില്‍ക്കണമെന്ന് സുധീരന്‍ നിലപാടെടുത്തതിനെ തുടര്‍ന്നാണ് തര്‍ക്കം സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ രൂക്ഷമായത്. സുധീരന്റെ തീരുമാനത്തിനെതിരെ കടുത്ത നിലപാടാണ് ഉമ്മന്‍ ചാണ്ടിയും സ്വീകരിച്ചത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest