Connect with us

National

മഹാ സഖ്യത്തിന്റെ പാതയില്‍ ജന ക്ഷേമ സഖ്യവും

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ മുന്നേറ്റം നടത്തുമെന്ന് അവകാശവാദം ഉന്നയിക്കപ്പെടുന്ന മൂന്നാം മുന്നണിയെ കൂടുതല്‍ വിശാലമാക്കാന്‍ എം ഡി എം കെ സ്ഥാപകനും ജന ക്ഷേമ സഖ്യ നേതാവുമായ വൈകോയുടെ പരക്കംപാച്ചില്‍. ചെറിയ പാര്‍ട്ടികളെ ക്ഷണിച്ച് സഖ്യം ശക്തിപ്പെടുത്താനാണ് വൈകോയുടെ ശ്രമം. ബീഹാര്‍ രാഷ്ട്രീയത്തില്‍ വിജയം വരിച്ച മഹാസഖ്യത്തെ അനുകരിച്ചാണ് ജനക്ഷേമ സഖ്യത്തിന്റേയും മുന്നേറ്റം.
തമിഴ് മാനില കോണ്‍ഗ്രസ് നേതാവ് ജി കെ വാസനെ സഖ്യത്തിലേക്ക് ക്ഷണിച്ചതിന് പിന്നാലെ ആം ആദ്മി നേതൃത്വവുമായും വൈകോ ചര്‍ച്ച നടത്തി. ആം ആദ്മി നേതാക്കളെയും പ്രവര്‍ത്തകരെയും സ്വാധീനിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ പുകഴ്ത്തി കൊണ്ട് വൈകോ സംസാരിച്ചു. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ അത്ഭുതമാണ് ആം ആദ്മിയുടെ ഡല്‍ഹി വിജയമെന്നും അഴിമതി തുടച്ച് നീക്കിയ കെജ്‌രിവാള്‍ വിമോചക നായകനാണെന്നും അദ്ദേഹം പറഞ്ഞു.
ഡി എം ഡി കെയുടെ വിജയകാന്തുമായി സഖ്യത്തിലേര്‍പ്പെട്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന ജനക്ഷേമ മുന്നണിയിലേക്ക് മാനില കോണ്‍ഗ്രസും ആം ആദ്മിയും കൂടിയെത്തുന്നതോടെ പ്രധാന പാര്‍ട്ടികള്‍ക്ക് ഭീഷണിയായി സഖ്യം മാറുമെന്നാണ് കണക്കു കൂട്ടല്‍.
വിജയകാന്തിന്റെ ഡി എം ഡി കെയും വി സി കെ, സി പി എം, സി പി ഐ പാര്‍ട്ടികളും ചേരുന്നതോടെ ജയലളിതക്കും കരുണാനിധിക്കും ഭീഷണിയാകുമെന്ന് പ്രചാരണം ശക്തമായിക്കൊണ്ടിരിക്കെയാണ് മുന്നണിയിലേക്ക് ജി കെ വാസനെ കൂടി അനുനയിപ്പിക്കാന്‍ ശ്രമം നടക്കുന്നത്.
നേരത്തെ തങ്ങള്‍ ജി കെ വാസനെ ക്ഷണിച്ചിട്ടുണ്ടെന്നും തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി രാമകൃഷ്ണന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് മോശമല്ലാത്ത ജനസ്വാധീനമുള്ള വാസന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചാണ് പിതാവ് ജി കെ മൂപ്പനാറിന്റെ തമിഴ് മാനില കോണ്‍ഗ്രസിലെത്തി പാര്‍ട്ടിക്ക് പുനര്‍ജീവന്‍ നല്‍കിയത്.

Latest